Saturday, January 31, 2009

മരണത്തിന്റെ മുനമ്പില്‍

അവള്‍ യാത്ര പറഞ്ഞു പോകുമ്പോഴൊക്കെ
എന്തിനൊ ഉള്ളുരുകുന്നു
ഇനിയവളെ കാണില്ലെന്നും കുറ്റിക്കാട്ടില്‍
കഷ്ണങ്ങളായ്‌ കണ്ടെടുത്തേക്കുമെന്നും
ഭയം ഉരുണ്ടുകൂടുന്നു
കടം കേറി മുടിഞ്ഞൊരു ജീവിതത്തെ കുറിച്ച്‌
സുഹൃത്ത്‌ നെടുവീര്‍പ്പിട്ടതിനു ശേഷം
ഉത്തരത്തില്‍ ആരോ തൂങ്ങിയാടുന്ന
ഒച്ച കേട്ടുറക്കത്തില്‍ ഞെട്ടിയുണരുന്നു
അയല്‍ വീട്ടില്‍ ഉച്ചത്തിലൊരൊച്ച കേട്ടാല്‍
ഗ്യാസ്‌ പൊട്ടിത്തെറിച്ചെന്ന്‌ മനസ്സ്‌ വെകിളി പിടിക്കുന്നു
ആരുമില്ലാത്തപ്പോള്‍ വീടിന്റെ പിന്‍വാതിലിലൂടെയാരൊ
പതുങ്ങി വന്ന്‌ ഇഷ്ടിക കൊണ്ടമ്മയുടെ
തലയ്ക്കടിച്ചെല്ലാം കവര്‍ന്നെടുക്കുന്നതായി
ഒഫീസിലിരുന്നു വിയര്‍ക്കുന്നു
ബസ്സിലിരിക്കെ അടുത്ത നിമിഷമെല്ലാം
ചിതറിത്തെറിക്കുമെന്ന്‌ ടൈം ബോംബ്‌ കണക്കെ
ഹൃദയം മിടിക്കുന്നു
പറയൂ സുഹൃത്തെ മരണത്തിന്റെ മുനമ്പിലൂടിങ്ങനെ
ഒറ്റയ്ക്ക്‌ നടക്കയാലാണൊ
നിങ്ങള്‍ക്കെന്റെ ഭാഷ മനസിലാകാതെ പോകുന്നത്‌
നിങ്ങളെന്നെയിങ്ങനെ തുറിച്ചു നൊക്കുന്നത്‌

Thursday, January 22, 2009

എവിടെയൊ എല്ലാ ഉറക്കങ്ങളും ഒറ്റി കൊടുക്കപ്പെട്ടിരിക്കുന്നു

ഇന്നലെ രാത്രി നിങ്ങള്‍ കേട്ടിരുന്നൊ ആ ശബ്ദം
എന്തൊ പൊട്ടിത്തെറിക്കുന്നതു പോലെ
ഒരു പക്ഷെ നിങ്ങള്‍
നല്ല ഉറക്കത്തിലായിരുന്നിരിക്കും
അല്ലെങ്കില്‍ അറിഞ്ഞിട്ടുണ്ടാകും
ഒന്നുമില്ലെന്ന്‌ ഭാവിച്ച്‌ വീണ്ടും പുതച്ചുമൂടി
കിടന്നിട്ടുണ്ടാകും
ഞാന്‍ ഞെട്ടിയുണരുക തന്നെ ചെയ്തു
ചുമരില്‍ സീറൊ വാട്ട്‌ ബള്‍ബില്‍ നിന്നും
ചോര ഒഴുകി പരന്നിരിക്കുന്നു
മകള്‍ വിരല്‍ മൊത്തി കൊണ്ടുറങ്ങുന്നു
അവളുടെ മുഖത്ത്‌ പേടികൊണ്ടെന്ന വണ്ണം
ഒരു വിളറിയ ഭാവം കൊണ്ടു വന്നു അത്‌
അഗാധതയില്‍ നിന്നെന്ന പോലെ അപ്പോഴും
എന്തൊ മിടിക്കുന്ന ശബ്ദം ഞാന്‍ കേട്ടു
പുറത്ത്‌ ഓര്‍മകളും വ്രണങ്ങളും വേദനകളും നിറഞ്ഞ
പലായനത്തിന്റെ ഒരു കാറ്റ്‌ വീശി കടന്നു പോയ്‌
എവിടെയൊ എല്ലാ ഉറക്കങ്ങളും ഇതുപോലെ
ഭയത്തിന്റെ ടാങ്കറുകള്‍ക്ക്‌ ഒറ്റി കൊടുക്കപ്പെട്ടിരിക്കുന്നു

