Sunday, August 14, 2011

പുതിയൊരു ബ്ലോഗ് തുടങ്ങുന്നു.ഈ ബ്ലോഗിലെ ചില കവിതകൾ അങ്ങോട്ട് മാറ്റിയിട്ടുണ്ട്.വെറുതെ ഒരു മാറ്റം ആവശ്യമായി തോന്നി.ലിങ്ക് ഇവിടെ.ഉറങ്ങുന്ന മരങ്ങൾ

Thursday, January 6, 2011

കുരിശിനെ ഗിറ്റാറാക്കാമെന്ന്‌.........

എന്റെ ജനലിലൂടെ ഇന്നലെ രാത്രിയും കണ്ടിരുന്നു
തിരക്കുകളും ഓർമകളും അവസാനിച്ച
ഈ തെരുവിലൂടെ അയാൾ നടന്നു പോകുന്നത്‌
നീട്ടി വളർത്തിയ മുടി
ജീൻസും മുഷിഞ്ഞ ഷർട്ടും
മെലിഞ്ഞ അതേ രൂപം
പീഢനമേറ്റു വാങ്ങിയവനു മാത്രം
അവകാശപ്പെട്ട ഉണർന്ന കണ്ണുകൾ
അദ്ഭുതങ്ങളൊന്നും കാട്ടിയില്ല
ഒരാൾക്കൂട്ടവും അയാൾക്ക്‌ പിറകെ വന്നില്ല
ഗിറ്റാറുണ്ടായിരുന്നെങ്കിൽ തന്നെ ചൂഴുന്ന
ഏകാന്തതയിലിരുന്ന്‌
സ്വന്തം കാമുകിയെ കുറിച്ച്‌ അയാൾ പാടുമായിരുന്നു
അവളുടെ മുലകളെ കുറിച്ചും
ആപ്പിളുകളെ കുറിച്ചും
സ്നേഹത്തെ കുറിച്ചും
സ്വയം മറന്ന്‌ അയാൾ പാടുമായിരുന്നു
നമ്മൾ കരുതും പോലെയല്ല
കുരിശിനെ ഗിറ്റാറാക്കാമെന്ന്‌
അവളിൽ നിന്ന്‌ അയാൾ എന്നേ
പഠിച്ചു കഴിഞ്ഞിരിക്കുന്നു