എന്റെ മൊബൈലിപ്പോള്‍ മിടിക്കാറില്ല
സേവ് ചെയ്തിട്ട അക്കങ്ങളില്‍
ദൂരങ്ങള്‍ മരിച്ചു കിടക്കുന്നു
അവ കൊണ്ടു പോകാറില്ല എന്നെയിപ്പോള്‍
ഓര്മകളിലേക്കൊ, സ്വപ്നങ്ങളിലേക്കൊ
വര്‍ത്തമാനത്തിലേക്ക് തന്നെയൊ
എത്തിപ്പിടിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ എനിക്കപ്പുറം
എന്റെ പരിധിയിലില്ലാത്തൊരു ലോകത്തെ കുറിച്ചതു
പറഞ്ഞു കൊണ്ടിരിക്കുന്നു
അതിന്റെ വഴികള്‍, വഴക്കങ്ങള്‍ എനിക്ക് തീര്ത്തുമപരിചിതം
ആര്ക്കുമയക്കാതെ എടുത്തു വെച്ചൊരു സന്ദേശത്തില്‍
വാക്കുകള്‍ പനിച്ചു കിടക്കുന്നു
ഇടയ്ക്കിടെ ബാറ്ററി കുറഞ്ഞു കുറഞ്ഞു വരുന്നുവെന്ന
വഴ്വിന്റെ ദൈന്യം മാത്രം തെളിയുന്നു
എങ്കിലും പോക്കു വരവുകള്‍ നിലച്ച ജീവിതത്തെ പോലെ തന്നെ
കൂടെ കൊണ്ടു നടക്കാറുണ്ടെപ്പോഴും ഞാനതിനെ
അതിലിപ്പോഴും നിശബ്ദമായി
മഴ പെയ്തിരുന്നെന്ന്
വെയില് പരക്കുന്നുവെന്ന്
തുമ്പികള്‍ പറന്നിറങ്ങാറുണ്ടെന്ന്
അവയുടെ കണ്ണിലിപ്പോഴും നമ്മുടെ
വിചിത്ര സ്വപ്നങ്ങള്‍ തന്നെയാണെന്ന്
തുമ്പ പൂവിറുക്കാന്‍ കുട്ടികളിപ്പോഴും
റെയിലോരത്ത് വരാറുണ്ടെന്ന്
മുറ്റത്തെ പച്ചയില്‍ ചെമ്പരത്തി ചോപ്പാണെന്ന്
ഓണക്കോടിയെടുത്തൂട്ടൊയെന്ന്
വരില്ലെയെന്ന്
ഒരു മിസ് കോളെങ്കിലും വഴി തെറ്റി
മിടിച്ചെങ്കിലൊയെന്നൊരു കാത്തിരിപ്പ്
ഒറ്റയ്ക്ക് നീളുന്നുണ്ടങ്ങിനെ………..
4 comments:
വൈകാതെ വരുമെന്നേ
നിശബ്ദതയുടെ കരയില്‍ കാതോര്‍ത്തു നിന്നോളൂ
കൊടിക്കൂറകള്‍ പറത്തി വരും നിനക്കുള്ള വാക്കുകള്‍
അതിന്റെ കപ്പല്‍ ചാല് കീറി...
എവിടെ നിന്നോ ഒരു സ്നേഹസന്ദേശം ഉടലെടുക്കുന്നുണ്ടാവും ഒരു മിടിപ്പായലിഞ്ഞു ചേര്‍ന്നു വീണ്ടുമുണര്‍ത്താന്‍..
മനോഹ്രമായിരിക്കുന്നു കവിത
ഹൃദയം നിറഞ്ഞ ഓണാശം സകൾ നേരുന്നു
Post a Comment