Friday, November 16, 2012

നിന്നെയോർത്ത് മരിച്ചു പോയൊരു ദിവസം മദൻ മോഹന്റെ പാട്ട് കേൾക്കുന്നു

എന്നിലേക്കിനി തിരിച്ചു വരാനാവില്ലെന്ന് നിന്നിലേക്കെന്നൊ ഇറങ്ങി നടന്നതാണ്.മൃദുവായി വീശി പോകുന്ന കാറ്റു പോലെ നമുക്കിടയിലൂടെ വർഷങ്ങൾ.നിന്റെ അഭാവങ്ങളിൽ നിനക്ക് മാത്രം സൃഷ്ടിക്കാനാവുന്ന അഭാവങ്ങളിൽ ചെന്നിരിക്കുമ്പോൾ ചില പാട്ടുകൾ മാത്രം മുറിവുകളുടെ ആഴങ്ങളെ തേടുന്നു.ആ ആഴങ്ങളിലിരുന്ന് ജീവിച്ചിരിക്കാൻ അത്രയേറെ പേടിപ്പെടുന്നതു പോലെ ഒരു കുഞ്ഞു വാക്കു കൊണ്ട് നിന്നെ തൊടുന്നു.ഞരമ്പിലൂടൊഴുകുന്ന ഉന്മാദങ്ങൾക്ക് അപ്പോൾ ഒർമകളുടേയും സ്വപ്നങ്ങളുടേയും നിറമാണ്.പാട്ടുകളുടെ ആ പുരാതനമായ മുറിയിൽ ഞാൻ തനിച്ചാണ്.ഇപ്പോൾ സിതാറുകൾക്കും എനിക്കുമിടയിലെ ദൂരം ജീവിതത്തിനും മരണത്തിനും ഇടയിലാണ്.എനിക്കും നിനക്കും മുൻപേ നമുക്കിടയിൽ ആ പാട്ടുകൾ ഉണ്ടായിരുന്നിരിക്കണം.എനിക്കും നിനക്കും മുൻപേ പാട്ടുകൾ മാത്രമായിരിക്കണം.പാട്ടുകൾ അതെ പാട്ടുകൾ.francois truffaut ന്റെ കഥാപാത്രം mathilde (women in the next door) വിഷാദ രോഗത്തിനടിപ്പെട്ട് കിടക്കുമ്പോൾ പറയും പോലെ (only songs are telling the truths) പാട്ടുകൾ മാത്രമെ സത്യം പറയുന്നുള്ളുവെന്നായിരിക്കണം.അല്ലെങ്കിൽ നിന്നെയോർക്കുമ്പോൾ മറ്റേതൊ ജന്മങ്ങളിലെക്ക് വേരൂന്നി നിന്ന് എന്നെ ചുറ്റി പടരുന്ന വിഷാദത്തിന്റെ വള്ളി പടർപ്പുകളിൽ അയാൾ കണ്ണീരു കൊണ്ട് മഴ പെയ്യിക്കുന്നതെന്തിനാണ്….നേനാ ബർസെ രിംജിംരിംജിം….എന്ന് കേൾക്കമ്പോൾ ഈണങ്ങളുടെ ഇടവഴികളിലൂടെ നടന്ന് ഞാനിപ്പോഴും നിന്നിലെത്തുന്നുണ്ട്.കദ്മോം മെ തേരെ യെ സനം ഹമ്നെ തൊ സർ ചുകാ ദിയാ തുജ്കോ ഹുദാ ബനാലിയാ….എന്ന് പ്രണയത്തിന്റെ ഈണങ്ങൾ കൊണ്ട് നിന്നെ ദൈവമാക്കുന്നുണ്ട്.സോളോയുടെ ഏകാന്തതകളെ അത്രയേറെ പ്രണയിച്ചിരുന്ന മദൻ മോഹന് എന്റെ ചിത്രശലഭങ്ങളുടെ നിശബ്ദതയെ തൊടാതെ പോകാൻ കഴുയുമായിരുന്നില്ല.ജീവിതത്തിന്റെ വേദനകളേയും മരണത്തേയും പ്രണയത്തിന്റെ ഏകാന്തമായ ഈണങ്ങൾ കൊണ്ട് മാത്രമെ അയാൾക്ക് തൊടാൻ കഴിയുമായിരുന്നുള്ളൂ.സ്വന്തം തന്ത്രികളെ മരണത്തോളം മുറിക്കിയിരുന്നതു കൊണ്ടാവണം തൊടുമ്പോൾ സംഗീതത്തിൽ അയാൾക്ക് മാത്രം സൃഷ്ടിക്കാനാവുന്ന ആകാശങ്ങളും ആഴങ്ങളുമുണ്ടാവുന്നത്.
