Saturday, December 12, 2009

ജീവിതത്തിനെ കുറിച്ച്‌ പറഞ്ഞു തീരാതെ.....

ഇന്നലെയായിരുന്നു
മരിച്ചു പോയിരുന്നു
മൌനങ്ങളില്‍ നിന്ന്‌ ചിത്രശലഭങ്ങളൊക്കയും
പറന്നു പോയിരുന്നു
കടവുകളില്‍ ആരുമില്ലായിരുന്നു
അവന്‍ അവളായി ഉരുകി പോയിരുന്നു
ഭൂമിയുടെ മുറിവുകളില്‍ നിന്ന്‌
തിരിച്ചെത്തിയിരുന്നു ചില ഓര്‍മപ്പെടുത്തലുകള്‍
ദൈവം അസാധ്യതകളുടെ നിയമത്തിലെ
വളച്ചൊടിക്കലുകളത്രെ !
ഇപ്പോള്‍ കാട്ടുപ്പൊന്തകളില്‍ ചില തിടുക്കപ്പെടലുകള്‍ മാത്രം
വരികളെ ആവാത്ത കുറുകലുകള്‍ മാത്രം
ഭൂപടങ്ങളില്‍ നിന്നും പെട്ടന്നുയര്‍ന്നു പോകുന്ന
ചില ചിറകടികള്‍ മാത്രം
വേരുകളില്‍ അറിഞ്ഞതിനെ ധ്വനിപ്പിച്ച്‌ ധ്വനിപ്പിച്ച
ചില പൂവിടലുകള്‍ മാത്രം
അല്ലാതെന്ത്‌? ആല്ലാതെന്ത്‌?

Tuesday, November 3, 2009

പൂക്കളില്‍ വീണു കിടക്കുന്ന ഒരാള്‍

മഞ്ഞ പെയ്യുകയാണ്‌
മരണങ്ങള്‍ പൂക്കുന്ന വയലുകളില്‍
വെയില്‍ കവിത വായിക്കുന്നു
ഞാന്‍ പൂക്കളില്‍ വീണു കിടക്കുന്നു
ഓരോ മഞ്ഞയും എന്നെ നോക്കി ചിരിക്കുന്നു
ചിരിക്കുന്ന ഓരോ മഞ്ഞയേയും
ഞാന്‍ ഉമ്മ വെയ്ക്കുന്നു
കവിളില്‍ തലോടുന്നു
സ്നേഹത്താല്‍ വിവശമാക്കപ്പെട്ട ചില നിമഷങ്ങളില്‍
എന്നില്‍ നിന്ന്‌ ഒരായിരം സ്വപ്നങ്ങള്‍
മഞ്ഞ ചിറകടിച്ച്‌ പറന്നു പോകുന്നു
ആകാശത്തിലൂടെ ഒഴുകി പോകുന്ന
വെളുത്ത, പതു പതുത്ത ഒരു മേഘത്തില്‍ നിന്നും
ദൈവം ഒരു കൊച്ചു കുട്ടിയെ പോലെ ഇറങ്ങി വന്ന്‌
മൌനത്തിന്റെ ഒറ്റ വിരല്‍ കൊണ്ടെന്നെ തൊടുന്നു
ഞാന്‍ കാത്തിരിപ്പുകളുടെ ഒരൊറ്റ മരമാകുന്നു
എന്നില്‍ പൂക്കുന്ന ഉന്‍മാദങ്ങളില്‍ നിറയെ
ഒരു മഞ്ഞ സൂര്യന്‍ ഉദിക്കുന്നു
മഞ്ഞ ഒര്‍മകളുടെ ഒരു നഗരം
വിദൂരങ്ങളില്‍ നിന്ന്‌ എന്നിലേക്ക്‌
വീശിയടിക്കുന്ന ഒരു കാറ്റ്‌ പറയുന്നു
പ്രണയത്തില്‍ എപ്പോഴും
ജനിക്കുകയും മരിക്കുകയും ചെയ്യുന്ന ഒരുവളുണ്ട്‌
അവള്‍ക്ക്‌ പേര്‍ മഞ്ഞ
ഇപ്പോള്‍ എന്റെയുള്ളിലും എനിക്കു ചുറ്റിലും
ഒരു മഞ്ഞക്കടല്‍ തിരയടിച്ചുയരുന്നു
ഞാന്‍ മഞ്ഞയാകുന്നു

Friday, September 25, 2009

കയറി പോകുന്നു..........

ആകാശത്തില്‍ നിന്നും തൂങ്ങി കിടക്കുന്നൊരേണിയിലൂടെ
ഒരാള്‍ കയറി പോകുന്നു
ഓരോ പടി കയറി കഴിയുമ്പോഴും
അത്‌ മാഞ്ഞ്‌ മാഞ്ഞില്ലാതാകുന്നു
ആരേയും ശ്രദ്ധിക്കാതെ അയാളങ്ങനെ
കയറികൊണ്ടേയിരിക്കയാണ്‌
പകുതിയെഴുതി കഴിഞ്ഞ ഒരു വരിയില്‍ നിന്നൊ
അപൂര്‍ണ്ണമായൊരു രതിയില്‍ നിന്നൊ
ആവണം അയാളങ്ങനെ കയറി പോവാന്‍ തുടങ്ങിയത്‌
ഒരു മുന്‍ധാരണയുമില്ലാതെ.........
മുന്‍കൂട്ടി നിശ്ചയിക്കപ്പെടാതെ................
വിരലുകള്‍ നഷ്ടപ്പെട്ട വരികളിലേക്കൊ
യോനിയുടെ നിശബ്ദമായ കാത്തിരിപ്പുകളിലേക്കൊ
അയാളിനി മടങ്ങിയെത്തുകയില്ല
പൂക്കളും മരണങ്ങളും നിറഞ്ഞ ഭൂമിക്കിനി
അയാളിലിനി ഒന്നും ചെയ്യാനില്ല
എന്തിന്‌ എന്ന ചോദ്യത്തിനു പോലും
അയാളിലിനി ഒരു പ്രസക്തിയുമില്ല
അയാളങ്ങനെ കയറി പോകുന്നു.
നക്ഷത്രങ്ങളും ദൈവങ്ങളുമില്ലാത്ത
ഒരനന്തതയിലേക്ക്‌
അയാളങ്ങനെ കയറി പോകുന്നുവെന്നു മാത്രം

Wednesday, September 23, 2009

ആരറിയാനാണ്‌ ??

