Friday, November 28, 2008

സ്വപ്നം ഫാസ്റ്റ്‌ പാസഞ്ചര്‍

പത്തരേടെ സ്വപ്നം ഫാസ്റ്റ് പാസഞ്ചറിനാണ്‌ കയറിയത്
കാലു കുത്താനിടല്ല്യാ
എന്നാലും പോകാണ്ടിരിക്കാന്‍ പറ്റ്വോ ?
കാലത്തന്നെ പുട്ടിനുള്ള പൊടി നനക്കുന്നുണ്ടാവും
വാത്സല്യം
വടക്കേ തൊടീന്ന്‌ ഇച്ചിരി മുരിങ്ങെല പൊട്ടിച്ചോടി
കുത്തികാച്ചി വെക്കാമെന്ന്‌ കാലും നീട്ടിയിരിപ്പുണ്ടാവും
പല്ലു കൊഴിഞ്ഞു തുടങ്ങിയൊരു പഴയ കാലം
ആവി പറക്കുന്ന ചായക്കിടയിലും വരാനുള്ള സമയം
കണക്കു കൂട്ടുന്നുണ്ടാവും ഒരുത്കണ്ഠ
ചില വിളികള്‍ക്കായ്‌ വലാട്ടി കിടപ്പുണ്ടാവും
ഉമ്മറത്തൊരു കാവല്‍
കരിയില വീണ മുറ്റത്ത്‌ അടിച്ചോരാനെന്ന ഭാവേന
വഴിക്കണ്ണിട്ട്‌ നില്‍ക്കുന്നുണ്ടാവും ഒരു നിശബ്ദത
കാത്തു നില്‍പ്പുണ്ടാവും
സൌഹൃദ ത്തണല്‍ വൃക്ഷങ്ങള്‍,
പുഴക്കരയിലെ ഏകാന്ത സന്ധ്യകള്‍
ചെന്നിറങ്ങിയപ്പോള്‍ നാട്ടു വഴികള്‍ കുശലം ചോദിച്ചു
സുഗല്ലെ ? എത്രൂസണ്ട്‌ ലീവ്‌ ?
തിരക്കിട്ട്‌ നടന്നു
അച്ചുണ്ണ്യാരുടെ ചായക്കടയില്‍ ഇളകുന്ന ഡെസ്കിന്‍മേല്‍
ചൂടാറാതെയിരിപ്പുണ്ട്‌ ഇന്നത്തെ രാഷ്ട്രീയം
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ
പൊന്നിന്‍ ചിലൊമ്പൊലി കേട്ടുണര്‍ന്നുവെന്ന്‌
ഉറക്കമുണര്‍ന്നിട്ടുണ്ട്‌ റേഡിയൊ
പടി കടന്നപ്പോള്‍ കണ്ടു
മുറ്റത്ത്‌ ഞാന്‍ നട്ട റോസാച്ചെടിയില്‍
വിരിഞ്ഞിരിക്കുന്നു ഒരു കവിത

15 comments:

ശ്രീ said...

ഇതു വായിച്ചപ്പോള്‍ എന്തെന്നറിയാത്ത ഒരു സന്തോഷം... സംതൃപ്തി...
:)

ജ്യോതീബായ്‌ പരിയാടത്ത്‌ said...

നന്നായിരിക്കുന്നു മഹി. വളരെ.

കോറോത്ത് said...

മഹിയെക്കൊണ്ട് തോറ്റു :):)

അരുണ്‍ കായംകുളം said...

മഹി,ആധുനികം ആണല്ലേ?
:)

അപ്പു said...

ആധുനിക കവിതകളോട് എനിക്കത്ര പ്രതിപത്തിയില്ലെങ്കിലും ഇതിലെ ഓരോ ബിംബങ്ങളും മനസ്സിലുടക്കി.. വാത്സല്യം, പഴയകാലം, ഉത്കണ്ഠ, രാഷ്ട്രീയം, നിശബ്ദത... കൊള്ളാം നന്നായി മാഷേ.

പാമരന്‍ said...

കവിത പൂത്തുനില്‍ക്കുന്നുണ്ട്..

ഗീതാഗീതികള്‍ said...

എത്രപേരാ സ്നേഹപൂത്താലവുമായി താലപ്പൊലിയേകാന്‍...
ഇതൊക്കെയൊരു ഭാഗ്യമാ മഹി.

ഈ കവിത വായിച്ചപ്പോള്‍ ശ്രീ പറഞ്ഞതുപോലെ മനം നിറഞ്ഞ സന്തോഷം, സംതൃപ്തി.
ആ ബിംബങ്ങളാണ് ഏറെ ഇഷ്ടപ്പെട്ടത്.

തണല്‍ said...

അച്ചുണ്ണ്യാരുടെ ചായക്കടയില്‍ ഇളകുന്ന ഡെസ്കിന്‍മേല്‍
ചൂടാറാതെയിരിപ്പുണ്ട്‌ ഇന്നത്തെ രാഷ്ട്രീയം
-ഉം..ഉം...കാണുന്നുണ്ട്..കാണുന്നുണ്ട്..!!

:)

രണ്‍ജിത് ചെമ്മാട് said...

നിഷ്കളങ്കമായ ചില ഗ്രാമ ചൈതന്യങ്ങള്‍!
ആവി പറക്കുന്ന പ്രഭാത ഭക്ഷണം പോലെ,...
ആവോളം ഭോജിച്ചു.......

നൊമാദ് | A N E E S H said...

ഇതു കവിതയാകുന്നതെങ്ങനെ, നീ തന്നെയാകുമ്പോള്‍.

ഇഷ്ടം

വരവൂരാൻ said...

പടി കടന്നപ്പോള്‍ കണ്ടു
മുറ്റത്ത്‌ ഞാന്‍ നട്ട റോസാച്ചെടിയില്‍
വിരിഞ്ഞിരിക്കുന്നു ഒരു കവിത
പിന്നെയും കാണുക ...
കാത്തിരിക്കുന്ന
ഞങ്ങൾ വായനക്കാരുടെ
സ്നേഹാശംസകളാം മഞ്ഞുതുള്ളികൾ കൂടെ

വിഷ്ണു പ്രസാദ് said...

കവിത നന്നായിട്ടുണ്ട്.ഇനിയും എഴുതുമ്പോള്‍ ക്രാഫ്റ്റില്‍,ശൈലിയില്‍ ഒരു മാറ്റം വരുത്താന്‍ ശ്രമിക്കൂ.

smitha adharsh said...

കവിത ഇഷ്ടപ്പെട്ടു..
വായിച്ചു കഴിഞ്ഞപ്പോള്‍,ആളെ ഒരു സുഖം..

lakshmy said...

വളരേ നന്നായിരിക്കുന്നു. ഇഷ്ടപ്പെട്ടു

Melethil said...

ഗ്രേറ്റ്‌ ! പലവട്ടം വായിച്ചു , ഓരോ പ്രാവശ്യവും കണ്ണ് നിറയുന്നു..ബ്രില്ല്യന്റ് !!