Wednesday, December 29, 2010

ഒരു കാറ്റു പോലും വീശാതെ

ഒരു പൂവ്‌ കൊഴിയുന്നു.
ഒരു നക്ഷത്രം കൂടി അപ്രത്യക്ഷമാവുന്നു.
കണ്ടു കൊണ്ടിരിക്കെ അപ്രത്യക്ഷമാകുന്ന
ചിലതു മാത്രം
അദ്ഭുതങ്ങളാകുന്ന ലോകത്ത്‌
പതുക്കെ നമ്മളറിയാതെ അപ്രത്യക്ഷമാകുന്ന
ചിലതിന്റെ അസാന്നിദ്ധ്യങ്ങൾ
നമ്മിൽ, നമുക്ക്‌ ചുറ്റിലും.
ഇരിപ്പിനും പറക്കലിനുമിടയിൽ
അപ്രത്യക്ഷമാവുന്ന ചില നിമിഷങ്ങൾ
നിലനിൽപ്പിന്റെ ആഴങ്ങളെ കുറിച്ച്‌
ചോദ്യങ്ങളാവുന്നതു പോലെ.
ചിലത്‌ ഉണ്ടായിരുന്നു എന്ന്‌ മാത്രം
അവ പറഞ്ഞൊഴിയുന്നു.
ശൂന്യമായ കസേര, ഒഴിഞ്ഞ പാത്രങ്ങൾ,
ആളില്ല സ്റ്റോപ്പുകൾ എന്നിങ്ങനെ സൂചനകളിലൂടെ
എന്തും എപ്പോഴുമെന്ന്‌ ഇപ്പോൾ
അസാന്നിദ്ധ്യങ്ങളുടെ നിശബ്ദത.
എല്ലാം....എല്ലാം....ഞാൻ പോലുമെന്ന്‌
അഭാവത്തിന്റെ കാടുകളിൽ
ദൈവത്തിന്റെ മിഴികൾ
ഇലകളായ്‌ പൊഴിയുന്നുണ്ട്‌
ഒരു കാറ്റു പോലും വീശാതെ..........

Saturday, December 25, 2010

വീണ്ടും

വീണ്ടും മഞ്ഞകൾ പൂക്കുന്നു
നിശബ്ദതെ വന്നു തൊടല്ലെ
വെയിലെഴുതിയ കവിതകൾ വായിക്കാതെ
കാതു കൂർപ്പിക്കുന്ന നിമിഷങ്ങളിലേക്ക്‌
പറന്നിറങ്ങുന്നുണ്ട്‌ ചിത്രശലഭങ്ങൾ
ചുരം കയറുമ്പോൾ
ആഴത്തിൽ വേരുകളുള്ള ജലം
വന്നു തൊടുന്നു
തണുപ്പാണ്‌ തണുപ്പാണ്‌ എന്ന്‌ മരങ്ങളുടെ
ഓർമകൾ പൊഴിഞ്ഞു വീഴുന്നു
നോക്കുമ്പോൾ
കുന്നിൻ ചെരുവിൽ ഏകാന്തത മഞ്ഞും പുകച്ചിരിപ്പാണ്‌
നേർത്ത കാലൊച്ചകളുടെ ഒരു പാട്ട്‌
മൂളിയിരിപ്പുണ്ട്‌ വഴികൾ
പകലിന്റെ കുഞ്ഞു മുഖത്തേക്ക്‌
അപ്പൂപ്പൻ താടികൾ പോലെ
ഉമ്മകൾ പറത്തി വിടുന്നുണ്ടാരൊ
മറന്നില്ലല്ലൊ എന്ന്‌
മഴ തോർന്ന വാക്കു കൊണ്ട്‌
ഓടി വന്ന്‌ കെട്ടിപ്പിടിക്കുന്നു
ഇപ്പോഴും ഒരു കാറ്റ്‌

Thursday, November 4, 2010

നിശബ്ദത; രണ്ടു കവിതകൾ

1.
വേർപ്പെട്ടു പോയ വാക്ക്‌ എന്നെ പോലെ
തിരിഞ്ഞു നോക്കികൊണ്ടിരിക്കുന്നു.
നിശബ്ദതയുടെ തൂവലുകൾ മാത്രം പൊഴിയുന്നുണ്ട്‌.