പുകമഞ്ഞു വീണ താഴവരയിലേക്ക്‌
അടര്‍ന്നു വീഴുന്നു ഒരു ദലം
ഒരൊറ്റ തുള്ളി ചോര
ഉറക്കങ്ങളെ മുറിച്ച്‌
കൂറ്റന്‍ ചിറകുകളുള്ള യുദ്ധ വിമാനങ്ങളെ പോലെ
ദുഃസ്വപ്നങ്ങള്‍ ഇരമ്പുന്നു
അഗ്രിന്‍*, പ്രവചനം നടത്തുന്ന
രണ്ടു കയ്യും നഷ്ടപ്പെട്ട നിന്റെ സഹോദരന്റെ
ഭാവി കാഴ്ചകളിലൂടെ നീന്തി നീന്തി നടക്കുന്നു
ബൂട്ട്‌സുകളുടെ ക്രൂര ഫലിതങ്ങള്‍ക്കിടയില്‍
അധികാരത്തിന്റെ തോക്കിന്‍ കുഴലുകള്‍
നിനക്കു സമ്മാനിച്ച അന്ധ നിഷ്കളങ്കത
നിന്റെ സന്തതി
വേദനയുടെ ഏത്‌ ജലാശയത്തിലേക്കായിരുന്നു
നീയവനെ പെരിങ്കല്ലുകള്‍ കെട്ടി താഴ്ത്തിയത്‌ ?
നിനക്കു വേണ്ടി ചുവന്ന മത്സ്യത്തെ തേടിപ്പോയ
സാറ്റലൈറ്റിന്‌** നീ കാത്തു വെച്ചതിതായിരിന്നൊ?
ഏത് ദുരന്തങ്ങളെ പിടിച്ചെടുത്ത്‌ പിടിച്ചെടുത്താണ്‌
അവന്റെ കാലുകള്‍ ചോര വാര്‍ക്കാന്‍ തുടങ്ങിയത്‌ ?
എന്റെ വാക്കുകളെ പോലെ മുടന്താന്‍ തുടങ്ങിയത്‌ ?
അവന്റെ കൂട്ടുകാരെവിടെ?
ഒഴിയാത്ത മൈന്‍ പാടങ്ങള്‍ അവര്‍ക്കായി കാത്തിരിപ്പുണ്ടാവും
എന്നിട്ടും വിമാനങ്ങളില്‍*** നിന്നും
മുറിഞ്ഞ ചിറകുകള്‍ പോലെ വിതറുന്ന
കടലാസുകളില്‍ അവര്‍ പറയുന്നു
അവര്‍ നിങ്ങളുടെ മിത്രങ്ങളാണെന്ന്‌
അവര്‍ നിങ്ങള്‍ക്കായി സമാധാനം കൊണ്ടു വരുമെന്ന്‌
ചരിത്രത്തിന്റെ ഓരോ വയലുകളിലും
അമര്‍ന്ന്‌ നിശബ്ദമാവുന്നതിനെ കുറിച്ച്‌
നിങ്ങളേക്കാള്‍ നന്നായി ആരറിയാനാണ്‌ ?
അടര്‍ന്നു വീഴുന്ന ചുവന്ന ദലങ്ങളെ കുറിച്ച്‌
കഴുത്തു ഞെരിക്കപ്പെട്ട വസന്തത്തിന്റെ
ചുവന്ന മൌനങ്ങളെ കുറിച്ച്‌
ഒരൊറ്റ തുള്ളി ചോരയിലൂടെ നിലവിളിച്ചു കൊണ്ടിരിക്കുന്ന
ഭൂമിയെ കുറിച്ച്‌
നിങ്ങളേക്കാള്‍ നന്നായി ആരറിയാനാണ്‌ ?
*Bahman Ghobadi യുടെ Turtle can fly എന്ന ചിത്രത്തിലെ സദ്ദാം ഭരണ കൂടത്തിന്‍ കീഴില്‍ ബലാത്സംഗത്തിന്‌ ഇരയാക്കപ്പെടുന്ന ഒരു പെണ്‍കുട്ടി
**ഗ്രാമത്തില്‍ ആദ്യമായി ഡിഷ്‌ ആന്റിന കൊണ്ടു വരുന്ന ഒരു ചെറുപ്പക്കാരന്‍ അഗ്രിനോട്‌ അയാള്‍ക്ക്‌ സ്നേഹമുണ്ട്
***അമേരിക്കന്‍ വിമാനങ്ങള്‍

Monday, August 24, 2009

മിസ്‌ കോള്‍

എന്റെ മൊബൈലിപ്പോള്‍ മിടിക്കാറില്ല
സേവ്‌ ചെയ്തിട്ട അക്കങ്ങളില്‍
ദൂരങ്ങള്‍ മരിച്ചു കിടക്കുന്നു
അവ കൊണ്ടു പോകാറില്ല എന്നെയിപ്പോള്‍
ഓര്‍മകളിലേക്കൊ, സ്വപ്നങ്ങളിലേക്കൊ
വര്‍ത്തമാനത്തിലേക്ക്‌ തന്നെയൊ
എത്തിപ്പിടിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ എനിക്കപ്പുറം
എന്റെ പരിധിയിലില്ലാത്തൊരു ലോകത്തെ കുറിച്ചതു
പറഞ്ഞു കൊണ്ടിരിക്കുന്നു
അതിന്റെ വഴികള്‍, വഴക്കങ്ങള്‍ എനിക്ക്‌ തീര്‍ത്തുമപരിചിതം
ആര്‍ക്കുമയക്കാതെ എടുത്തു വെച്ചൊരു സന്ദേശത്തില്‍
വാക്കുകള്‍ പനിച്ചു കിടക്കുന്നു
ഇടയ്ക്കിടെ ബാറ്ററി കുറഞ്ഞു കുറഞ്ഞു വരുന്നുവെന്ന
വഴ്വിന്റെ ദൈന്യം മാത്രം തെളിയുന്നു
എങ്കിലും പോക്കു വരവുകള്‍ നിലച്ച ജീവിതത്തെ പോലെ തന്നെ
കൂടെ കൊണ്ടു നടക്കാറുണ്ടെപ്പോഴും ഞാനതിനെ
അതിലിപ്പോഴും നിശബ്ദമായി
മഴ പെയ്തിരുന്നെന്ന്‌
വെയില്‍ പരക്കുന്നുവെന്ന്‌
തുമ്പികള്‍ പറന്നിറങ്ങാറുണ്ടെന്ന്‌
അവയുടെ കണ്ണിലിപ്പോഴും നമ്മുടെ
വിചിത്ര സ്വപ്നങ്ങള്‍ തന്നെയാണെന്ന്‌
തുമ്പ പൂവിറുക്കാന്‍ കുട്ടികളിപ്പോഴും
റെയിലോരത്ത്‌ വരാറുണ്ടെന്ന്‌
മുറ്റത്തെ പച്ചയില്‍ ചെമ്പരത്തി ചോപ്പാണെന്ന്‌
ഓണക്കോടിയെടുത്തൂട്ടൊയെന്ന്‌
വരില്ലെയെന്ന്‌
ഒരു മിസ് കോളെങ്കിലും വഴി തെറ്റി
മിടിച്ചെങ്കിലൊയെന്നൊരു കാത്തിരിപ്പ്‌
ഒറ്റയ്ക്ക്‌ നീളുന്നുണ്ടങ്ങിനെ………..

