Thursday, January 1, 2009

അറിയില്ലായിരുന്നു

അമ്മ അമ്മിഞ്ഞയില്‍ കയ്പ്പ്‌ പുരട്ടി
തന്നതെന്തിനാണെന്നറിയില്ലായിരുന്നു
അടുത്ത വീട്ടിലെ അമ്പ്രാള്‍ടെ പേരൊ
നാട്ടിലെ വഴികളൊ
ശരിക്കുമറിയില്ലായിരുന്നു
ശാരദേച്ചിയുടെ വേലിക്കല്‍ നിന്ന്‌
കുമാരേട്ടന്‍ കയ്യും കലാശവും
കാണിക്കുന്നതെന്തിനെന്നറിയില്ലായിരുന്നു
കളിച്ചു വളര്‍ന്നവളോടൊപ്പം
ഇനിയധികം ഒട്ടി നടക്കേണ്ടെന്ന്‌
അമ്മ ഒരു ദിവസം
വിലക്കിയതെന്തിനെന്നറിയില്ലായിരുന്നു
അച്ഛന്റെയൊപ്പം നടക്കാനിറങ്ങുമ്പോഴൊക്കെ
ഇവിടെ നിക്കിപ്പോള്‍ വരാമെന്ന്‌ പറഞ്ഞച്ഛന്‍
പോകുന്നതെങ്ങോട്ടെന്നറിയില്ലായിരുന്നു
ഞാനുണ്ടായതെങ്ങിനെയെന്നറിയില്ലായിരുന്നു
നല്ല രീതിയില്‍ നടക്കാനൊ നേരെ ചൊവ്വെ
സംസാരിക്കാനൊ അറിയില്ലായിരുന്നു
മിടുക്ക്‌ കാട്ടാനൊ സമ്മാനം വാങ്ങാനൊ
അറിയില്ലായിരുന്നു
പഠിച്ചു വലുതായി ആരാവണമെന്ന ചോദ്യത്തിന്‌
ഉത്തരമറിയില്ലായിരുന്നു
പിന്നെന്തിനാടായിങ്ങനെ ജീവിച്ചിരിക്കുന്നതെന്ന്‌
സത്യമായിട്ടുമെനിക്കറിയില്ലായിരുന്നു

16 comments:

sreeNu Guy said...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

azeez said...

Mahendran
Beautiful poems.Really beautiful and philosophic, hundred times better than what appears in scheduled weeklies
Don't stop.Wish you all the best and happy new year.
Azeez from Alberta
azeezks@gmail.com

azeez said...

Dear Mahendran, I just can't avoid you.You write beautiful poems.Next time when you go home try to get published with DC Books or even Green Publishers at Trichur.
A real poet and a Rumi at womb.
My sincere appreciation.
Once again, Azeez from Alberta.

മാറുന്ന മലയാളി said...

എല്ലാം അറിഞ്ഞറിഞ്ഞ് വന്നപ്പോഴേക്കും ജീവിതത്തിന്‍റെ മുക്കാല്‍ ഭാഗവും പാഴായിപ്പോയിരുന്നു..........

പുതുവത്സരാശംസകള്‍

തണല്‍ said...

ഇതൊക്കെ ആര്‍ക്കാണ് മഹീ അറിയാവുന്നത്..?
:)

Rare Rose said...

അറിഞ്ഞറിഞ്ഞു വരുമ്പോഴെക്കും പുതിയ തിരിച്ചറിവുകള്‍ പിന്നേം നമ്മളെ വേദനിപ്പിച്ചേക്കാം...:(
ഐശ്വര്യപൂര്‍ണ്ണമായൊരു പുതുവത്സരമാശംസിക്കുന്നു ട്ടോ..:)

വിശാഖ് ശങ്കര്‍ said...

ഈ പറഞ്ഞതൊന്നും എനിക്കും അറിയില്ലെങ്കിലും
കവിത നന്നായെന്ന് അറിയാം.

...പകല്‍കിനാവന്‍...daYdreamEr... said...

എല്ലാം അറിയാം അറിയില്ലെന്ന് നടിക്കുകയാ..
നല്ല വരികള്‍...... ആശംസകള്‍ സുഹൃത്തേ...

lakshmy said...

അറിയായ്കകളെ തിരിച്ചറിയുന്നതും ഒരറിവ്. നന്നായിരിക്കുന്നു വരികൾ

ശിവ said...

കുറെ തിരിച്ചറിവുകള്‍ സുന്ദരമായി വരികള്‍ ആക്കിയിരിയ്ക്കുന്നു.....

അജീഷ് മാത്യു കറുകയില്‍ said...

Happy new year & best wishes.

രണ്‍ജിത് ചെമ്മാട്. said...

മഹീ, ഇതൊക്കെ ഒന്നറിഞ്ഞുവരുമ്പോഴേക്കും
പിന്നെയൊന്നും അറിയേണ്ടിവരില്ല!!!
ഓ.ടോ. : മുകളില്‍ അസീസ് പറഞ്ഞതുതന്നെ ഞാനും
പറയ്ന്നു മലയാളത്തില്‍....
ആശംസകള്‍.....

മുസാഫിര്‍ said...

ഇപ്പോഴറിയുന്നല്ലോ,അതു കൊണ്ടല്ലേ ഇതുപോലെ മനോഹരമായി കവിത എഴുതുന്നത്.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

അല്ലാ? എന്നിട്ടിപ്പോ ഒക്കെ മനസ്സിലായോ?

അന്ന് അതൊന്നും എന്തിനാണെന്നറിയാഞ്ഞത് ഒരു കണക്കിന് നന്നായി. അല്ലെങ്കില്‍ അന്നേ കാര്യം പോക്കായേനെ. ഞങ്ങള്‍ക്കീ കവിതകള്‍ വായിക്കാനുള്ള യോഗമുണ്ടാവില്ലായിരുന്നു.

ശ്രീ said...

അതു ശരിയാണല്ലോ.

:)

കുമാരന്‍ said...

''പിന്നെന്തിനാടായിങ്ങനെ ജീവിച്ചിരിക്കുന്നതെന്ന്‌
സത്യമായിട്ടുമെനിക്കറിയില്ലായിരുന്നു ''
കവിത ഇഷ്ടായി ഒത്തിരി..