Friday, January 16, 2009

ഓരോ മുറിവും നിശബ്ദമായ ഒരു വിശപ്പാണ്‌

ഗാസയിലും സൂര്യന്‍ കിഴക്കു തന്നെയായിരിക്കും ഉദിക്കുന്നത്‌
ഇതേ ആകാശം തന്നെയായിരിക്കും
ഇരുട്ടു വീഴുമ്പോള്‍ അവിടെയുള്ളവര്‍ തിരിഞ്ഞു നടക്കുന്നത്‌
നമ്മളെ പോലെ ഒരു വീടു തേടി തന്നെയായിരിക്കും
അവിടേയും അമ്മമാരുടെ കണ്ണുകളില്‍ നിന്നിറ്റുവീഴുന്നത്‌
മക്കളെ ചൊല്ലിയുള്ള ആധികള്‍ തന്നെയായിരിക്കും
ചിലപ്പോള്‍ വഴികളും ഇതുപോലെ തന്നെയായിരിക്കും
നമ്മുടെ പുളിയും മാവുമൊക്കെ അവിടേയും ഉണ്ടാവുമൊ ആവൊ ?
എങ്കിലും മരങ്ങള്‍ക്കെല്ലാം പച്ചയിലകള്‍ തന്നെയായിരിക്കും
രൂപങ്ങളും ആചാരങ്ങളും മാറുമെങ്കിലും
അവിടുത്തെ മനുഷ്യരിലൂടെ ഒഴുകുന്നതും ചോര തന്നെയായിരിക്കും
ചോരയ്ക്ക്‌ ചുവപ്പു നിറം തന്നെയായിരിക്കും
മുറിവേറ്റാല്‍ അവരും പിടയുമായിരിക്കും
എന്നിട്ടും അവിടെ മാത്രം എന്തുകൊണ്ടാണ്‌
കൈപ്പത്തി ഛേദിക്കപ്പെട്ട രണ്ടിളം കൈയ്യുകള്‍
എപ്പോഴും അമ്മമാരുടെ നേരേ നീളുന്നത്‌ ?
എന്തുകൊണ്ടാണ്‌ അവരുടെ കാത്തിരിപ്പുകള്‍
ഇങ്ങനെ ചിതറിതെറിക്കുന്നത്‌ ?
എന്തുകൊണ്ടാണ്‌ അവിടെയെപ്പോഴും
തോക്കുകള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്‌ ?
എന്തുകൊണ്ടാണ്‌ അവരുടെ ഓര്‍മകളിലെപ്പോഴും
രക്തത്തിന്റെ നനവു പടരുന്നത്‌ ?
എന്തുകൊണ്ടാണ്‌ ആളുകള്‍ അവിടെയെപ്പോഴും
മരണത്തെയിങ്ങനെ വിനിമയം ചെയ്തുകൊണ്ടിരിക്കുന്നത്‌ ?
എന്തുകൊണ്ടാണ്‌ ? എന്തുകൊണ്ടാണ്‌ ? എന്തുകൊണ്ടാണ്‌ ?
എന്തുകൊണ്ടാണ്‌ ഞാനിപ്പോള്‍ നിലവിളിയാകാതെ പോകുന്ന
വാക്കുകളെ കുറിച്ച്‌ ഇത്രമേല്‍ ഭയപ്പെടുന്നത്‌

Monday, January 5, 2009

ശല്യം

എന്ത്‌ പറഞ്ഞാലും കൂട്ടാക്കില്ല
വേണ്ടാത്തോടത്തക്കേ പോകൂ
വേണ്ടാത്തതേ ചെയ്യൂ
അങ്ങനെയാക്കണം ഇങ്ങനെയാക്കണം
എന്നൊക്കെ വിചാരിക്കും
നടക്കില്ല
എത്ര തല്ല്‌ കിട്ടിയാലും പഠിക്കില്ല
ഓര്‍ക്കണ്ട എന്ന്‌ വിചാരിക്കുന്നതൊക്കെ ഓര്‍മിപ്പിക്കും
ഓരോരൊ വാഗ്ദാനങ്ങള്‍ തന്ന്‌
കുഴിയില്‍ ചാടിക്കും
ഏത്‌ നേരവും പിറുപിറുന്നനെ പറഞ്ഞോണ്ടിരിക്കും
ഒരു സ്വൈരവും തരില്ല
ദൈവമെ നീയുണ്ടൊ വല്ലതും അറിയുന്നു
ഇങ്ങനെ സ്വയം ശല്യമായിരിക്കുന്നതിന്റെ ആവലാതികള്‍

Thursday, January 1, 2009

അറിയില്ലായിരുന്നു

അമ്മ അമ്മിഞ്ഞയില്‍ കയ്പ്പ്‌ പുരട്ടി
തന്നതെന്തിനാണെന്നറിയില്ലായിരുന്നു
അടുത്ത വീട്ടിലെ അമ്പ്രാള്‍ടെ പേരൊ
നാട്ടിലെ വഴികളൊ
ശരിക്കുമറിയില്ലായിരുന്നു
ശാരദേച്ചിയുടെ വേലിക്കല്‍ നിന്ന്‌
കുമാരേട്ടന്‍ കയ്യും കലാശവും
കാണിക്കുന്നതെന്തിനെന്നറിയില്ലായിരുന്നു
കളിച്ചു വളര്‍ന്നവളോടൊപ്പം
ഇനിയധികം ഒട്ടി നടക്കേണ്ടെന്ന്‌
അമ്മ ഒരു ദിവസം
വിലക്കിയതെന്തിനെന്നറിയില്ലായിരുന്നു
അച്ഛന്റെയൊപ്പം നടക്കാനിറങ്ങുമ്പോഴൊക്കെ
ഇവിടെ നിക്കിപ്പോള്‍ വരാമെന്ന്‌ പറഞ്ഞച്ഛന്‍
പോകുന്നതെങ്ങോട്ടെന്നറിയില്ലായിരുന്നു
ഞാനുണ്ടായതെങ്ങിനെയെന്നറിയില്ലായിരുന്നു
നല്ല രീതിയില്‍ നടക്കാനൊ നേരെ ചൊവ്വെ
സംസാരിക്കാനൊ അറിയില്ലായിരുന്നു
മിടുക്ക്‌ കാട്ടാനൊ സമ്മാനം വാങ്ങാനൊ
അറിയില്ലായിരുന്നു
പഠിച്ചു വലുതായി ആരാവണമെന്ന ചോദ്യത്തിന്‌
ഉത്തരമറിയില്ലായിരുന്നു
പിന്നെന്തിനാടായിങ്ങനെ ജീവിച്ചിരിക്കുന്നതെന്ന്‌
സത്യമായിട്ടുമെനിക്കറിയില്ലായിരുന്നു