Monday, July 27, 2009

ചോദിക്കപ്പെടാതെ പോയ ചോദ്യങ്ങള്‍

മഴ പറയുന്നു
ഒര്‍മകളെ കുറിച്ച്‌ ഞങ്ങളോട്‌ ചോദിക്കരുത്‌
അതില്‍ ആരൊക്കെ നനഞ്ഞൊലിച്ചു പോയെന്ന്‌
ഞങ്ങള്‍ക്കറിയില്ല
പുഴ പറയുന്നു
കടവുകളെ കുറിച്ച്‌ ഞങ്ങളോട്‌ ചോദിക്കരുത്‌
അവിടെ ആരൊക്കെ കാത്തു നിന്നിരുന്നെന്നൊ
ആരൊക്കെ എന്നന്നേയ്ക്കുമായ്‌ ഒറ്റപ്പെട്ടുപോയെന്നൊ
ഞങ്ങള്‍ക്കറിയില്ല
കടല്‍ പറയുന്നു
തുറമുഖങ്ങളെ കുറിച്ചും കരകാണായാത്രകളെ കുറിച്ചും
ഞങ്ങളോട്‌ ചോദിക്കരുത്‌
എത്രയെത്ര അധിനിവേശങ്ങള്‍ നടന്നെന്നൊ
എന്തൊക്കെ കൊള്ളയടിക്കപ്പെട്ടെന്നൊ ഞങ്ങള്‍ക്കറിയില്ല
എന്നിട്ടും ജീവിതത്തിലും ചരിത്രത്തിലുമെല്ലാം
ചോദിക്കപ്പെടാതെ പോയ ചോദ്യങ്ങളിലൊക്കെ
നനഞ്ഞൊലിച്ചു കൊണ്ടേയിരിക്കുന്നു ഒരു മഴ
ഒഴുകി നിറഞ്ഞു കൊണ്ടേയിരിക്കുന്നു ഒരു പുഴ
അലയടിച്ചു കൊണ്ടേയിരിക്കുന്നു ഒരു കടല്‍
ബ്ലോത്രം വാരാന്ത്യ പതിപ്പില്‍ അടിച്ചു വന്നത്‌

Tuesday, June 23, 2009

കാറ്റിലിപ്പോഴും ഒരു കുഞ്ഞു പൂവ്‌ തേങ്ങുന്നുണ്ടെന്ന്‌.........

രാത്രിയിലേക്ക്‌ പറന്നുപോയിരുന്നു
ദുഃഖത്തിന്റെ രണ്ടു ചിറകുകള്‍
അവസാന ഗാനവും നിന്നെ കൂട്ടാതെ
കടന്നു പോയെന്ന്‌ എത്ര വട്ടം വായിച്ചു
തീര്‍ന്നതാണീ പാളങ്ങള്‍
എന്നിട്ട്‌ ഇനിയില്ല ഇനിയില്ലെന്നെത്ര വട്ടം
പകലായതാണ്‌
എന്നിലിപ്പോള്‍ തെളിയാറില്ല സുഹൃത്തെ പച്ച
എന്റെ വേനലില്‍ കുടയായ്‌ കടന്നു പോയിരുന്നു
നരച്ചൊരു ഹൃദയം
ഇനിയൊരു മഴയും നനഞ്ഞൊലിക്കാനാവില്ലെന്ന്‌
ഏത്‌ മഞ്ഞു കാലത്തിലേക്ക്‌
നിശബ്ദമായി പോയാണാവൊ ?
അല്ലെങ്കിലും എടുത്തു വെക്കാന്‍ വീടില്ലാത്തവന്റെ
ഓര്‍മകളില്‍ നിന്നും ഇറങ്ങി നടന്നു കൊണ്ടേയിരിക്കും
വഴികള്‍ തിരിച്ചെത്താതെ
ആരുമില്ല ആരുമില്ലെന്ന്‌ ഇല പൊഴിച്ചു കൊണ്ടേയിരിക്കും
മരങ്ങളില്‍ നിന്നും ഉള്ളില്‍ കുരുങ്ങും ചിറകടികള്‍
ഇനി മടക്കമില്ലെന്നുറപ്പിച്ച്‌ ഇറങ്ങാന്‍ തുടങ്ങുമ്പോഴൊക്കെ
കാറ്റിലിപ്പോഴും ഒരു കുഞ്ഞു പൂവ്‌ തേങ്ങുന്നുണ്ടെന്ന്‌
വഴിയില്‍ ഒരുണക്കിലയുടെ
അമര്‍ന്ന ഞരക്കമാവുന്നതെന്തിനാണു
നീ സുഹൃത്തെ ?

Wednesday, May 27, 2009

ക്രെയിന്‍ ഷോട്ട്‌

നിശബ്ദതയില്‍ തുളകള്‍ വീഴുന്ന മീഡിയം ഷോട്ടുകള്‍ക്കും
നഗരങ്ങള്‍ എരിഞ്ഞു കൊണ്ടിരിക്കുന്ന ലോങ്ങ്‌ ഷോട്ടുകള്‍ക്കും
ദുഃഖങ്ങളെ എങ്ങനെ വിവര്‍ത്തനം ചെയ്യണമെന്നറിയാത്ത
ക്ലോസപ്പുകള്‍ക്കും ശേഷം
ദൈവത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഷോട്ടില്‍
തകര്‍ന്നു കിടക്കുന്ന കെട്ടിടങ്ങളില്‍ നിന്നും
ചതഞ്ഞും മുറിഞ്ഞും കരിഞ്ഞും
കിടക്കുന്ന മനുഷ്യരില്‍ നിന്നും
അവയ്ക്കിടയിലെ നിസ്സഹായമായ കരച്ചിലുകളില്‍ നിന്നും
മെല്ലെ മെല്ലെ ഉയര്‍ന്നു പോകുന്നു
ആരുമറിയാതൊരു ക്യാമറ