2.
അവിടെ
വെയിൽ നട്ടു വളർത്തിയ
നിശബ്ദത എന്ന ചെടിയിൽ
മെല്ലെ മെല്ലെ വിരിയുന്നുണ്ട്‌.
ആരുടേതെന്ന്‌ ഉറപ്പിച്ചു പറയാനാകാത്തൊരേകാന്തതയെ കുറിച്ച്‌ ചില വാക്കുകൾ

Monday, April 19, 2010

രണ്ടു കവിതകള്‍

ഞാന്‍ നിനക്കയക്കുന്ന ഉമ്മകള്‍ക്ക്‌ സംഭവിക്കുന്നത്‌
ഇതാ ഞാന്‍ നിനക്ക്‌ കുറച്ച്‌ ഉമ്മകള്‍ അയക്കുന്നു
പാവം പോസ്റ്റ്‌മാന്‍ അയാള്‍ എങ്ങനെ അറിയാനാണ്‌
ഇതിനുള്ളിലെന്താണെന്ന്‌?
ഇനി ഇതെങ്ങാനും തെറ്റി വേറെ വല്ലവരുടെ
കയ്യില്‍ കൊടുത്താലൊ
ഹ ഹ അപ്പൊഴായിരിക്കും രസം !
ഓരോ ഉമ്മയും അവരുടെ കയ്യില്‍ പുഴുക്കളെ പോലെ
പുളയാന്‍ തുടങ്ങും
അയ്യെ ഇതെന്താണെന്ന്‌ അവര്‍ നെറ്റി ചുളിക്കുമ്പോള്‍
ഓരോ പുഴുവുനും ചിറകു മുളക്കാന്‍ തുടങ്ങും
ഓരോ ചിറകിലും നക്ഷത്രങ്ങളുദിക്കാന്‍ തുടങ്ങും
പിന്നെയോരോന്നും അവരുടെ കയ്യില്‍ നിന്നും
മെല്ലെ പറന്നുയര്‍ന്ന്‌
അപ്പോള്‍ അതുവഴി നടന്നു പോകുന്ന
നിന്റെ കണ്ണിലും ചുണ്ടിലും വന്നിരിക്കാന്‍ തുടങ്ങും
നോക്കിനോക്കിയിരിക്കെ പെട്ടെന്ന്‌ നീയൊരു പൂവാകും
പൂവാകാനൊ പൂമ്പാറ്റയാകാനൊ കഴിയാതെ
കണ്ണുകളില്‍ നിന്ന്‌ ആശ്ചര്യ ചിഹ്നങ്ങള്‍
തൂകികൊണ്ടങ്ങനെ നില്‍ക്കുകയല്ലാതെ
അവരെന്തു ചെയ്യാനാണ്‌ ?

മരിച്ചുപ്പോയ ഒരു ചിത്ര ശലഭത്തിന്റെ ഓര്‍മയ്ക്ക്‌
ഈറന്‍ മരങ്ങളില്‍ നിന്നും ചില നോട്ടങ്ങള്‍
ഇപ്പോഴും അയക്കപ്പെടുന്നുണ്ട്‌
മരിച്ചുപ്പോയ ഒരു ചിത്ര ശലഭത്തിന്റെ ഓര്‍മയില്‍
ആകാശം
കണ്ണുകളില്‍ നിന്നും ഇറ്റു വീഴുന്ന നീലിമ പടര്‍ന്ന്‌
ഭൂമിയിലെ ജലാശയങ്ങളൊക്കെ നീലയാകുന്നു
അതില്‍ മുക്കിയെടുത്തൊരു കുഞ്ഞുടുപ്പ്‌
വെയില്‍ നോവുകളില്‍ ഉണക്കാനിട്ടിരിക്കുന്നു
ആരെയുടുപ്പിക്കും ? എന്ത്‌ പേരിടും ?
നീലച്ചായമടിച്ച, നീല ശംഖു പുഷ്പങ്ങള്‍
വിരിഞ്ഞു നില്‍ക്കുന്ന ഒരു വീട്ടിലേക്ക്‌ മാത്രം
നിലാവ്‌ പെയ്തിറങ്ങുന്നു
നീലംബരിയാകുന്നു
അതിന്റെ ഓളങ്ങളില്‍ നീല റിബണുകളും
നീല പാവാടയും അണിഞ്ഞ ഒരു പെണ്‍കുട്ടി
ഒഴുകി നടക്കുന്നു
അവള്‍ തന്ന വാക്കിന്റെ നീല രേഖകളിലൂടെ
നടക്കുമ്പോള്‍ കാണുന്നു
ഉപേക്ഷിക്കപ്പെട്ട പ്രണയത്തിന്‌ മുകളിലൂടെ
ഉറുമ്പിന്‍ കൂട്ടങ്ങള്‍ രണ്ടു നീല ചിറകുകളെ
താങ്ങി കൊണ്ടുപ്പോകുന്നത്‌,
നീലമേഘങ്ങളെ പുകച്ച്‌ ഒരു നിശബ്ദത
ഈറന്‍ മരങ്ങളുടെ നോട്ടങ്ങളിലേക്ക്‌ യാത്രയാകുന്നത്‌

