Saturday, December 13, 2008

കുഞ്ഞനീസ

വെള്ളത്തണ്ട്‌ തരാത്തതിന്‌
നീയെന്നെ നുള്ളിയിട്ടുണ്ട്‌
കൊത്താംകല്ല്‌ കളിച്ച്‌ തോറ്റതിന്‌
കൊഞ്ഞനം കുത്തിയിട്ടുണ്ട്‌
നിന്നെ കൂട്ടാതെ മേച്ചേരിക്കാരുടെ പറമ്പില്‍
മാങ്ങ പറിക്കാന്‍ പോയതിന്‌
അമ്മയോട്‌ പറഞ്ഞ്‌ നീയെനിക്ക്‌
തല്ല്‌ വാങ്ങി തന്നിട്ടുണ്ട്‌
ഞാന്‍ പിടിച്ച തുമ്പികളെ കൊണ്ടെല്ലാം
നീ കല്ലെടുപ്പിച്ചിട്ടുണ്ട്‌
എങ്കിലും
നീ തന്ന നീറ്റലനുഭവിക്കാന്‍ എന്റെ സ്നേഹം
വീണ്ടും കൊതിച്ചിട്ടുണ്ടെന്നല്ലാതെ
കല്ലെടുക്കപ്പെടാന്‍ എന്റെ സ്വപ്നത്തിന്റെ തുമ്പികള്‍
നിനക്കു ചുറ്റും പറന്നു നടന്നിട്ടുണ്ടെന്നല്ലാതെ
എന്റെ ഇത്തിരി ജയങ്ങള്‍ക്കു നേരെ
നിന്റെ കുസൃതികളെന്നും കൊഞ്ഞനം കുത്തണമെന്ന്‌
ആഗ്രഹിച്ചിട്ടുണ്ടെന്നല്ലാതെ
ആദ്യമെത്താന്‍ നാമെന്നുമോടുമായിരുന്ന
തോട്ടുവക്കത്തെ വഴിയിലൂടെ
മൂക്കൊലിക്കുന്ന കുഞ്ഞിനേയും ഒക്കത്ത്‌ വെച്ച്‌
വെയിലത്ത്‌ വാടിത്തളര്‍ന്ന്‌
ഒരു രണ്ടാം കെട്ടുകാരന്റെ ഭാര്യയായ്‌
നീ പോകുന്നത്‌ കാണാന്‍
ഞാനൊട്ടും ആശിച്ചിട്ടില്ലല്ലൊ എന്റെ കുഞ്ഞനീസ

16 comments:

Mahi said...

ഡാ പൊയക്ക്‌ എന്തൊരൊഴുക്കാ
ഉം........ഇതിലിറങ്ങ്യാ എന്താണ്ടാവാ ?
നീയൊലിച്ചുപോവും പിന്നനക്ക്‌ അച്ചനേം അമ്മേനേം കാണാന്‍ പറ്റൂലാ
ഒലിച്ചു പോയാ എവിട്യാ എത്താ
കടലില്‌
കടലിലെത്ത്യാല്‌ ?
മയ്യത്താവും
നാമിപ്പോള്‍ ഒഴുക്കിലൊ അതൊ കടലിലൊ കുഞ്ഞനീസ

തണല്‍ said...

മഹീ,
ആറ്റിക്കുറുക്കണമെന്നു തോന്നാതെപോകുന്നതെന്തേ..?
:)
കമന്റ് മറ്റൊരു കവിത പോലെ ..

വികടശിരോമണി said...

എന്തായാലും ഞങ്ങളെ കടലിലാക്കി.

രണ്‍ജിത് ചെമ്മാട്. said...
This comment has been removed by the author.
രണ്‍ജിത് ചെമ്മാട്. said...

അവസാനത്തെ പുല്‍‍ക്കൊടിയിലെ പിടുത്തവും വിട്ടാല്‍...
പിന്നെ എന്തു ചെയ്യും... കവിയ്ക്ക് ഒരു വരിയെങ്കിലും എഴുതാം....

പാമരന്‍ said...

ആദ്യ കമന്‍റു്‌ കവിതെയേക്കാളിഷ്ടമായി..

ജ്യോനവന്‍ said...

നീയിങ്ങനെ ഓര്‍മ്മകള്‍ക്കൊണ്ടെന്നെ
കുത്തിനോവിക്കാതെ........
:)

വരവൂരാൻ said...

നാമിപ്പോള്‍ ഒഴുക്കിലൊ അതൊ കടലിലൊ കുഞ്ഞനീസ.. മഹി എന്താ നീയിങ്ങനെ .... അസൂയ കൊണ്ടു ചോദിച്ചു പോയതാ...

എന്തും ഏതും കവിതയായി വിരിയുന്ന നിന്റെ ഭാവനക്കു.. ആശംസകൾ

...പകല്‍കിനാവന്‍...daYdreamEr... said...

വീണ്ടും ആ സുഖമുള്ള വേദനകള്‍ ....
ഒരു നൂറു ഓര്‍മ്മകള്‍ ....
കലക്കി .....

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നന്നായിട്ടുണ്ട് മഹീ.

കോറോത്ത് said...

:):)

നൊമാദ് | A N E E S H said...

കമന്റെടുത്ത് പോസ്റ്റ് ചെയ്യ് മഹി. അതാണ് കവിത. ഒരു പക്ഷേ അതു മാത്രമാണ്. വീണ്ടും വീണ്ടും വായിക്കുന്നു.

ഹാരിസ് said...

പാഠം രണ്ട് ഒരു വിലാപം

ശ്രീ said...

കാണുന്നതെന്തും കവിതയാണല്ലോ മഹീ...
:)

lakshmy said...

ഇഷ്ടമായി മഹീ, നല്ല വരികൾ

നട്ടപിരാന്തന്‍ said...

ഞാന്‍ ഈ കവിത വായിച്ചപ്പോള്‍.....എന്റെ പഴയ കളിക്കൂടൂകാരി ഉമ്മുകുത്സുവിനെ ഓര്‍ത്തു.......

അവളും കുഞ്ഞനീസയും, ഒന്നുപോലെ.....