Monday, May 25, 2009

വെളിച്ചത്തിന്റെ വെള്ളി നൂലു കൊണ്ട്‌ നെയ്ത കുഞ്ഞുടുപ്പുകള്‍

ആ തെരുവില്‍
ആ വളവില്‍
ആ പീടികയിലെ ഹാങ്ങറില്‍ തൂങ്ങി കിടന്ന്‌
വെളുപ്പില്‍ ഇളം നീല പൂക്കളുമായ്‌
ഉടലില്ലാത്ത ഒരു ചിരി ചിരിക്കും
ഒരു കുഞ്ഞുടുപ്പ്‌
അതിലൂടെ വരുമ്പോഴൊ പോകുമ്പോഴൊ
ഒന്ന്‌ നോക്കും
തല കുനിച്ച്‌ നടക്കും
മുഷിഞ്ഞ ഓര്‍മകളും
ഒറ്റവറ്റുള്ള സ്വപ്നങ്ങളും
ഇന്നെലെയാണ്‌ ഞാനതവള്‍ക്ക്‌ വാങ്ങി കൊടുത്തത്‌
ഇന്നവള്‍ വെളിച്ചത്തിന്റെ വെള്ളി നൂലു കൊണ്ട്‌ നെയ്ത-
കുഞ്ഞുടുപ്പുള്ള ഒരു മാലാഖ
എന്നിട്ടും ഇപ്പോഴും
ആ തെരുവില്‍
ആ വളവില്‍
ആ പീടികയിലെ ഹാങ്ങറില്‍ തൂങ്ങി കിടന്ന്‌
വെളുപ്പില്‍ ഇളം നീല പൂക്കളുമായ്‌
ഉടലില്ലാത്ത ഒരു ചിരി ചിരിക്കും
ഒരു കുഞ്ഞുടുപ്പ്‌
അല്ലല്ല കുഞ്ഞുടുപ്പുകള്‍

Wednesday, May 20, 2009

വെളുത്ത പൂക്കള്‍

വെളിച്ചത്തെ കുറിച്ചുള്ള നിങ്ങളുടെ ധാരണകള്‍
ഇരുട്ട്‌ നിറഞ്ഞതാണെന്ന്‌
നിങ്ങളുടെ ഇരുട്ടിലേക്ക്‌ ഒരു തുള്ളി വെളിച്ചം പോലും
വീഴ്ത്താഞ്ഞതാണ്‌ നിങ്ങളുടെ വരികള്‍
ഇത്ര ദുര്‍ബലമായി പോയതെന്ന്‌
രാത്രിയില്‍ വഴിയരികിലൂടെ നടന്നു പോകുന്ന
ഏകാന്തനായ യാത്രികനോട്‌
വിളക്കുകാലുകള്‍ മുഷിയുന്നു
സിഗരറ്റില്‍ നിന്നും
അയാള്‍ പുകച്ചു തള്ളുന്ന ഓര്‍മകള്‍
ഇരുട്ടിനോട്‌ വെളിച്ചത്തെ കുറിച്ചപ്പോള്‍
ഗൂഢാലോചന നടത്തുന്നുണ്ട്‌
അപ്പോഴും
പാടാന്‍ മറന്നു പോയ പാട്ടു പോലെ
ഇരുട്ടിന്റെ ഈരടികളില്‍
അയാളുടെ ഉള്ളില്‍ കൊച്ചു കൊച്ചു വെളിച്ചങ്ങള്‍
ഇരുട്ട്‌ പെയ്തു തീര്‍ന്ന ഇന്നത്തെ പ്രഭാതത്തില്‍
ഇനിയൊരിക്കലും എണീക്കില്ലെന്ന്‌ ശഠിച്ച്‌
അയാള്‍ കിടക്കുമ്പോള്‍
അയാള്‍ പിന്നിലുപേക്ഷിച്ച്‌ പോയ വെളിച്ചങ്ങളാണൊ
പുറത്തെ തൊടിയില്‍ വെളുത്ത പൂക്കളായ്‌
ചിതറി കിടക്കുന്നത്‌ ?

Wednesday, May 6, 2009

ചുവപ്പാണെന്റെ പേര്‌

കണ്ണുകളിലേക്കുറ്റു നോക്കി, മെല്ലെ മാറോടു ചേര്‍ത്തണച്ച്‌
അധരങ്ങളില്‍ അമര്‍ത്തി ചുംബിക്കുന്നു
രണ്ടു കണ്ണുകള്‍ കൂട്ടിമുട്ടുമ്പോള്‍
ഏതൊക്കയൊ ആകാശങ്ങളില്‍ വെളിച്ചത്തിന്റെ ചെടികള്‍
പൊട്ടിമുളക്കുന്നുവെന്ന്‌
രണ്ടധരങ്ങള്‍ പരസ്പരം വിനിമയം ചെയ്യുമ്പോള്‍
ഭൂമിയിലെവിടെയൊക്കയൊ നനവുകള്‍ ഊറുന്നുവെന്ന്‌
രണ്ടാകസ്മികതകള്‍ ഒരൊറ്റ ആശ്ലേഷമാവുമ്പോള്‍
ഭൂമിയിലാകെ പച്ച തിരയടിക്കുന്നുവെന്ന്‌
കാറ്റ്‌ വേഗത്തിന്റെ വിത്തുകള്‍ കുഴിച്ചിട്ടതെവിടെയാണെന്ന്‌
ഞങ്ങള്‍ക്ക്‌ മാത്രമറിയാം
അനാദികാലം മുതല്‍ക്കുള്ള
ആശ്ലേഷങ്ങള്‍ എടുത്ത്‌ നിവര്‍ത്തി വായിക്കണം
അവയോരോന്നും ഓരോ കാവ്യങ്ങളാണ്‌
കണ്ണീരും വിയര്‍പ്പും പുരണ്ട അക്ഷരങ്ങളാല്‍
അവയ്ക്ക്‌ പലതും പറയാനുണ്ട്‌
ഓരോ ആശ്ലേഷവും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്‌
രണ്ട്‌ ശരീരങ്ങള്‍ കൂട്ടിമുട്ടുമ്പോള്‍
ചരിത്രത്തില്‍ വിപ്ലവങ്ങള്‍ സംഭവിക്കുന്നുണ്ട്‌
കാരണം രണ്ട്‌ ശരീരങ്ങള്‍ കൂട്ടിമുട്ടുമ്പോള്‍
ഉള്ളിലെ ചുവന്ന വെളിച്ചത്തില്‍
മിടിക്കുന്ന ഓരോ ഹൃദയവും ഒരു മുഷ്ടിയായുര്‍ന്ന്‌
ഭൂമിയിലെ ഓരോ നാമ്പിന്‌ വേണ്ടിയും
നിശബ്ദം അലമുറയിട്ടു കൊണ്ടിരിക്കുന്നു