                      ഒരുപാട് ഓർമകൾ ചെന്നിരിന്നിട്ടുള്ള പുഴയിലെ സായന്തനങ്ങൾക്ക് ഇപ്പോഴും അഹിർഭൈരവിന്റെ വിഷാദമാണ്.കാണുമ്പോൾ മേരാ വീണാ തും ഭിൻ രോയെ എന്ന് ഞാനിന്നും കണ്ണുനിറയ്ക്കുന്നത് അതു കൊണ്ടാണ്.അതുകണ്ട് മറ്റേതൊ ജന്മത്തിന്റെ നനവുകാലങ്ങളിലിരുന്ന് നീയും നീറ്റുന്ന ഓർമകളിൽ തനിയെ ആവുന്നുണ്ടൊ? തു ജഹാ ജഹാ ചലേഗാ മേരാ സായാ സാത് ഹോഗാ എന്ന് നന്ദ് രാഗത്തിൽ എന്നിലേക്ക് കൈകൾ നീട്ടുന്നുണ്ടൊ? അതെ നമ്മളിലേക്ക് മറ്റേതൊ ലോകത്തു നിന്ന് പ്രണയത്തിന്റെ തീ കടത്തി കൊണ്ട് വന്ന പ്രോമിത്യൂസ് അയാൾ തന്നെയാണ്.ദൈവത്തിന്റെ ശബ്ദം ഒളിച്ചിരുന്ന് കേട്ട് ആ ശബ്ദത്തിൽ ലതയെ കൊണ്ട് പ്രണയത്തേയും വിരഹത്തേയും കുറിച്ച് പാടിപ്പിച്ചത് അയാളാണ്.അല്ലെങ്കിൽ ലതയുടെ അലൗകികമായ സ്വരത്തെ തൊടാൻ ആ ഈണങ്ങൾക്കേ കഴിയുമായിരുന്നുള്ളൂ.
                                അയാൾ നട്ട തീ വളർന്ന് തഴച്ച് അതിൽ നിറയെ ചുവന്ന പൂക്കൾ വിരിഞ്ഞിരിക്കുന്നു.എന്റെ മുറി നിറയെ അതിന്റെ വസന്തങ്ങളാണ്.അതിന്റെ കടുത്ത സുഗന്ധങ്ങളിലിരുന്ന് തേരെ ആംഖോം കി സിവാ ദുനിയാ മെ രഖാ ക്യാ ഹെ എന്ന് ജിംഞ്ചോട്ടിയിൽ നിന്റെ കണ്ണൂകളെ ഓർക്കുന്നു.ആ കണ്ണുകൾ തുറക്കുമ്പോൾ എന്റെ പുലരികൾ തെളിയുകയും അത് അടയുമ്പോൾ എന്റെ സായന്തനങ്ങൾ വിഷാദത്തിലാവുകയും ചെയ്യുന്നു (യെ ഉഠെ സുബഹ ജലെ യെ ചുകെ ശാം ഠലെ) റഫിയുടെ സ്വരത്തിൽ നിറയെ വീഞ്ഞു നിറച്ച പാത്രങ്ങളാണ് അത് കുടിച്ചിരിക്കുമ്പോൾ വീണ്ടും ജിംഞ്ചോട്ടിയിൽ ഹം പ്യാര് മെ ജൽനെ വാലോം കൊ ചേൻ കഹാ ആരാം കഹാ എന്ന് കേൾക്കുന്നു.ഒരു നിശബ്ദതയിലേക്ക് നമ്മൾ ഒരുമിച്ച് മരിച്ചു പോവുന്നു.പാട്ടിന്റെ ഉന്മാദങ്ങളിൽ നമുക്ക് വീണ്ടും ഈയലുകളായ് പുനർജനിക്കാതെ വയ്യാ.സ്മൃതിയുടെ പെയ്ത്തുകളിൽ രാവിന്റെ ഏകാന്തതയിലിരുന്ന് നീയെന്നെ വിളിക്കും.