Saturday, August 30, 2008

ബൈനോക്കുലര്‍

ഹൃദയത്തില്‍ നിന്ന്‌ കണ്ണെടുക്കുമ്പോള്‍
ചില കാഴ്ചകള്‍ അകന്നു പോകുന്നു
ചില മുഖങ്ങള്‍, സ്നേഹങ്ങള്‍
സന്തോഷങ്ങള്‍, ദുഃഖങ്ങള്‍
അകന്നുപോകുന്നു
ചില ദിവസങ്ങള്‍, വരികള്‍ അകന്നുപോകുന്നു
ഞാന്‍ തന്നെ എന്നില്‍ നിന്ന്‌
അകന്നകന്നുപോകുന്നു
എല്ലാം അകലെയായിരിക്കുമ്പോഴും
തൊട്ടടുത്താണെന്ന്‌ തോന്നിപ്പിക്കുന്ന
ഒരു ബൈനോക്കുലറാണെന്റെ ഹൃദയം

Thursday, August 21, 2008

തലതിരിയല്‍

എല്ലാം തല തിരിഞ്ഞു സംഭവിക്കുന്നുവെന്നിരിക്കട്ടെ
അപ്പോള്‍ സൂര്യന്‍ പടിഞ്ഞാറുദിച്ച്‌ കിഴക്കസ്തമിക്കും
അനന്തതയില്‍ നിന്ന്‌ പൂജ്യത്തിലേക്ക്‌ എണ്ണി തുടങ്ങും
മരണത്തില്‍ നിന്ന്‌ ജീവിതത്തിലേക്ക്‌ നയിക്കപ്പെടും
നുണകളെ സ്വീകരിക്കും
എന്നിട്ടും സത്യം പറഞ്ഞു കൊണ്ടിരിക്കും
സ്വപ്നങ്ങള്‍ യാഥര്‍ത്ഥ്യങ്ങളാകും
യാഥാര്‍ത്ഥ്യങ്ങളെ സ്വപ്നം കാണും
ദൈവം ചെകുത്താനാകും
നേടാതിരിക്കാന്‍ കഴിയാത്തതിനെ കുറിച്ച്‌
നാം വേവലാതിപ്പെടും
തോല്‍ക്കാനായി പരസ്പരം മത്സരിക്കും
ദുഃഖത്തിനു പിന്നാലെ ഓടി നടക്കും
ബന്ധങ്ങള്‍ വെറുപ്പിന്റെ അടിസ്ഥാനത്തില്‍
നിര്‍വചിക്കപ്പെടും
സ്നേഹത്തേയും പ്രണയത്തേയും ഇല്ലായ്മ ചെയ്യുന്നതിനെ കുറിച്ച്‌
ചര്‍ച്ചകള്‍ ഉണ്ടാകും
നമ്മള്‍ നഗ്നാരാകും
മിണ്ടാ പ്രാണികള്‍ സംസാരിക്കും
മരങ്ങള്‍ നടക്കും
ഗുരുത്വാകര്‍ഷണം മേലോട്ടാകും
താളമില്ലായ്മ താളമാകും
അങ്ങനെ തലതിരിഞ്ഞൊരു ലോകത്തില്‍
ഒരു കവി സൂര്യന്‍ കിഴക്കുദിച്ച്‌ പടിഞ്ഞാറസ്തമിക്കുന്ന
പൂജ്യത്തില്‍ നിന്ന്‌ അനന്തതിയിലേക്കെണ്ണുന്ന
ജനനത്തില്‍ നിന്ന്‌ മരണത്തിലേക്ക്‌ നയിക്കപ്പെടുന്ന
ഒരു തലതിരിഞ്ഞ ലോകത്തെ കുറിച്ച്‌ ഇങ്ങനെ
തലതിരിഞ്ഞൊരു കവിത എഴുതികൊണ്ടിരിക്കും

Wednesday, August 13, 2008

പഴയ സാധനങ്ങള്‍ വില്ക്കാനുണ്ടൊ?

പഴയ ഇരുമ്പു സാധനങ്ങളെ, കുപ്പികളെ, നോട്ടു പുസ്തകങ്ങളെ
പ്ലാസ്റ്റിക്കുകളെ വില്ക്കാനുണ്ടൊ……………?
എന്നിങ്ങനെ ഈണത്തില്‍ ചൊല്ലിയാണ്‌ അയാള്‍ വരാറ്‌
വന്നു കഴിഞ്ഞാല്‍ അമ്മ പിന്നാമ്പുറത്ത്‌ കൂട്ടി വെച്ച
കുപ്പികളും തകരപാത്രങ്ങളും
ഞങ്ങളുടെ പഴയ നോട്ടു പുസ്തകങ്ങളും
അയാള്‍ക്കു കൊടുക്കും
തൂക്കി നോക്കി കള്ള കണക്കു പറയുമ്പോള്‍
ചീത്ത പറയും
പേശി പേശി കാശു വാങ്ങും
ചില്ലറ ഞങ്ങള്‍ക്കു നാരങ്ങ മിഠായിക്കുള്ളതാണ്‌
വലുതായെ പിന്നെ അയാളെ കണ്ടിട്ടില്ല
കണ്ടാല്‍ കൊടുക്കാനായ്‌ ഞാന്‍ കരുതി വെച്ചിട്ടുണ്ട്‌
മുഷിഞ്ഞ സ്വകാര്യങ്ങളും
ഞെളുങ്ങിയ ശീലങ്ങളും
തുരുമ്പിച്ച ഓര്‍മകളും
നിറഞ്ഞ ഈ പഴയ തകരപ്പെട്ടി
എടുക്കുമൊ ആവൊ?, എന്തു വില തരുമൊ ആവൊ?