Tuesday, April 28, 2009

പ്രതിഷേധങ്ങള്‍

തിരക്കോട്‌ തിരക്കാണ്‌
ഇരിക്കാനും നിക്കാനുമില്ല നേരം
നെട്ടോട്ടം തന്നെ
നേടാത്തതിനെ കുറിച്ച്‌, ആകാത്തതിനെ കുറിച്ച്‌
ഇല്ലായ്മകളെ കുറിച്ച്‌, വല്ലായ്മകളെ കുറിച്ച്‌
എന്തൊക്കെ
അതിനിടയില്‍ ജീവിതത്തില്‍ നിന്നും
ചോര്‍ന്നു പോകുന്ന ചില ആഴങ്ങളെ
ഓര്‍മപ്പെടുത്താനാവുമൊ
വേദനയിടയ്ക്ക്‌ നമ്മിലേക്കിങ്ങനെ
ഒരൊറ്റയാള്‍ ജാഥയാവുന്നത്‌ ?
മൌനത്തിന്റെ മുറിയില്‍
ഓര്‍മകള്‍ നമ്മളെയിങ്ങനെ
ഘേരാവൊ ചെയ്യുന്നത്‌ ?

Tuesday, April 21, 2009

ആത്മഹത്യ

വരികളുടെ പാളങ്ങളില്‍ തല വെച്ചു കിടന്നു
ഇപ്പോള്‍ കേള്‍ക്കാം
വാക്കുകളുടെ തുറസ്സുകള്‍ക്കും
മൌനത്തിന്റെ തുരങ്കങ്ങള്‍ക്കും
അപ്പുറത്ത്‌ നിന്ന്‌
ഇതുവരെ ആരും കേള്‍ക്കാത്ത ഭാഷയില്‍
ഇരുട്ടിന്റേയും വെളിച്ചത്തിന്റേയും സ്വര വിന്യാസങ്ങളില്‍
വളഞ്ഞു പുളഞ്ഞ്‌ വരുന്നത്‌
ആഴങ്ങളെ മുറിച്ച്‌, നുണകളെ തുളച്ച്‌
ഇപ്പോള്‍ എത്തും
അതിന്റെ വൈദ്യുത സ്പര്‍ശത്തില്‍ നിന്നും
ചിതറി വീഴുന്ന നിലവിളികളെ
ചേര്‍ത്തു വെച്ചു വായിച്ചാല്‍
അതിനു നിന്റെ പേരാകും

Friday, April 17, 2009

നാക്ക്‌

പ്രാചീനമായ ആ ഗുഹയിലെ നിന്റെ പിടപ്പുകളെ
ഞങ്ങളാദ്യം ചില വിനിമയങ്ങളിലേക്ക്‌
വിവര്‍ത്തനം ചെയ്തു.
പിന്നെ ചില ചിഹ്നങ്ങളിലേക്ക്‌ വെട്ടിയൊതുക്കി.
നിന്റെ ചലനങ്ങളിലൂടെ ഞങ്ങള്‍ അറിഞ്ഞു, വളര്‍ന്നു.
ഇന്ന്‌ നിന്റെ നിശ്ചലതയ്ക്ക്‌ പോലും
എത്ര അര്‍ത്ഥങ്ങള്‍, അര്‍ത്ഥാന്തരങ്ങള്‍
നിന്റെ നൃത്തങ്ങളെ വായുവില്‍
സമയം കൊണ്ടെഴുതിയതല്ലെ ഞങ്ങളുടെ പാട്ടുകള്‍
ഹിറ്റ്ലര്‍ തൊട്ട്‌ ബാരക്‌ ഒബാമ വരെ
നിന്റെ എല്ലില്ലാത്ത വളയലുകളല്ലാതെ മറ്റെന്താണ്‌
സത്യത്തിലും മിഥ്യയിലും നീ
ഒരുപോലെ മടങ്ങുന്നു, നിവരുന്നു
ഉയരുന്നു, താഴുന്നു, ഞെരിയുന്നു, അമരുന്നു
എന്നിട്ടും എന്താണ്‌ ചിലതു മാത്രം ഞങ്ങള്‍ക്ക്‌
സത്യവും ചിലതു മാത്രം മിഥ്യയും ആകുന്നത്‌ ?
എരിഞ്ഞും അലിഞ്ഞും ജീവിതത്തിന്റെ
രുചിഭേദങ്ങളിലൂടെ സഞ്ചരിക്കുന്ന
നീ തന്നെ എല്ലാമറിയുന്നവന്‍
ഞാനോ, ഇന്നെന്റെ കവിത കൊണ്ട്‌
ചരിത്രത്തിന്റെ നിശബ്ദമായ ഇടങ്ങളില്‍ നിറയെ
നിന്നെ നട്ടുമുളപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു
അവിടെ അമര്‍ന്നുപോയ നിലവിളികളും രോദനങ്ങളും
നിന്നിലൂടെ ഉയിര്‍ത്തെണീക്കാന്‍
അധികാരത്തിന്റെ അടഞ്ഞ കാതുകളിലേക്ക്‌
അതങ്ങനെ തുളഞ്ഞു തുളഞ്ഞു ചെല്ലാന്‍

Thursday, March 26, 2009

മായ്ച്ചു കളയലിന്റെ ചില ആദ്യ പാഠങ്ങള്‍

സ്ലേറ്റില്‍ ഞങ്ങള്‍ വരഞ്ഞു വെച്ചിരുന്ന
നിറയെ പൂക്കളുള്ള വീടിനെ അടുത്ത ദിവസം
ചെയ്തു ചെല്ലേണ്ട കൂട്ട പട്ടികയിലേക്ക്‌
മായ്ച്ചുവച്ചിരുന്നു വെള്ളത്തണ്ട്‌
ടീച്ചറില്ലാത്ത സമയത്ത്‌
കറുത്ത ബോര്‍ഡില്‍ എഴുതിവെച്ചിരുന്ന
ഞങ്ങളുടെ കൊച്ചു കൊച്ചറിവുകളെ
മായ്ച്ചു കളഞ്ഞിരുന്നു ശാസനയുടെ ഡസ്റ്ററുകള്‍
വ്യാകരണം തെറ്റിച്ചു വരുന്ന വാക്കുകളെ
ഇരട്ടവര പുസ്തകത്തിലെ അതിര്‍ത്തി ലംഘിക്കുന്ന അക്ഷരങ്ങളെ
മായ്ച്ചു കളയുമായിരുന്നു റബറുകള്‍
ഇന്ന്‌ അതിര്‍ത്തി ലംഘിക്കുന്ന ബോധങ്ങളെ
വ്യാകരണം തെറ്റിച്ചു വരുന്ന ജീവിതങ്ങളെ
വീടിനെ കുറിച്ചുള്ള അവരുടെ സ്വപ്നങ്ങളെ
ചരിത്രത്തിന്റെ കറുത്ത ബോര്‍ഡില്‍
അവര്‍ എഴുതിവെക്കുന്ന കൊച്ചു കൊച്ചറിവുകളെ
ഒറ്റ ബോംബിനാല്‍ മായ്ച്ചു കളയാം
എന്നറിഞ്ഞതില്‍ പിന്നെയാണ്‌
എന്റെ ഗൃഹാതുരത്വത്തിന്റെ ക്ലാസ്സില്‍ നിന്നും
വെള്ളത്തണ്ടുകളേയും ഡസ്റ്ററുകളേയും റബറുകളേയും
ഞാന്‍ പുറത്താക്കിയത്‌