ഉറപ്പ്……..ലഗ് ജാ ഗലെ കി ഫിർ യെ ഹസീ രാത് ഹൊ ന ഹൊ ഷായദ് ഇസ് ജനം പെ മുലാകാത് ഹൊ ന ഹൊ……….ഹം കൊ മിലിഹെ ആജ് യെ ഗഡിയാ നസീബ് സെ……നാട്ടിൽ വന്നു പോകുമ്പോഴൊക്കെ മറ്റൊരു ജന്മത്തിൽ നിന്ന് ഇറങ്ങി നടന്നവനെ പോലെ എന്നെ പിന്നിലേക്ക് പിടിച്ചു വലിച്ചിരുന്ന നിന്റെ ഓർമ ആ പാട്ടിന്റെയാണ്.അതെ ഏതോക്കയെ നിയോഗങ്ങളാൽ രണ്ട് ഏകാന്തതകൾ പരസ്പരം കൂട്ടി മുട്ടുന്നു.പിരിയുന്നു.ദോ ദിൽ ഠൂട്ടെ ദൊ ദിൽ ഹാരെ എന്ന് മിശ്രമാണ്ടിൽ പരസ്പരം മുറിയുന്നു.നമ്മൾ ഒന്നാകുമെന്ന് നുണ പറഞ്ഞതാരാണ്?നമുക്കിടയിലൂടെ കാലത്തിന്റെ നദി നമ്മുടേതല്ലാത്ത ദിശകളിലേക്ക് ഒഴുകി കൊണ്ടിരിക്കുന്നു.അതിനു മുകളിലൂടെ പാട്ടിന്റെ പക്ഷികൾ പറന്നു പോവുന്നു.അവയുടെ തൂവലുകളുടെ നിറം വീണു ചിതറുന്നത് ജന്മത്തിന്റെ ഏത് താഴ്വരയിലാണ്…..?
                    നിന്നെ കാണാനാവാതെ, നിന്നെ കാണാനാവാതെ മുറിഞ്ഞ് മുറിഞ്ഞ് തളർന്നുറങ്ങുന്ന ഹൃദയത്തിന്റെ പേടികളിലെപ്പോഴോ വിഷാദ രോഗത്തിന്റെ വിറയ്ക്കുന്ന കൈവിരലുകൾ കൊണ്ട് ഞാൻ വെച്ചു കേൾക്കാറുണ്ട് യമൻ രാഗത്തിലെ ഭൂലി ഹുയി യാദെ മുജെ ഇതനാ ന സതാവൊ എന്ന പാട്ട്.അപ്പോൾ നിന്റെ അഭാവത്തിന്റെ പുലരികളിൽ ഞാൻ ഒരു കുഞ്ഞാവുന്നു.തിരിച്ച് കിട്ടാത്ത സ്നേഹത്തിൽ അനാഥനാവുന്നു.നീയില്ലല്ലൊ എന്ന് ഇടയ്ക്കിടെ വല്ലാതെ വല്ലാതെ പേടിച്ചു പോവുന്നു.ചിലപ്പോൾ സ്വപ്നങ്ങളിൽ ഭിമ്പ്ലാസിൽ നിന്നെ കേൾക്കുന്നു.. പ്രേമ് ദിവാനി ഹൂം മെ സപ്നോം കി റാണി ഹൂം മെ പിചലെ ജനം സെ തേരി പ്രേം കഹാനി ഹൂം മെ ആ ഇസ് ജനമെം ഭി തും അപ്നാ ബനാലെ……..നേനോം മെ ബദ്രാ ഛായെ…..ജീവിതത്തിൽ അത്രയേറെ നുണകളെ സ്നേഹിക്കാൻ തോന്നുന്നു.അതിന്റെ കടുത്ത നിറങ്ങളിൽ ജീവിച്ച് മരിച്ചു പോകാൻ തോന്നുന്നു.എവിടെയോക്കയൊ സത്യത്തിന്റെയും മിഥ്യയുടേയും ലോകങ്ങൾ മാറി മറയുന്നു.
