Thursday, March 26, 2009

മായ്ച്ചു കളയലിന്റെ ചില ആദ്യ പാഠങ്ങള്‍

സ്ലേറ്റില്‍ ഞങ്ങള്‍ വരഞ്ഞു വെച്ചിരുന്ന
നിറയെ പൂക്കളുള്ള വീടിനെ അടുത്ത ദിവസം
ചെയ്തു ചെല്ലേണ്ട കൂട്ട പട്ടികയിലേക്ക്‌
മായ്ച്ചുവച്ചിരുന്നു വെള്ളത്തണ്ട്‌
ടീച്ചറില്ലാത്ത സമയത്ത്‌
കറുത്ത ബോര്‍ഡില്‍ എഴുതിവെച്ചിരുന്ന
ഞങ്ങളുടെ കൊച്ചു കൊച്ചറിവുകളെ
മായ്ച്ചു കളഞ്ഞിരുന്നു ശാസനയുടെ ഡസ്റ്ററുകള്‍
വ്യാകരണം തെറ്റിച്ചു വരുന്ന വാക്കുകളെ
ഇരട്ടവര പുസ്തകത്തിലെ അതിര്‍ത്തി ലംഘിക്കുന്ന അക്ഷരങ്ങളെ
മായ്ച്ചു കളയുമായിരുന്നു റബറുകള്‍
ഇന്ന്‌ അതിര്‍ത്തി ലംഘിക്കുന്ന ബോധങ്ങളെ
വ്യാകരണം തെറ്റിച്ചു വരുന്ന ജീവിതങ്ങളെ
വീടിനെ കുറിച്ചുള്ള അവരുടെ സ്വപ്നങ്ങളെ
ചരിത്രത്തിന്റെ കറുത്ത ബോര്‍ഡില്‍
അവര്‍ എഴുതിവെക്കുന്ന കൊച്ചു കൊച്ചറിവുകളെ
ഒറ്റ ബോംബിനാല്‍ മായ്ച്ചു കളയാം
എന്നറിഞ്ഞതില്‍ പിന്നെയാണ്‌
എന്റെ ഗൃഹാതുരത്വത്തിന്റെ ക്ലാസ്സില്‍ നിന്നും
വെള്ളത്തണ്ടുകളേയും ഡസ്റ്ററുകളേയും റബറുകളേയും
ഞാന്‍ പുറത്താക്കിയത്‌

Monday, March 16, 2009

കോളാമ്പി പൂവ്‌

വേലിക്കല്‍ ജീവിത ലഹരിയുടെ പച്ചയില്‍
ധ്യാനത്തിന്റെ തെളിമയാര്‍ന്ന മഞ്ഞ
സൂര്യന്റെ മഞ്ഞ വിരലുകളുടെ തലോടല്‍
ഇതിലൊന്നുമൊരു കാര്യമില്ലെന്ന്‌
അപ്പുറത്തെ ചെമ്പരത്തി ചുവക്കും
തൊടിയില്‍ നിന്ന്‌ മന്ദാരങ്ങള്‍ അവയ്ക്ക്‌ നേരെ
വിശുദ്ധിയോടെ ചിരിക്കും
പിച്ചകങ്ങള്‍ നക്ഷത്ര കണ്ണിറുക്കും
മുള്ളുകള്‍ക്കിടയിലിരുന്ന്‌ റൊസാപൂ
പ്രണയത്തോടെ നോക്കും
അതൊന്നുമറിയാതെ
പരാഗണത്തിന്റെ ഒരു നിശബ്ദമായ അനുഭൂതിയില്‍
മരണത്തെ ഗര്‍ഭം ധരിക്കുകയായിരിക്കും
അവളപ്പോള്‍