Monday, March 16, 2009

കോളാമ്പി പൂവ്‌

വേലിക്കല്‍ ജീവിത ലഹരിയുടെ പച്ചയില്‍
ധ്യാനത്തിന്റെ തെളിമയാര്‍ന്ന മഞ്ഞ
സൂര്യന്റെ മഞ്ഞ വിരലുകളുടെ തലോടല്‍
ഇതിലൊന്നുമൊരു കാര്യമില്ലെന്ന്‌
അപ്പുറത്തെ ചെമ്പരത്തി ചുവക്കും
തൊടിയില്‍ നിന്ന്‌ മന്ദാരങ്ങള്‍ അവയ്ക്ക്‌ നേരെ
വിശുദ്ധിയോടെ ചിരിക്കും
പിച്ചകങ്ങള്‍ നക്ഷത്ര കണ്ണിറുക്കും
മുള്ളുകള്‍ക്കിടയിലിരുന്ന്‌ റൊസാപൂ
പ്രണയത്തോടെ നോക്കും
അതൊന്നുമറിയാതെ
പരാഗണത്തിന്റെ ഒരു നിശബ്ദമായ അനുഭൂതിയില്‍
മരണത്തെ ഗര്‍ഭം ധരിക്കുകയായിരിക്കും
അവളപ്പോള്‍

Thursday, March 5, 2009

കറുത്ത നദികള്‍

നമുക്കിടയിലെ ഈ കറുത്ത നദി
ഒഴുകി ഒഴുകി ഏകതാനമായ ഒഴുക്കിന്റെ
വിരസതയില്‍ ശാഖകളായ്‌ പിരിഞ്ഞ്‌
വേറിട്ട വഴികളും ലക്ഷ്യങ്ങളുമാവുന്നു
ഇതിലൂടെ എന്റെ പെട്ടകത്തില്‍
നിനക്കുള്ള ഓര്‍മകളും സ്വപ്നങ്ങളും
കുത്തി നിറച്ച്‌ ഞാന്‍ വരുന്നു
എനിക്കു മാത്രമറിയാവുന്ന ആ നഗരത്തിലെ
ഒരു അപ്പാര്‍ട്ട്‌മെന്റില്‍
മൂന്നാമത്തെ ഫ്ലോറിലെ ഒന്നാം നമ്പര്‍
മുറിയില്‍ നീയെന്നെ കാത്തുകിടക്കുകയാണ്‌
അതെ ഞാന്‍ വരുന്നു
നിന്റെ കുന്നുകളിലും താഴ്വാരങ്ങളിലുമിപ്പോള്‍
പ്രണയത്തിന്റെ വസന്ത കലാപങ്ങളാണ്‌
നിന്റെ യോനി ഒരു ദൈവത്തിലേക്ക്‌ തുറക്കുന്നു
ഞാന്‍ ഓര്‍ക്കുന്നു
ജലം അന്വ്വേഷിച്ചുള്ള എന്റെ യാത്രയില്‍
വേരുകളുടെ ഒരു തിരുവില്‍ വെച്ചാണ്‌
നമ്മള്‍ ആകസ്മികമായ്‌ കണ്ടുമുട്ടിയത്‌
കള്ളി, നേര്‍വഴികളിലൂടെ നടന്ന്‌ നടന്നാണ്‌
എനിക്കു വഴി തെറ്റിയതെന്ന്‌
നീ എത്ര വേഗമാണ്‌ കണ്ടുപിടിച്ചത്‌
നിന്റെയടുത്തിങ്ങനെ കിടക്കുമ്പോഴും
എന്റെയുള്ളില്‍ ഒരു ചുവന്ന നദിയൊഴുകുന്നു
സ്വന്തം ഉറവിടത്തില്‍ നിന്നും ഒഴുകി പിരിഞ്ഞ്‌
കോശങ്ങളില്‍ നിന്ന്‌ കോശങ്ങളിലേക്ക്‌ സഞ്ചരിച്ച്‌
എന്റെ ഓര്‍മകളേയും പ്രണയങ്ങളേയും
പ്രത്യയ ശാസ്ത്രങ്ങളേയും നനച്ച്‌
അത്‌ സ്വന്തം ഉറവിടത്തിലേക്കു തന്നെ
മടങ്ങിപോകുന്നു
അതറിയുന്നില്ല ആ വാതിലിനപ്പുറത്തെ വെളിച്ചത്തില്‍
തിളങ്ങുന്ന ഒരു മൂര്‍ച്ച അതിനെ കാത്തു നില്‍ക്കുന്നത്‌
അതിനെ അതിന്റെ ഉറിവടത്തില്‍ നിന്നുമെന്നന്നേയ്ക്കുമായ്‌
മോചിപ്പിക്കാന്‍
നിനക്കറിയാമൊ സ്വന്തം ഉറവിടത്തില്‍
നിന്നുമിങ്ങനെ മോചിപ്പിക്കപ്പെട്ടവയാണ്‌
കറുത്ത നദികളായ്‌ പരിണമിക്കുന്നത്‌
അല്ലെങ്കിലും എനിക്കു മടുത്തിരിക്കുന്നു
നമുക്കു ചുറ്റും വളര്‍ന്നു പെരുകുന്ന
പുല്‍ക്കൊടികളുടെ ഈ മൌനം
അതുകൊണ്ട്‌ ഇതൊരു താത്കാലികമായ വിടവാങ്ങലാണ്‌
ഭൂമിയുടെ ഓരോ പച്ചയിലും നീ
നിലവിളിയുടെ കൈകളായ്‌ ഉയരുമ്പോള്‍
ഞാന്‍ പുനര്‍ജനിക്കും
ഒരു പുല്‍ച്ചാടിയുടെ ഹരിത സംഗീതമാര്‍ന്നൊരുടലുമായ്‌