                     ബാംഗ്ലൂരിൽ മുന്തിരി തോട്ടങ്ങളുടേയും സൂര്യകാന്തികളുടേയും ഒരു ഉച്ചയിൽ വെച്ച് ഒരു ഞായറാഴ്ചയിൽ ആ പഴയ റേഡിയോവിന്റെ ആന്റിനയെ തിരിച്ചും മറിച്ചും വെച്ച് ജീവിതത്തിന്റെ ഈണങ്ങളെ പിടിച്ചെടുക്കുന്നതിനിടയ്ക്കാണ് (ആ മുറിയിൽ ജീവന്റെ അനക്കങ്ങൾ ഉണ്ടാകുന്നത് അങ്ങനെയായിരുന്നു) എനിക്ക് ആ പാട്ട് കിട്ടിയത്.ഒറ്റ കേൾവിയിൽ തന്നെ ഞാൻ നഷ്ടപ്പെട്ട് പോയിരുന്നു.എന്നിൽ എന്തൊക്കയൊ സംഭവിച്ചു കൊണ്ടിരുന്നു.ഇനിയുമത് കേൾക്കണമെന്ന് മുന്തിരി തോട്ടങ്ങളുടേയും സൂര്യകാന്തികളുടേയും ഉച്ച.ഏതൊ ഒരുന്മാദത്തിൽ ഇറങ്ങി നടന്നു.ഇലക്ട്രോണിക് സിറ്റിയിലേക്ക് വണ്ടി കയറി.അവിടുത്തെ കഫെയിൽ കയറി മൂന്ന് നാല് തവണ കേട്ടു.രണ്ട് രൂപയ്ക്ക് ചായ കുടിക്കണൊ വേണ്ടയൊ എന്ന് ആലോചിച്ച് നിൽക്കാറുള്ള ആ കാലത്ത് 25 രൂപ എണ്ണി കൊടുത്തു.ഇറങ്ങുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു.ഉറപ്പാണ് ഭൂമിയിൽ അപ്പോൾ ഞാൻ ഇല്ലായിരുന്നു.തിരികെ വന്ന് ശിവപ്രിയാ പാർക്കിലെ മരങ്ങളുടെ തണലിൽ ഒറ്റയ്ക്ക് ചെന്നിരുന്നു.ബയ്യാൻ ന ധരൊ എന്ന് ആ പാട്ടു കേൾക്കുമ്പോൾ ഇപ്പോഴും അതിന്റെ ലോകത്തു നിന്നും ഇറങ്ങി പോരാൻ ദിവസങ്ങൾ എടുക്കാറുണ്ട്.ചാരുകേശിയിലാണെന്ന് പിന്നീടാണ് അറിഞ്ഞത്.
                  അന്നൊക്കെ ഉറക്കമുണർന്ന് എണീക്കുക ചിലപ്പോൾ സ്നേഹത്തിന്റെ മിസ് കോളുകൾ കേട്ടാണ്.എണീറ്റ് ചായയുണ്ടാക്കി അതും കുടിച്ച് മഞ്ഞിലേക്ക് നോക്കിയിരിക്കുമ്പോൾ പിന്നിൽ കേൾക്കുന്നുണ്ടാകും യമൻ കല്യാണിൽ ജിയാ ലേ ഗയൊ ജി മൊരാ സാവരിയാ എന്ന്.നീയവിടെ വെക്കാനുള്ള തിരക്കിലാവും.ചോറ് പാത്രത്തിലാക്കി ജോലിക്ക് ഇറങ്ങാൻ നേരത്ത് വീണ്ടും മദൻ മോഹനെ കേൾക്കും.നിന്നെ ഓർക്കും.വൈകിയാൽ MD പറയാറുള്ള തെറികളെ മറക്കും മേം തോ തും സംഗ് നേനാ മിലാകെ ഹാർ ഗയി സജ്നാ…….എന്ന് മാത്രമായിരിക്കും കാതിൽ.പാട്ടിൽ കയറിയിരുന്ന് നിന്നെ കാണാൻ വരും.നിന്റെ നോട്ടങ്ങളിൽ വീണ്ടും വീണ്ടും തോൽക്കും.നീ ഉറങ്ങാൻ പോകുമ്പോൾ എന്റെ രാത്രികൾ നിന്നോട് ചോദിക്കും തുജെ ക്യാ സുനാവും മെ ദിൽരുപാ തെരാ സാമനെ മെരാ ഹാല് ഹെ…….