ചരിത്രക്ലാസ്സുകളില്‍ വാസ്കോടിഗാമ
കപ്പലിറങ്ങുന്നതിനും മുന്‍പേ
കൊളംബസ് അമേരിക്ക കണ്ടുപിടിക്കുന്നതിനും മുന്‍പേ
ബാല്യത്തിന്റെ തുറമുഖത്തു നിന്നും
കടലാസു കപ്പലുകളില്‍ വിദൂര ദേശങ്ങള്‍
തേടിപ്പോയിരുന്നു ചിലര്‍
കര്‍ക്കിടക പെയ്ത്തുകളുടെ കലക്കങ്ങളിലൂടെ
അവ താണ്ടിയ ദൂരങ്ങളില്‍ നിന്നായിരിക്കണം
ജീവിതത്തിന്റെ ആദ്യ പരിണാമ ബോധങ്ങള്‍
ഉരിത്തിരിഞ്ഞത്
നിന്റെ രാജ്യത്തിന്റെയെന്നൊ
എന്റെ രാജ്യത്തിന്റെയെന്നൊ
കൊടിയടയാളങ്ങളില്ലാതെ
ഒരൊറ്റ മഴ നനഞ്ഞ്, ഒരൊറ്റ സ്വപ്നങ്ങള്‍ കണ്ട്
ഒരേ പാതയിലൂടെ അവര്‍ യാത്ര പോയ്
പൂത്താങ്കീരികളുടെ വീടുകളില്‍ നമ്മളവയെ
കാത്തിരിന്നു
അവ തിരികെ വന്നില്ല
അതില്‍ പിന്നെയാണ് കറുത്ത കുടക്കീഴില്
ഒരൊറ്റ മഴയും നനയാതെ
നമ്മള് സ്കൂളിലേക്ക് പോകാന്‍ തുടങ്ങിയത്
ഒന്നും ഒന്നും ഒന്നാവില്ലെന്ന്
രണ്ട് തന്നെയാവണമെന്ന് പഠിച്ചത്
ആകാശത്തിനും ആഴിക്കു പോലും അതിര്ത്തികളുണ്ടെന്ന്
അധിനിവേശങ്ങളെ അറിഞ്ഞത്
എനിക്കും നിനക്കുമിടയിലെ ദൂരങ്ങളെ
അളന്നു തിട്ടപ്പെടുത്താന്‍ തുടങ്ങിയത്
ഇപ്പോള്‍ നമ്മുടെ സ്വപ്നങ്ങള്‍ക്ക്
നിന്റേതെന്നും എന്റേതെന്നും കൊടിയടയാളങ്ങളുണ്ട്
തിരിച്ചെത്താത്ത യാത്രകള്‍ക്ക് വേണ്ടിയുള്ള
കാത്തിരിപ്പുകളല്ല ജീവിതമെന്ന്
വേഗങ്ങളുടെ വാള്‍തലപ്പില്‍ നിന്നും
നമ്മള് വായിച്ചെടുത്തിരിക്കുന്നു
എന്നില്‍ നിന്നും നിന്നിലേക്കൊ
നിന്നില്‍ നിന്നും എന്നിലേക്കൊ
ചൂണ്ടി പിടിച്ച ഒരൊറ്റ കുഴലുള്ള തോക്കാണ് ചരിത്രമെന്നത്
സഞ്ചാരികളുടെ മൌനങ്ങളില് നിന്ന്
നമ്മളനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു
4 comments:
നല്ല രചന
പില്ക്കലത്തിലെക്കുള്ള തിരിഞ്ഞു നോട്ടം പോലെ
സ്വപ്നങ്ങളുടെ കൊടിയടയാളങ്ങളെക്കുറിച്ച്,
നീ വല്ലാതെ വ്യഥാകലുഷിതമായി കോറിയിട്ടിരിക്കുന്നു.....
നന്ദിയെടാ... നല്ല വരികള്‍ക്ക്...
ബാല്യത്തിന്റെ തുറമുഖത്തു നിന്നും
കടലാസു കപ്പലുകളില്‍ വിദൂര ദേശങ്ങള്‍
തേടിപ്പോയിരുന്നു ചിലര്‍
കര്‍ക്കിടക പെയ്ത്തുകളുടെ കലക്കങ്ങളിലൂടെ
അവ താണ്ടിയ ദൂരങ്ങളില്‍ നിന്നായിരിക്കണം
ജീവിതത്തിന്റെ ആദ്യ പരിണാമ ബോധങ്ങള്‍
ഉരിത്തിരിഞ്ഞത്.
വരികളൊക്കെ ഒത്തിരി സംസാരിക്കുന്നു സുഹൃത്തേ.
ഇഷ്ടമായി.
നന്നായിട്ടുണ്ട്..
Post a Comment