Thursday, February 5, 2009

പിണക്കം

വന്നിട്ട്‌ കുറച്ച്‌ നാളായിരുന്നു
വരുമ്പോഴൊക്കെ മറഞ്ഞു നിന്നെന്നെ വിളിക്കും
അതോടെ ഞാന്‍ പുസ്തകം അടച്ചു വെക്കും
പിന്നെ അത്തള പിത്തള തവളാച്ചിയാവും
ആനയാവും കുതിരയാവും
പേന കിട്ടിയാല്‍ പടം വര തുടങ്ങും
വരച്ച്‌ വരച്ച്‌ എന്റെ ഡയറി വരെയെത്തും
അതിലെ വേദന നിറഞ്ഞ വരികളില്‍ നിറയെ
പൂക്കള്‍ വരഞ്ഞു വെക്കും
അവളുടെ കാക്കയും പൂച്ചയും
കുരങ്ങനും തത്തയുമെല്ലാം
എന്റെ സ്വാകാര്യതയെ കയ്യടക്കും
എങ്കിലും അടുത്തുള്ളപ്പോള്‍
അവള്‍ വരഞ്ഞ വീടിന്റെ പിന്നിലെ
കുന്നിനുമേല്‍ വിരിയുന്ന പുലരിയെ പോലെ
ഉള്ളു തെളിയും
കഴിഞ്ഞ പ്രാവശ്യം മുറ്റത്തെ
റോസാ പൂവിനു നേരെ കൈനീണ്ടപ്പോള്‍
ചീത്ത പറഞ്ഞു
മുഖം വീര്‍പ്പിച്ച്‌ പങ്ക്‌ വെട്ടിയാണ്‌ പോയത്‌
ഇന്നെലെയാണ്‌
പത്രത്തിലെ ആത്മഹത്യാ വാര്‍ത്തയില്‍
ഫോട്ടോകളുടെ നിരയില്‍ നിന്ന്‌
ഒരു പിണക്കുവുമില്ലെന്ന്‌ എന്നെ നോക്കി ചിരിക്കുന്നു

Saturday, January 31, 2009

മരണത്തിന്റെ മുനമ്പില്‍

അവള്‍ യാത്ര പറഞ്ഞു പോകുമ്പോഴൊക്കെ
എന്തിനൊ ഉള്ളുരുകുന്നു
ഇനിയവളെ കാണില്ലെന്നും കുറ്റിക്കാട്ടില്‍
കഷ്ണങ്ങളായ്‌ കണ്ടെടുത്തേക്കുമെന്നും
ഭയം ഉരുണ്ടുകൂടുന്നു
കടം കേറി മുടിഞ്ഞൊരു ജീവിതത്തെ കുറിച്ച്‌
സുഹൃത്ത്‌ നെടുവീര്‍പ്പിട്ടതിനു ശേഷം
ഉത്തരത്തില്‍ ആരോ തൂങ്ങിയാടുന്ന
ഒച്ച കേട്ടുറക്കത്തില്‍ ഞെട്ടിയുണരുന്നു
അയല്‍ വീട്ടില്‍ ഉച്ചത്തിലൊരൊച്ച കേട്ടാല്‍
ഗ്യാസ്‌ പൊട്ടിത്തെറിച്ചെന്ന്‌ മനസ്സ്‌ വെകിളി പിടിക്കുന്നു
ആരുമില്ലാത്തപ്പോള്‍ വീടിന്റെ പിന്‍വാതിലിലൂടെയാരൊ
പതുങ്ങി വന്ന്‌ ഇഷ്ടിക കൊണ്ടമ്മയുടെ
തലയ്ക്കടിച്ചെല്ലാം കവര്‍ന്നെടുക്കുന്നതായി
ഒഫീസിലിരുന്നു വിയര്‍ക്കുന്നു
ബസ്സിലിരിക്കെ അടുത്ത നിമിഷമെല്ലാം
ചിതറിത്തെറിക്കുമെന്ന്‌ ടൈം ബോംബ്‌ കണക്കെ
ഹൃദയം മിടിക്കുന്നു
പറയൂ സുഹൃത്തെ മരണത്തിന്റെ മുനമ്പിലൂടിങ്ങനെ
ഒറ്റയ്ക്ക്‌ നടക്കയാലാണൊ
നിങ്ങള്‍ക്കെന്റെ ഭാഷ മനസിലാകാതെ പോകുന്നത്‌
നിങ്ങളെന്നെയിങ്ങനെ തുറിച്ചു നൊക്കുന്നത്‌

Thursday, January 22, 2009

എവിടെയൊ എല്ലാ ഉറക്കങ്ങളും ഒറ്റി കൊടുക്കപ്പെട്ടിരിക്കുന്നു

ഇന്നലെ രാത്രി നിങ്ങള്‍ കേട്ടിരുന്നൊ ആ ശബ്ദം
എന്തൊ പൊട്ടിത്തെറിക്കുന്നതു പോലെ
ഒരു പക്ഷെ നിങ്ങള്‍
നല്ല ഉറക്കത്തിലായിരുന്നിരിക്കും
അല്ലെങ്കില്‍ അറിഞ്ഞിട്ടുണ്ടാകും
ഒന്നുമില്ലെന്ന്‌ ഭാവിച്ച്‌ വീണ്ടും പുതച്ചുമൂടി
കിടന്നിട്ടുണ്ടാകും
ഞാന്‍ ഞെട്ടിയുണരുക തന്നെ ചെയ്തു
ചുമരില്‍ സീറൊ വാട്ട്‌ ബള്‍ബില്‍ നിന്നും
ചോര ഒഴുകി പരന്നിരിക്കുന്നു
മകള്‍ വിരല്‍ മൊത്തി കൊണ്ടുറങ്ങുന്നു
അവളുടെ മുഖത്ത്‌ പേടികൊണ്ടെന്ന വണ്ണം
ഒരു വിളറിയ ഭാവം കൊണ്ടു വന്നു അത്‌
അഗാധതയില്‍ നിന്നെന്ന പോലെ അപ്പോഴും
എന്തൊ മിടിക്കുന്ന ശബ്ദം ഞാന്‍ കേട്ടു
പുറത്ത്‌ ഓര്‍മകളും വ്രണങ്ങളും വേദനകളും നിറഞ്ഞ
പലായനത്തിന്റെ ഒരു കാറ്റ്‌ വീശി കടന്നു പോയ്‌
എവിടെയൊ എല്ലാ ഉറക്കങ്ങളും ഇതുപോലെ
ഭയത്തിന്റെ ടാങ്കറുകള്‍ക്ക്‌ ഒറ്റി കൊടുക്കപ്പെട്ടിരിക്കുന്നു