Thursday, March 5, 2009

കറുത്ത നദികള്‍

നമുക്കിടയിലെ ഈ കറുത്ത നദി
ഒഴുകി ഒഴുകി ഏകതാനമായ ഒഴുക്കിന്റെ
വിരസതയില്‍ ശാഖകളായ്‌ പിരിഞ്ഞ്‌
വേറിട്ട വഴികളും ലക്ഷ്യങ്ങളുമാവുന്നു
ഇതിലൂടെ എന്റെ പെട്ടകത്തില്‍
നിനക്കുള്ള ഓര്‍മകളും സ്വപ്നങ്ങളും
കുത്തി നിറച്ച്‌ ഞാന്‍ വരുന്നു
എനിക്കു മാത്രമറിയാവുന്ന ആ നഗരത്തിലെ
ഒരു അപ്പാര്‍ട്ട്‌മെന്റില്‍
മൂന്നാമത്തെ ഫ്ലോറിലെ ഒന്നാം നമ്പര്‍
മുറിയില്‍ നീയെന്നെ കാത്തുകിടക്കുകയാണ്‌
അതെ ഞാന്‍ വരുന്നു
നിന്റെ കുന്നുകളിലും താഴ്വാരങ്ങളിലുമിപ്പോള്‍
പ്രണയത്തിന്റെ വസന്ത കലാപങ്ങളാണ്‌
നിന്റെ യോനി ഒരു ദൈവത്തിലേക്ക്‌ തുറക്കുന്നു
ഞാന്‍ ഓര്‍ക്കുന്നു
ജലം അന്വ്വേഷിച്ചുള്ള എന്റെ യാത്രയില്‍
വേരുകളുടെ ഒരു തിരുവില്‍ വെച്ചാണ്‌
നമ്മള്‍ ആകസ്മികമായ്‌ കണ്ടുമുട്ടിയത്‌
കള്ളി, നേര്‍വഴികളിലൂടെ നടന്ന്‌ നടന്നാണ്‌
എനിക്കു വഴി തെറ്റിയതെന്ന്‌
നീ എത്ര വേഗമാണ്‌ കണ്ടുപിടിച്ചത്‌
നിന്റെയടുത്തിങ്ങനെ കിടക്കുമ്പോഴും
എന്റെയുള്ളില്‍ ഒരു ചുവന്ന നദിയൊഴുകുന്നു
സ്വന്തം ഉറവിടത്തില്‍ നിന്നും ഒഴുകി പിരിഞ്ഞ്‌
കോശങ്ങളില്‍ നിന്ന്‌ കോശങ്ങളിലേക്ക്‌ സഞ്ചരിച്ച്‌
എന്റെ ഓര്‍മകളേയും പ്രണയങ്ങളേയും
പ്രത്യയ ശാസ്ത്രങ്ങളേയും നനച്ച്‌
അത്‌ സ്വന്തം ഉറവിടത്തിലേക്കു തന്നെ
മടങ്ങിപോകുന്നു
അതറിയുന്നില്ല ആ വാതിലിനപ്പുറത്തെ വെളിച്ചത്തില്‍
തിളങ്ങുന്ന ഒരു മൂര്‍ച്ച അതിനെ കാത്തു നില്‍ക്കുന്നത്‌
അതിനെ അതിന്റെ ഉറിവടത്തില്‍ നിന്നുമെന്നന്നേയ്ക്കുമായ്‌
മോചിപ്പിക്കാന്‍
നിനക്കറിയാമൊ സ്വന്തം ഉറവിടത്തില്‍
നിന്നുമിങ്ങനെ മോചിപ്പിക്കപ്പെട്ടവയാണ്‌
കറുത്ത നദികളായ്‌ പരിണമിക്കുന്നത്‌
അല്ലെങ്കിലും എനിക്കു മടുത്തിരിക്കുന്നു
നമുക്കു ചുറ്റും വളര്‍ന്നു പെരുകുന്ന
പുല്‍ക്കൊടികളുടെ ഈ മൌനം
അതുകൊണ്ട്‌ ഇതൊരു താത്കാലികമായ വിടവാങ്ങലാണ്‌
ഭൂമിയുടെ ഓരോ പച്ചയിലും നീ
നിലവിളിയുടെ കൈകളായ്‌ ഉയരുമ്പോള്‍
ഞാന്‍ പുനര്‍ജനിക്കും
ഒരു പുല്‍ച്ചാടിയുടെ ഹരിത സംഗീതമാര്‍ന്നൊരുടലുമായ്‌