Monday, November 10, 2008

എന്റേതല്ലാത്ത ഇടങ്ങള്‍

ഞാന്‍ ധരിച്ചിട്ടുള്ള ഈ ഷര്‍ട്ട്‌
സ്വല്‍പ്പം നരച്ചതാണെങ്കിലും ഈ പാന്റ്‌
എന്റേതല്ല
അതിനുള്ളിലെ ശരീരം, അതിന്റെ ഇടറുന്ന മിടിപ്പുകള്‍
എന്റേതാണ്‌
ഒരു കാലി ചായ വാങ്ങാന്‍ പോലും
പൈസ ഉണ്ടാവാറില്ലെങ്കിലും
ഞാന്‍ ഉപയോഗിക്കുന്ന പേഴ്സ്‌ എന്റേതല്ല
എങ്കിലും അതിലൊരിക്കല്‍ പൈസ വന്നു നിറയുമെന്ന സ്വപ്നം
എന്റേതാണ്‌
ഞാനെഴുതുന്ന ഈ പേന എന്റേതല്ല
എങ്കിലും അതിലൂടെ വാര്‍ന്നു വീഴുന്ന വാക്കുകള്‍,
അവ അവശേഷിപ്പിക്കുന്ന വേദന എന്റേതാണ്‌
ഞാന്‍ ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന
ഈ വീട്‌ എന്റേതല്ല
പക്ഷെ അതിനുള്ളിലെ നിശ്വാസങ്ങള്‍, മുറു മുറിപ്പുകള്‍
എന്റേതാണ്‌
ഞാന്‍ നടക്കുന്ന ഈ പാത എന്റേതല്ല
അതിലൂടെയുള്ള നീണ്ട യാത്രകള്‍ എന്റേതാണ്‌
ഞാന്‍ കാണുന്ന കാഴ്ചകള്‍ എന്റേതല്ല
അവ നല്‍കുന്ന ഉത്കണ്ഠകള്‍ എന്റേതാണ്‌
പതനങ്ങളൊന്നും എന്റേതല്ല
അതിന്റെ നിസ്സഹയതകള്‍ എന്റേതാണ്‌
പലായനങ്ങളൊന്നും എന്റേതല്ല
അതിന്റെ അരക്ഷിതത്വങ്ങള്‍ എന്റേതാണ്‌
വേര്‍പാടുകളൊന്നും എന്റേതല്ല
അവയേല്‍പ്പിക്കുന്ന മുറിവുകള്‍ എന്റേതാണ്‌
മരണങ്ങളൊന്നും എന്റേതല്ല
അവ അവശേഷിപ്പിക്കുന്ന ശൂന്യത എന്റേതാണ്‌
സമയം തെറ്റി പിറന്നതിനാലാവാം
എന്റേതല്ലാത്ത ഇടങ്ങളില്‍ എന്നുമിങ്ങനെ……..

13 comments:

Mahi said...

ഇതു ഞാന്‍ നിങ്ങളുടെ മഹി

കോറോത്ത് said...

"വേര്‍പാടുകളൊന്നും എന്റേതല്ല
അവയേല്‍പ്പിക്കുന്ന മുറിവുകള്‍ എന്റേതാണ്‌
മരണങ്ങളൊന്നും എന്റേതല്ല
അവ അവശേഷിപ്പിക്കുന്ന ശൂന്യത എന്റേതാണ്‌"

Wowwwwwwwwwwwwwwwwwwwwwww!!!

നസീര്‍ കടിക്കാട്‌ said...

ടാ,
നീ എന്റേതല്ല
നീയും എന്റേതാവുന്നല്ലൊ

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഈ വരികളൊന്നും എന്റേതല്ല,
എങ്കിലും അവയേല്‍പ്പിക്കുന്ന നൊമ്പരങ്ങള്‍ എന്റേതാണ്.

സൂപ്പര്‍ വരികള്‍...വായിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. ആശംസകള്‍.

അജീഷ് മാത്യു കറുകയില്‍ said...

ഒരു കാലി ചായ വാങ്ങാന്‍ പോലും
പൈസ ഉണ്ടാവാറില്ലെങ്കിലും
ഞാന്‍ ഉപയോഗിക്കുന്ന പേഴ്സ്‌ എന്റേതല്ല
എങ്കിലും അതിലൊരിക്കല്‍ പൈസ വന്നു നിറയുമെന്ന സ്വപ്നം
എന്റേതാണ്‌.

സൂപ്പര്‍ വരികള്‍,ആശംസകള്‍.

Pramod.KM said...

നന്നായിട്ടുണ്ട്.:)

രണ്‍ജിത് ചെമ്മാട്. said...

മഹി, ഒന്നിനൊന്ന് മെച്ചമാവുന്നു താങ്കളുടെ രചനകള്‍...
മറ്റെന്തു പറയാന്‍...

പാമരന്‍ said...

ഗഹനം.. നീളം കൂടിപ്പോയോ?

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

വായിച്ചു മന്നസിലാക്കി വരുന്നതേയുള്ളൂ,വായിച്ചത്രയും കൊള്ളാം!

Mahi said...

പമുവണ്ണാ തോന്നാതില്ല.എല്ലവര്‍ക്കും ഒരുപാട്‌ നന്ദി

ഹാരിസ് said...

കാഴ്ച പങ്കുവെക്കുന്നു

lakshmy said...

മനോഹരമായ വരികൾ

നൊമാദ് | A N E E S H said...

നിന്നെ വായിക്കുന്നു, അറിയുന്നു.