Friday, January 16, 2009

ഓരോ മുറിവും നിശബ്ദമായ ഒരു വിശപ്പാണ്‌

ഗാസയിലും സൂര്യന്‍ കിഴക്കു തന്നെയായിരിക്കും ഉദിക്കുന്നത്‌
ഇതേ ആകാശം തന്നെയായിരിക്കും
ഇരുട്ടു വീഴുമ്പോള്‍ അവിടെയുള്ളവര്‍ തിരിഞ്ഞു നടക്കുന്നത്‌
നമ്മളെ പോലെ ഒരു വീടു തേടി തന്നെയായിരിക്കും
അവിടേയും അമ്മമാരുടെ കണ്ണുകളില്‍ നിന്നിറ്റുവീഴുന്നത്‌
മക്കളെ ചൊല്ലിയുള്ള ആധികള്‍ തന്നെയായിരിക്കും
ചിലപ്പോള്‍ വഴികളും ഇതുപോലെ തന്നെയായിരിക്കും
നമ്മുടെ പുളിയും മാവുമൊക്കെ അവിടേയും ഉണ്ടാവുമൊ ആവൊ ?
എങ്കിലും മരങ്ങള്‍ക്കെല്ലാം പച്ചയിലകള്‍ തന്നെയായിരിക്കും
രൂപങ്ങളും ആചാരങ്ങളും മാറുമെങ്കിലും
അവിടുത്തെ മനുഷ്യരിലൂടെ ഒഴുകുന്നതും ചോര തന്നെയായിരിക്കും
ചോരയ്ക്ക്‌ ചുവപ്പു നിറം തന്നെയായിരിക്കും
മുറിവേറ്റാല്‍ അവരും പിടയുമായിരിക്കും
എന്നിട്ടും അവിടെ മാത്രം എന്തുകൊണ്ടാണ്‌
കൈപ്പത്തി ഛേദിക്കപ്പെട്ട രണ്ടിളം കൈയ്യുകള്‍
എപ്പോഴും അമ്മമാരുടെ നേരേ നീളുന്നത്‌ ?
എന്തുകൊണ്ടാണ്‌ അവരുടെ കാത്തിരിപ്പുകള്‍
ഇങ്ങനെ ചിതറിതെറിക്കുന്നത്‌ ?
എന്തുകൊണ്ടാണ്‌ അവിടെയെപ്പോഴും
തോക്കുകള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്‌ ?
എന്തുകൊണ്ടാണ്‌ അവരുടെ ഓര്‍മകളിലെപ്പോഴും
രക്തത്തിന്റെ നനവു പടരുന്നത്‌ ?
എന്തുകൊണ്ടാണ്‌ ആളുകള്‍ അവിടെയെപ്പോഴും
മരണത്തെയിങ്ങനെ വിനിമയം ചെയ്തുകൊണ്ടിരിക്കുന്നത്‌ ?
എന്തുകൊണ്ടാണ്‌ ? എന്തുകൊണ്ടാണ്‌ ? എന്തുകൊണ്ടാണ്‌ ?
എന്തുകൊണ്ടാണ്‌ ഞാനിപ്പോള്‍ നിലവിളിയാകാതെ പോകുന്ന
വാക്കുകളെ കുറിച്ച്‌ ഇത്രമേല്‍ ഭയപ്പെടുന്നത്‌

Monday, January 5, 2009

ശല്യം

എന്ത്‌ പറഞ്ഞാലും കൂട്ടാക്കില്ല
വേണ്ടാത്തോടത്തക്കേ പോകൂ
വേണ്ടാത്തതേ ചെയ്യൂ
അങ്ങനെയാക്കണം ഇങ്ങനെയാക്കണം
എന്നൊക്കെ വിചാരിക്കും
നടക്കില്ല
എത്ര തല്ല്‌ കിട്ടിയാലും പഠിക്കില്ല
ഓര്‍ക്കണ്ട എന്ന്‌ വിചാരിക്കുന്നതൊക്കെ ഓര്‍മിപ്പിക്കും
ഓരോരൊ വാഗ്ദാനങ്ങള്‍ തന്ന്‌
കുഴിയില്‍ ചാടിക്കും
ഏത്‌ നേരവും പിറുപിറുന്നനെ പറഞ്ഞോണ്ടിരിക്കും
ഒരു സ്വൈരവും തരില്ല
ദൈവമെ നീയുണ്ടൊ വല്ലതും അറിയുന്നു
ഇങ്ങനെ സ്വയം ശല്യമായിരിക്കുന്നതിന്റെ ആവലാതികള്‍

Thursday, January 1, 2009

അറിയില്ലായിരുന്നു

അമ്മ അമ്മിഞ്ഞയില്‍ കയ്പ്പ്‌ പുരട്ടി
തന്നതെന്തിനാണെന്നറിയില്ലായിരുന്നു
അടുത്ത വീട്ടിലെ അമ്പ്രാള്‍ടെ പേരൊ
നാട്ടിലെ വഴികളൊ
ശരിക്കുമറിയില്ലായിരുന്നു
ശാരദേച്ചിയുടെ വേലിക്കല്‍ നിന്ന്‌
കുമാരേട്ടന്‍ കയ്യും കലാശവും
കാണിക്കുന്നതെന്തിനെന്നറിയില്ലായിരുന്നു
കളിച്ചു വളര്‍ന്നവളോടൊപ്പം
ഇനിയധികം ഒട്ടി നടക്കേണ്ടെന്ന്‌
അമ്മ ഒരു ദിവസം
വിലക്കിയതെന്തിനെന്നറിയില്ലായിരുന്നു
അച്ഛന്റെയൊപ്പം നടക്കാനിറങ്ങുമ്പോഴൊക്കെ
ഇവിടെ നിക്കിപ്പോള്‍ വരാമെന്ന്‌ പറഞ്ഞച്ഛന്‍
പോകുന്നതെങ്ങോട്ടെന്നറിയില്ലായിരുന്നു
ഞാനുണ്ടായതെങ്ങിനെയെന്നറിയില്ലായിരുന്നു
നല്ല രീതിയില്‍ നടക്കാനൊ നേരെ ചൊവ്വെ
സംസാരിക്കാനൊ അറിയില്ലായിരുന്നു
മിടുക്ക്‌ കാട്ടാനൊ സമ്മാനം വാങ്ങാനൊ
അറിയില്ലായിരുന്നു
പഠിച്ചു വലുതായി ആരാവണമെന്ന ചോദ്യത്തിന്‌
ഉത്തരമറിയില്ലായിരുന്നു
പിന്നെന്തിനാടായിങ്ങനെ ജീവിച്ചിരിക്കുന്നതെന്ന്‌
സത്യമായിട്ടുമെനിക്കറിയില്ലായിരുന്നു