Thursday, January 21, 2010

യാത്രകള്‍

ചരിത്രക്ലാസ്സുകളില്‍ വാസ്കോടിഗാമ
കപ്പലിറങ്ങുന്നതിനും മുന്‍പേ
കൊളംബസ് അമേരിക്ക കണ്ടുപിടിക്കുന്നതിനും മുന്‍പേ
ബാല്യത്തിന്റെ തുറമുഖത്തു നിന്നും
കടലാസു കപ്പലുകളില്‍ വിദൂര ദേശങ്ങള്‍
തേടിപ്പോയിരുന്നു ചിലര്‍
കര്‍ക്കിടക പെയ്ത്തുകളുടെ കലക്കങ്ങളിലൂടെ
അവ താണ്ടിയ ദൂരങ്ങളില്‍ നിന്നായിരിക്കണം
ജീവിതത്തിന്റെ ആദ്യ പരിണാമ ബോധങ്ങള്‍
ഉരിത്തിരിഞ്ഞത്‌
നിന്റെ രാജ്യത്തിന്റെയെന്നൊ
എന്റെ രാജ്യത്തിന്റെയെന്നൊ
കൊടിയടയാളങ്ങളില്ലാതെ
ഒരൊറ്റ മഴ നനഞ്ഞ്‌, ഒരൊറ്റ സ്വപ്നങ്ങള്‍ കണ്ട്‌
ഒരേ പാതയിലൂടെ അവര്‍ യാത്ര പോയ്‌
പൂത്താങ്കീരികളുടെ വീടുകളില്‍ നമ്മളവയെ
കാത്തിരിന്നു
അവ തിരികെ വന്നില്ല
അതില്‍ പിന്നെയാണ്‌ കറുത്ത കുടക്കീഴില്‍
ഒരൊറ്റ മഴയും നനയാതെ
നമ്മള്‍ സ്കൂളിലേക്ക്‌ പോകാന്‍ തുടങ്ങിയത്‌
ഒന്നും ഒന്നും ഒന്നാവില്ലെന്ന്‌
രണ്ട്‌ തന്നെയാവണമെന്ന്‌ പഠിച്ചത്‌
ആകാശത്തിനും ആഴിക്കു പോലും അതിര്‍ത്തികളുണ്ടെന്ന്‌
അധിനിവേശങ്ങളെ അറിഞ്ഞത്‌
എനിക്കും നിനക്കുമിടയിലെ ദൂരങ്ങളെ
അളന്നു തിട്ടപ്പെടുത്താന്‍ തുടങ്ങിയത്‌
ഇപ്പോള്‍ നമ്മുടെ സ്വപ്നങ്ങള്‍ക്ക്‌
നിന്റേതെന്നും എന്റേതെന്നും കൊടിയടയാളങ്ങളുണ്ട്‌
തിരിച്ചെത്താത്ത യാത്രകള്‍ക്ക്‌ വേണ്ടിയുള്ള
കാത്തിരിപ്പുകളല്ല ജീവിതമെന്ന്‌
വേഗങ്ങളുടെ വാള്‍തലപ്പില്‍ നിന്നും
നമ്മള്‍ വായിച്ചെടുത്തിരിക്കുന്നു
എന്നില്‍ നിന്നും നിന്നിലേക്കൊ
നിന്നില്‍ നിന്നും എന്നിലേക്കൊ
ചൂണ്ടി പിടിച്ച ഒരൊറ്റ കുഴലുള്ള തോക്കാണ്‌ ചരിത്രമെന്നത്‌
സഞ്ചാരികളുടെ മൌനങ്ങളില്‍ നിന്ന്‌
നമ്മളനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു