Wednesday, May 20, 2009

വെളുത്ത പൂക്കള്‍

വെളിച്ചത്തെ കുറിച്ചുള്ള നിങ്ങളുടെ ധാരണകള്‍
ഇരുട്ട്‌ നിറഞ്ഞതാണെന്ന്‌
നിങ്ങളുടെ ഇരുട്ടിലേക്ക്‌ ഒരു തുള്ളി വെളിച്ചം പോലും
വീഴ്ത്താഞ്ഞതാണ്‌ നിങ്ങളുടെ വരികള്‍
ഇത്ര ദുര്‍ബലമായി പോയതെന്ന്‌
രാത്രിയില്‍ വഴിയരികിലൂടെ നടന്നു പോകുന്ന
ഏകാന്തനായ യാത്രികനോട്‌
വിളക്കുകാലുകള്‍ മുഷിയുന്നു
സിഗരറ്റില്‍ നിന്നും
അയാള്‍ പുകച്ചു തള്ളുന്ന ഓര്‍മകള്‍
ഇരുട്ടിനോട്‌ വെളിച്ചത്തെ കുറിച്ചപ്പോള്‍
ഗൂഢാലോചന നടത്തുന്നുണ്ട്‌
അപ്പോഴും
പാടാന്‍ മറന്നു പോയ പാട്ടു പോലെ
ഇരുട്ടിന്റെ ഈരടികളില്‍
അയാളുടെ ഉള്ളില്‍ കൊച്ചു കൊച്ചു വെളിച്ചങ്ങള്‍
ഇരുട്ട്‌ പെയ്തു തീര്‍ന്ന ഇന്നത്തെ പ്രഭാതത്തില്‍
ഇനിയൊരിക്കലും എണീക്കില്ലെന്ന്‌ ശഠിച്ച്‌
അയാള്‍ കിടക്കുമ്പോള്‍
അയാള്‍ പിന്നിലുപേക്ഷിച്ച്‌ പോയ വെളിച്ചങ്ങളാണൊ
പുറത്തെ തൊടിയില്‍ വെളുത്ത പൂക്കളായ്‌
ചിതറി കിടക്കുന്നത്‌ ?

4 comments:

ശ്രീ said...

"അയാളുടെ സഗരിറ്റില്‍ നിന്നും
അയാള്‍ പുകച്ചു തള്ളുന്ന ഓര്‍മകള്‍
ഇരുട്ടിനോട്‌ വെളിച്ചത്തെ കുറിച്ച്‌
ഗൂഢാലോചന നടത്തുന്നുണ്ട്‌"

:)

ഷാജു said...

"വെളിച്ചത്തെക്കുറിച്ചുള്ള ധാരണകള്‍ ഇരുട്ടു നിറഞ്ഞതാണെന്ന്... "

താങ്കളുടെ വരികള്‍ക്ക്
ഒരു പുതിയ വായനക്കാരന്‍ കൂടി.

സെറീന said...

പിന്നിലെ ഇരുട്ടില്‍ കൈവിട്ട ചില വെളിച്ച പൊട്ടുകള്‍..

രണ്‍ജിത് ചെമ്മാട്. said...

"അയാള്‍ പിന്നിലുപേക്ഷിച്ച്‌ പോയ വെളിച്ചങ്ങളാണൊ
പുറത്തെ തോടിയില്‍ വെളുത്ത പൂക്കളായ്‌
ചിതറി കിടക്കുന്നത്‌ ?"