ഉറങ്ങാത്ത രാത്രികളിൽ നിന്ന് നിന്നെ ഉണർത്താതെ ബാല്യത്തിലേക്ക് ഇറങ്ങി നടക്കും.ദൂരദർശനിലെ രംഗോലിക്ക് മുന്നിൽ മിഴിച്ചിരിക്കും.ആശയുടെ ശബ്ദത്തിൽ ബരേലിയുടെ അങ്ങാടികളിൽ നിന്റെ ജുംകകൾ (കർണാഭരണങ്ങൾ) വീണു പോകും……ജുംകാ ഗിരാ രെ ബരേലി കി ബസാർ മെ ജുംകാ ഗിരാ രെ………..അടുത്ത് കുഞ്ഞോളിരിക്കുന്നുണ്ടാവും അവളുടെ ഓർമകളിലും അത് നിറം പിടിച്ച് കിടക്കുന്നുണ്ട് ഇപ്പോഴും.പിന്നീട് ഹൈവ എന്ന കമ്പിനിയിൽ ജോലി ചെയ്യുമ്പോഴാണ് ഒരിക്കൽ ഈ പാട്ട് മൂളിയപ്പോൾ അവിടുത്തെ കാന്റീനിൽ ചായ തന്നിരുന്ന ഉത്തരപ്രദേശുകാരൻ രാംജി ഫിർ എന്ന് നീട്ടി ചോദിച്ചത്. ഫിർ ജുംകാ ഗിരാ രെ ബരേലി കി ബസാർ മെ എന്ന് തിരിച്ച് പാടുമ്പോൾ അയാളെ ഹൃദയത്തിലേക്ക് എടുത്തു വെച്ചു.ഭാര്യയേയും മക്കളേയും കാണാൻ പറ്റാത്ത വിഷമങ്ങളും മറ്റുമായ് അയാൾ ഉള്ള് തുറന്നത് അന്നാണ്.
                   ഗുഡറ്റി ഗേറ്റിലേയും നെരലൂരിലേയും മഞ്ഞും മൗനങ്ങളും നിറഞ്ഞ ജനവാസമില്ലാത്ത തോട്ടങ്ങളുടേയും പറമ്പുകളുടേയും ഇടയിലെ ഒറ്റപ്പെട്ട വഴിയിലൂടെ നടക്കുമ്പോൾ (അങ്ങനെ നടക്കുക പാപ്പന്റെയും എന്റെയും ശീലമായിരുന്നു.ചിലപ്പോൾ ഞാൻ ഒറ്റയ്ക്ക്) എന്റെ ഏകാന്തത അറിയാതെ വീണ്ടും ഒരു പാട്ടു മൂളുന്നു…ആപ്കി നസരോം നെ സംജാ പ്യാർ കി കാബിൽ മുജെ ദിൽ കി യെ ദഠ്കൻ ഠഹർ ജാ മിൽ ഗയി സാഹിൽ മുജെ……(അഠാണ) മറ്റേതോ കാലത്തിലേക്ക് ഞാൻ നടന്നു നടന്നു പോവുന്നു.പിന്നിൽ നിഴലുകൾ ഇരുട്ടിലേക്ക് ലയിക്കുന്നത് ഞാനറിയുന്നുണ്ടാവില്ല.പെട്ടന്ന് ഭൂമിയിൽ ഞാൻ മാത്രം തനിച്ചാവുന്നു.പാട്ടുകൾ മാത്രം കൂട്ടാവുന്നു.അതെ ഇത് ജീവിതത്തിലും പ്രണയത്തിലും തനിച്ചായവന്റെ പാട്ടുകളാണ്.സ്നേഹത്തിന്റെ ഏകാന്തമായ ഉയരങ്ങളെ തൊടാൻ കൊതിച്ചവന്റെ ഓർമ കുറിപ്പുകളാണ്.പാട്ടു കേട്ടില്ലെങ്കിൽ മരിച്ചു പോകുമെന്ന പേടികളാണ്.മേരാ പൈഗാം മുഹബത് കി സിവ കുച് ബി നഹി സിന്ദഗി പ്യാര് കി രാഹത് കി സിവാ കുച് ബി നഹി…….എന്ന് എന്റെ പ്രണയത്തിന് നിന്റെ പാട്ടിന്റെ ശ്രുതി ചേരാതെ വയ്യാ അതു കൊണ്ട് ഇത് പ്രണയത്തിന്റെ പാട്ടോർമകളാണ്…..