Tuesday, August 5, 2008

ട്രാഫിക് ജാം

മാര്‍ക്കറ്റിനടുത്തുള്ള റോഡില്‍ ചക്ക മടല്‍
കിടക്കുന്നത്‌ കണ്ട്‌
ഒരു പശു തിന്നാന്‍ ഇറങ്ങിയപ്പോഴാണ്‌
നിര നിരയായ്‌ നീങ്ങിയിരുന്ന വാഹനങ്ങളെല്ലാം
നിലവിളിച്ചു കൊണ്ട്‌ നിന്നത്‌
ഓഫീസിലേക്ക്‌, ഇന്റെര്‍വ്യൂവിന്‌, ആശുപുത്രിക്ക്‌, കല്യാണത്തിന്‌
പാര്‍ക്കിലേക്ക്‌, പോകുന്നവരോക്കെ വേവലാതി പൂണ്ടത്‌
കാറിന്റെ ചില്ലുകള്‍ താഴ്ത്തി തടിച്ചു ചീര്‍ത്ത
മുഖമുള്ള ഒരു വയസ്സന്‍
തൂവാല കൊണ്ട്‌ വിയര്‍പ്പ്‌ തുടച്ചത്‌
മുറിഞ്ഞ ജീന്‍സും ടീ ഷര്‍ട്ടുമിട്ട ഒരുവള്‍
ചൂടു സഹിക്ക വയ്യാഞ്ഞിട്ടെന്നവണ്ണം
മാറ്‌ ഊതിയാറ്റി കൊണ്ടിരുന്നത്‌
ആരുടേയൊ മൊബൈലില്‍ നിന്നും ജീനെ ക മസ..
ഒഴുകി വന്നത്‌
എഫ്‌ എം റേഡിയോവില്‍ ട്രാഫിക്കിനെ പ്പറ്റി ഒരുവള്‍
ശ്വാസം വിടാതെ സംസാരിച്ചത്‌
ഗെയ്മിലെ അടുത്ത കട്ട വീഴുന്നത്‌ നോക്കി
ഒരാള്‍ ഉല്‍ക്കണ്ഠയോടെ വിരലമര്‍ത്തി കൊണ്ടിരുന്നത്‌
അവസാനം എന്താതൊരു ബഹളം
എന്നെത്തി നോക്കിയ ഒരു ഗ്രാമീണനാണ്‌
ബ്‌ടെ, ബ്‌ടെ പയ്യെ എന്ന്‌ പറഞ്ഞ്‌ ചെന്നത്‌
അപ്പോഴേക്കും ചക്ക മടല്‍ തീര്‍ന്നിരുന്നു
തന്റെ നേര്‍ക്ക്‌ വരുന്ന ഗ്രാമീണനെ നോക്കി
പശു മ്പേ…….ന്ന്‌ ഏമ്പക്കമിട്ട്‌ മെല്ലെ നടന്നകന്നു

Friday, August 1, 2008

ആ വീട്ടില്‍.......

അവിടെ ഇപ്പോഴും പ്രഭാതത്തിന്റെ മൃദുലമായ കൈകള്‍
മൂടി പുതച്ചുറങ്ങുന്ന ഓര്‍മകളെ തട്ടിയുണര്‍ത്താറുണ്ട്‌
പിന്‍വശത്ത്‌ ഉണക്കിലകള്‍ കൂട്ടികത്തിച്ച അടുപ്പിനരികെയിരുന്ന്‌
ഒരു തണുപ്പ്‌ ചൂടുപിടിക്കാറുണ്ട്‌
കരി പിടിച്ച അടുക്കളയില്‍ ഒരു ഇല്ലായ്മ എന്തൊ പരതാറുണ്ട്‌
ശീലങ്ങള്‍ തട്ടുകയും മുട്ടുകയും ചെയ്യാറുണ്ട്‌
ഒരു മുഷിവ്‌ എന്തൊക്കയൊ മുറുമുറുക്കാറുണ്ട്‌
ഉച്ചയൂണു കഴിഞ്ഞ്‌ ഒരു മൌനം നാലും കൂട്ടി മുറുക്കി
മുറ്റത്തെ ചുവപ്പിക്കാറുണ്ട്‌
തെക്കിനിയില്‍ ഒരു ഭ്രാന്ത്‌ ഉത്തരം നോക്കി കിടക്കാറുണ്ട്‌
ചിലപ്പോള്‍ ഒരു പാട്ട്‌ മൂളാറുണ്ട്‌
വൈകുന്നേരം ഒരാകാംഷ നാരങ്ങ മിഠായിക്ക്‌
കാത്തിരിക്കാറുണ്ട്‌
എത്ര താരാട്ട്‌ പാടിയുറക്കിയാലും
പാതിരയ്ക്ക്‌ ദുഃസ്വപ്നം കണ്ടുണര്‍ന്ന്‌ ഒരു കരച്ചില്‍
ഇപ്പോഴും ആരെയൊക്കയൊ തേടാറുണ്ട്‌
അവിടെ……ആ വീട്ടില്‍...............