Saturday, January 31, 2009

മരണത്തിന്റെ മുനമ്പില്‍

അവള്‍ യാത്ര പറഞ്ഞു പോകുമ്പോഴൊക്കെ
എന്തിനൊ ഉള്ളുരുകുന്നു
ഇനിയവളെ കാണില്ലെന്നും കുറ്റിക്കാട്ടില്‍
കഷ്ണങ്ങളായ്‌ കണ്ടെടുത്തേക്കുമെന്നും
ഭയം ഉരുണ്ടുകൂടുന്നു
കടം കേറി മുടിഞ്ഞൊരു ജീവിതത്തെ കുറിച്ച്‌
സുഹൃത്ത്‌ നെടുവീര്‍പ്പിട്ടതിനു ശേഷം
ഉത്തരത്തില്‍ ആരോ തൂങ്ങിയാടുന്ന
ഒച്ച കേട്ടുറക്കത്തില്‍ ഞെട്ടിയുണരുന്നു
അയല്‍ വീട്ടില്‍ ഉച്ചത്തിലൊരൊച്ച കേട്ടാല്‍
ഗ്യാസ്‌ പൊട്ടിത്തെറിച്ചെന്ന്‌ മനസ്സ്‌ വെകിളി പിടിക്കുന്നു
ആരുമില്ലാത്തപ്പോള്‍ വീടിന്റെ പിന്‍വാതിലിലൂടെയാരൊ
പതുങ്ങി വന്ന്‌ ഇഷ്ടിക കൊണ്ടമ്മയുടെ
തലയ്ക്കടിച്ചെല്ലാം കവര്‍ന്നെടുക്കുന്നതായി
ഒഫീസിലിരുന്നു വിയര്‍ക്കുന്നു
ബസ്സിലിരിക്കെ അടുത്ത നിമിഷമെല്ലാം
ചിതറിത്തെറിക്കുമെന്ന്‌ ടൈം ബോംബ്‌ കണക്കെ
ഹൃദയം മിടിക്കുന്നു
പറയൂ സുഹൃത്തെ മരണത്തിന്റെ മുനമ്പിലൂടിങ്ങനെ
ഒറ്റയ്ക്ക്‌ നടക്കയാലാണൊ
നിങ്ങള്‍ക്കെന്റെ ഭാഷ മനസിലാകാതെ പോകുന്നത്‌
നിങ്ങളെന്നെയിങ്ങനെ തുറിച്ചു നൊക്കുന്നത്‌

14 comments:

ratheesh said...

gud one

പാമരന്‍ said...

നിന്‍റെ മിടിപ്പ്‌ കേല്‍ക്കുന്നുണ്ട്‌ മഹീ. നന്നായി..

രണ്‍ജിത് ചെമ്മാട്. said...

എന്തിനീ ഭാഷ കേള്‍ക്കുന്നു....
തൊട്ടറിയുന്നുണ്ട്..അകലെയിരുന്നും...
നല്ല കവിതയ്ക്ക് ആശംസകള്‍...

lakshmy said...

കൂടുതൽ പരിചിതമായ ഈ ഭാഷ മനസ്സിലാകാതിരിക്കുന്നതെങ്ങിനെ ?!!

നന്നായിരിക്കുന്നു മഹി.

ശ്രീ said...

നന്നായിരിയ്ക്കുന്നു, മഹീ

jwalamughi said...

ഇവിടെ ജീവിക്കുന്ന ഓരോ വ്യക്തിയുടേയും ഉത്കണ്ഠകള്‍..നന്നായിട്ടുണ്ട്

ഹരിത said...

കവിത നന്നായി.

sreeNu Guy said...

നന്നായിരിയ്ക്കുന്നു

അജീഷ് മാത്യു കറുകയില്‍ said...

അകാരണമായ ഭയം ചിത്ത ഭ്രമത്തിന്റെ ലക്ഷണമാണോ ? സൂക്ഷിക്കണേ മഹി .........

...പകല്‍കിനാവന്‍...daYdreamEr... said...

ഓരോരുത്തനും മറ്റവന്റെ ഭാഷ മനസ്സിലാവാത്തത് കൊണ്ടാവാം പരസ്പരം തുറിച്ചു നോക്കുന്നത്...!!

'മുല്ലപ്പൂവ് said...

നന്നായിട്ടുണ്ട്....!!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഇത്രക്കൊന്നും ആകുലപ്പെടേണ്ടതില്ല, മഹീ.

Thallasseri said...

ഞാന്‍ നിന്നെ തുറിച്ചുനോക്കുന്നത്‌ നീ എന്നെ തുറിച്ചുനോക്കുന്നെന്ന്‌ സംശയമുള്ളതുക്കൊണ്ടാനെന്ന്‌ അറിയാനായില്ലേ?

തണല്‍ said...

മഹീ,
ഞാന്‍ നിന്നെയല്ല
നീ എന്നെയാണിപ്പോള്‍ തുറിച്ചുനോക്കി കൊണ്ടിരിക്കുന്നത്!
.....
വൈകിപ്പോയി എത്തിച്ചേരാന്‍..ക്ഷമിക്കുക!