                                എന്നെ എന്നും അത്ഭുതപ്പെടുത്തിയിരുന്നത് സോളോയിലൂടെ ക്ലാസിക്കലിന്റെ ഉയരങ്ങളെ തൊടുമ്പോഴും മദൻ മോഹന് ക്ലാസിക്കലിന്റെ അടിസ്ഥാനം ഉണ്ടായിരുന്നില്ല എന്നതാണ്.മൃദുലമായ മാനസികാവസ്ഥ മൂലം സൈനിക സേവനത്തിൽ തുടരാനാവാതെ അതിൽ നിന്നും സംഗീതത്തിലേക്ക് വന്ന അദ്ദേഹം ബഡെ ഗുലാം അലി ഖാനെ പോലെയുള്ളവരുടെ ക്ലാസിക്കലിന്റെ ആസ്വാദനത്തിലൂടെ സ്വരൂപിച്ചെടുത്തതാകണം അത്തരം ഉയരങ്ങൾ.ബഡെ ഗുലാം അലിഖാൻ തന്നെ ഒരിക്കൽ ഭൈരവിയിലുള്ള കദർ ജാനെ ന മോരാ ബാലം എന്ന പാട്ട് കേട്ടപ്പോൾ പറഞ്ഞത് മൂന്ന് മണിക്കൂറിലുള്ള ആലാപനം കൊണ്ട് അദ്ദേഹം ചെയ്യുന്നത് മൂന്നു മിനിട്ട് കൊണ്ട് മദൻ മോഹൻ സാധിച്ചു എന്നാണ്.ബീഗം അക്തറും ഈ പാട്ടിന്റെ വലിയ ആരാധികയായിരുന്നു.യൂം ഹസരത്തോം കാ ദാഗ്,ജാനാ ദാ ഹം സെ ദൂർ, ഉൻകൊ യെ ഷികായത് ഹെ എന്നീ പാട്ടുകൾക്ക് വേണ്ടി സ്വന്തം സംഗീതം മുഴുവനും പകരം കൊടുക്കാമെന്ന് ഒരിക്കൽ സംഗീത സംവിധായകൻ നൗഷാദ് പറഞ്ഞത് ആ സംഗീത ലോകത്തിന്റെ അനശ്വരതയെ അടയാളപ്പെടുത്തുന്നതായിരുന്നു.എന്നിട്ടും ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രതിഭ അംഗീകരിക്കപ്പെട്ടില്ല.ദസ്തക് എന്ന സിനിമയ്ക്ക് ചെയ്ത സംഗീതത്തിന് ഒരു ദേശീയ അവാർഡ് മാത്രം അദ്ദേഹത്തെ തേടി വന്നു.മദ്യത്തിന് വളരെയധികം അടിമപ്പെട്ടിരുന്ന അദ്ദേഹം അബോധാവസ്ഥയിൽ ചെയ്തതാണ് രാഗേശ്രിയിലുള്ള കോൻ ആയ മേരെ മൻ കി ദ്വാരെ എന്ന പാട്ട്.ഇത് ബാബുക്കയെ ഓർമിപ്പിക്കാറുണ്ട് എന്നെ.മലയാളത്തിലുള്ളഎക്കാലത്തേയും ഭാവഗാനമായ സൂര്യകാന്തി (ബാഗേശ്രി) ചെയ്യുമ്പോൾ ബാബുക്കയും മുഴുവുനായും മദ്യത്തിലാണെന്ന് കേട്ടിട്ടുണ്ട്.
            സ്നേഹമെ നിന്റെ അഭാവങ്ങൾ പോലും നീയാണ് നീ മാത്രമാണ്.നീ തന്ന മുറിവുകൾ എനിക്കിനിയും മീട്ടേണ്ട ഈണങ്ങളാണ്.എന്റെ ജനാലയക്കൽ ദൈവം നിശബ്ദനാണ്.കാത്തിരിപ്പുകൾ മങ്ങിയ വെളിച്ചം പരത്തുന്ന പാട്ടുകളുടെ പുരാതനമായ ഈ മുറിയിൽ ഞാൻ തനിച്ചാണ്.അയാൾ ഇന്ന് വരാമെന്ന് പറഞ്ഞിട്ടുണ്ട്.വേദനകൾ ജന്മങ്ങളിലേക്ക് തുളഞ്ഞിറങ്ങുന്ന സ്വരത്തിൽ എനിക്ക് വേണ്ടി അയാൾ ഇന്ന് പാടും……മായിരി മെം കാസെ കഹൂം പീഢ് അപ്നി ജിയാ കി……….മായിരി…….അത് കേൾക്കാൻ എന്റെ ജനാലയ്ക്കൽ ദൈവം ഇന്ന് നിശബ്ദനായിരിക്കും………….