Saturday, November 15, 2008

സ്നേഹത്തെ കുറിച്ച്‌ ചില ഷോട്ടുകള്‍

അതെ ഞങ്ങള്‍ സ്നേഹത്തെ കുറിച്ച്‌
സംസാരിക്കുകയാണ്‌
ഞാന്‍ പറയുമ്പോള്‍ ക്യാമറ
അവളില്‍ നിന്ന്‌ എന്നിലേക്ക്‌ നോക്കുന്നു
ഞാന്‍ ഒരു സിഗരറ്റിന്‌ തീ കോളുത്തുന്നു
സ്നേഹത്തെ കുറിച്ച്‌ അവള്‍ക്ക്‌
അവളുടേതായ കാഴ്ച്ചപ്പാടുകള്‍ ഉണ്ട്‌
അവളെന്റെ വാദങ്ങളെ ഖണ്ഡിക്കാന്‍ ശ്രമിക്കുന്നു
ക്യാമറ എന്നില്‍ നിന്ന്‌ അവളിലേക്ക്‌......
ഞങ്ങളുടെ സംസാരം നീളുന്നു
ഇപ്പോള്‍ ക്യാമറ അരികില്‍ നിന്ന്‌ ഞങ്ങളെ നോക്കുന്നു
ഞങ്ങള്‍ക്കിടയിലെ മേശമേലുള്ള ആഷ്ട്രേയില്‍
ഞാന്‍ വലിച്ച സിഗരറ്റ്‌ പുകയുന്നു
ക്യാമറ ഞങ്ങള്‍ക്കിടയിലൂടെ
ചുമരിലുള്ള സ്റ്റുഫ്‌ ചെയ്തു വെച്ച
ഒരു പക്ഷിയിലേക്ക്‌ സൂമിന്‍ ചെയ്യുന്നു
അതിന്‌ ജീവനുള്ള പോലെ തോന്നുന്നു
അതൊരു തോന്നല്‍ മാത്രമാണ്‌
അതിന്റെ കണ്ണുകള്‍ നിശബ്ദങ്ങളാണ്‌
പശ്ചാത്തലത്തില്‍ ഞങ്ങളുടെ സംസാരം തുടരുന്നു
ക്യാമറ ഞങ്ങളിലേക്ക്‌ തിരിച്ചു വരുന്നു
ഇപ്പോള്‍ ഞങ്ങള്‍ പുറത്തു പോവാന്‍ ഒരുങ്ങുകയാണ്‌
ക്യാമറ ഞങ്ങളെ വാതിലു വരെ പിന്തുടരുന്നു
പിന്നെ ഒരു പാന്‍ ഷോട്ടിലൂടെ വീണ്ടും ആഷ്ട്രെയിലേക്ക്‌
സിഗരറ്റ്‌ പുകഞ്ഞുതീര്‍ന്നിരിക്കുന്നു
പിന്നില്‍ ഞങ്ങളുടെ കാലടികള്‍
അകന്നു പോകുന്നതിന്റെ ശബ്ദം
മുറി ഇപ്പോള്‍ തീര്‍ത്തും നിശബ്ദമാണ്‌
മങ്ങിയ വെളിച്ചത്തില്‍ അത്‌
കൂടുതല്‍ ഏകാന്തവും ശൂന്യവുമായനുഭവപ്പെടുന്നു
ക്യാമറ മെല്ലെ വാതിലിലൂടെ പിന്‍വലിയുന്നു
പശ്ചാത്തലത്തില്‍ കേള്‍ക്കുന്നത്‌ ചിറകടികളാണ്‌...............

8 comments:

ഭൂമിപുത്രി said...

മൂന്നാമതൊരാൾ!
പുതുമയുള്ളൊരു സാദ്ധ്യത..
ഒരു സിനിമാഷോട്ട് പോലെ തെളിയുന്ന ചിത്രം..
അസ്സലായി മഹി!
ഒന്നുകൂടി എഡിറ്റ് ചെയ്ത് ചെത്തിമിനുക്കിയെങ്കിൽ
കുറേക്കൂടി എഫക്റ്റിവ് ആയേനെയെന്ന് തോന്നി

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഒരു ക്രെയിന്‍ ഷോട്ട് കൂടി ആവാമായിരുന്നു.

എനിക്കിഷ്ടപ്പെട്ടു.

നസീര്‍ കടിക്കാട്‌ said...

ക്യാമറക്ക് പ്ന്നിൽ ഒരാൾ
എത്രമാത്രം ഏകാന്തതയോടെ...
ഒരാൾക്കും വായിച്ചാൽ മനസ്സിലാവാത്ത
ഭാഷയിൽ...

രണ്‍ജിത് ചെമ്മാട് said...

അചേതനമായതൊക്കെയും ത്രിമാനരുപത്തിലുരുണ്ടു കളിക്കുന്ന
ഒരു പ്രതീതി..... ഇളനീര്‍ക്കാമ്പു പോലെ ശുദ്ധം... സുന്ദരം....

ജ്യോനവന്‍ said...

സ്നേഹത്തെ ചില ഷോട്ടുകള്‍ കുറിച്ചിടുമ്പോള്‍.................
അതുമിത്ര ആഴത്തില്‍. മനോഹരം.

വരവൂരാൻ said...

പശ്ചാത്തലത്തില്‍ കേള്‍ക്കുന്നത്‌ ചിറകടികളാണ്‌...............
മനോഹരമായ ഒരു തിരകഥ വായിച്ച പോലെ തോന്നി

അജീഷ് മാത്യു കറുകയില്‍ said...

അസ്സലായി മഹി!

ശെഫി said...

സിനിമാറ്റിക് കവിത..
ഒരു സീ‍നിന്റെ പല ഷോട്ടുകളെ പോലെ തന്നെ സിനിമയുടെ സൌന്ദര്യമാണ് വ്യത്യസ്ഥമായ പല സീനുകളെ നേർത്ത ഒരു ചരടിൽ ബന്ധിപ്പിക്കുന്നത്. അത്തരം ഒരു നല്ല പരീക്ഷണം ലാപൂടയുടെ വിരസത എന്ന കവിതയിൽ കണ്ടിട്ടുണ്ട്.
നന്നായിട്ട്റ്റുണ്ട് മഹീ