Friday, November 28, 2008

സ്വപ്നം ഫാസ്റ്റ്‌ പാസഞ്ചര്‍

പത്തരേടെ സ്വപ്നം ഫാസ്റ്റ് പാസഞ്ചറിനാണ്‌ കയറിയത്
കാലു കുത്താനിടല്ല്യാ
എന്നാലും പോകാണ്ടിരിക്കാന്‍ പറ്റ്വോ ?
കാലത്തന്നെ പുട്ടിനുള്ള പൊടി നനക്കുന്നുണ്ടാവും
വാത്സല്യം
വടക്കേ തൊടീന്ന്‌ ഇച്ചിരി മുരിങ്ങെല പൊട്ടിച്ചോടി
കുത്തികാച്ചി വെക്കാമെന്ന്‌ കാലും നീട്ടിയിരിപ്പുണ്ടാവും
പല്ലു കൊഴിഞ്ഞു തുടങ്ങിയൊരു പഴയ കാലം
ആവി പറക്കുന്ന ചായക്കിടയിലും വരാനുള്ള സമയം
കണക്കു കൂട്ടുന്നുണ്ടാവും ഒരുത്കണ്ഠ
ചില വിളികള്‍ക്കായ്‌ വലാട്ടി കിടപ്പുണ്ടാവും
ഉമ്മറത്തൊരു കാവല്‍
കരിയില വീണ മുറ്റത്ത്‌ അടിച്ചോരാനെന്ന ഭാവേന
വഴിക്കണ്ണിട്ട്‌ നില്‍ക്കുന്നുണ്ടാവും ഒരു നിശബ്ദത
കാത്തു നില്‍പ്പുണ്ടാവും
സൌഹൃദ ത്തണല്‍ വൃക്ഷങ്ങള്‍,
പുഴക്കരയിലെ ഏകാന്ത സന്ധ്യകള്‍
ചെന്നിറങ്ങിയപ്പോള്‍ നാട്ടു വഴികള്‍ കുശലം ചോദിച്ചു
സുഗല്ലെ ? എത്രൂസണ്ട്‌ ലീവ്‌ ?
തിരക്കിട്ട്‌ നടന്നു
അച്ചുണ്ണ്യാരുടെ ചായക്കടയില്‍ ഇളകുന്ന ഡെസ്കിന്‍മേല്‍
ചൂടാറാതെയിരിപ്പുണ്ട്‌ ഇന്നത്തെ രാഷ്ട്രീയം
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ
പൊന്നിന്‍ ചിലൊമ്പൊലി കേട്ടുണര്‍ന്നുവെന്ന്‌
ഉറക്കമുണര്‍ന്നിട്ടുണ്ട്‌ റേഡിയൊ
പടി കടന്നപ്പോള്‍ കണ്ടു
മുറ്റത്ത്‌ ഞാന്‍ നട്ട റോസാച്ചെടിയില്‍
വിരിഞ്ഞിരിക്കുന്നു ഒരു കവിത

Wednesday, November 26, 2008

കിണറിലേക്ക്‌...........

ബക്കറ്റെ കയറില്‍ തൂങ്ങി നീയിങ്ങനെ
കിണറിന്റെ ആത്മാവിലേക്ക്‌ സഞ്ചരിച്ച്‌
അതിന്റെ പാറയിടുക്കുകളില്‍ ഊറുന്ന സ്നേഹത്തെ
കോരിയെടുത്തും കോരിയെടുത്തും മതിയായില്ലെ ?
ഓരോ വട്ടവും അതില്‍ മുങ്ങി നിവരുമ്പോള്‍
നീയറിയാറുണ്ടൊ
അതില്‍ ഉരുകി വീണലിഞ്ഞൊരു വേനലിന്റെ ദുഃഖം ?
അതില്‍ കുളിര്‍മയായുണരുന്നൊരു നിലാവിന്റെ സ്വപ്നം ?
പൊട്ടി വീണു കിടപ്പുണ്ടൊ അതിലിപ്പോഴും
ആകാശ വിസ്തൃതികള്‍ ?
നിശബ്ദതയില്‍ നിന്നും പെയ്തിറങ്ങാറുണ്ടൊ
മേഘമല്‍ഹാറുകള്‍ ?
വെളിച്ചം വെളിച്ചമെന്നെത്തി നോക്കുന്നുണ്ടൊ
ഉള്ളിലോര്‍മയുടെ പച്ചപ്പുകള്‍ ?
ആഴങ്ങളിലേക്ക്‌ ഒറ്റക്കിങ്ങനെ പോകുമ്പോള്‍
നിനക്കു പേടി തോന്നുന്നില്ലെ ?
ഓരോ വട്ടം പോകുമ്പോഴും നീയനുഭവിക്കാറുണ്ടൊ
അതിലൊരിക്കല്‍ ചാടി മരിച്ചൊരേകാന്തതയുടെ
തണുത്ത സാന്നിദ്ധ്യം ?

Monday, November 24, 2008

അതിജീവനം

മനസിന്റെ അളയില്‍
ചുരുണ്ടു കൂടി കിടപ്പുണ്ടൊരോര്‍മ
എന്റെ ഏകാന്തതയിലേക്ക്‌ തണുപ്പു തേടി
ഇടക്കിടെ ഇഴെഞ്ഞെത്തും
ദുഃഖത്തിന്റെ ഇരട്ടപ്പല്ലുകൊണ്ടുള്ള
അതിന്റെ കൊത്താല്‍
ഞാന്‍ കരിനീലിച്ചു പോവാറുണ്ടെങ്കിലും
നിന്റെയുള്ളില്‍ വളരുന്നൊരു ചെടിയുടെ
പച്ചില നീരാല്‍
സ്വപ്നങ്ങളിലേക്ക്‌ ഞാനിങ്ങനെ
അതിജീവിച്ചുകൊണ്ടേയിരിക്കുന്നു

Tuesday, November 18, 2008

ഇലകളുടെ മരണം

കൂട്ടക്കരച്ചിലില്ലാതെ
അനുശോചനങ്ങളില്ലാതെ
ഒരു യാത്രാമൊഴി പോലും പറയാതെ
മഞ്ഞയുടെ നിസംഗതയില്‍ നിശബ്ദമായി
കാറ്റിന്റെ ഒരു കൊച്ചു സ്പര്‍ശത്തില്‍ അടര്‍ന്ന്‌
വായുവില്‍ ഒഴുകി പരന്ന്‌
ആരുമറിയാതിവിടെത്രയൊ മരണത്തിന്‍
കനമില്ലാ വീഴ്ചകള്‍

Saturday, November 15, 2008

സ്നേഹത്തെ കുറിച്ച്‌ ചില ഷോട്ടുകള്‍

അതെ ഞങ്ങള്‍ സ്നേഹത്തെ കുറിച്ച്‌
സംസാരിക്കുകയാണ്‌
ഞാന്‍ പറയുമ്പോള്‍ ക്യാമറ
അവളില്‍ നിന്ന്‌ എന്നിലേക്ക്‌ നോക്കുന്നു
ഞാന്‍ ഒരു സിഗരറ്റിന്‌ തീ കോളുത്തുന്നു
സ്നേഹത്തെ കുറിച്ച്‌ അവള്‍ക്ക്‌
അവളുടേതായ കാഴ്ച്ചപ്പാടുകള്‍ ഉണ്ട്‌
അവളെന്റെ വാദങ്ങളെ ഖണ്ഡിക്കാന്‍ ശ്രമിക്കുന്നു
ക്യാമറ എന്നില്‍ നിന്ന്‌ അവളിലേക്ക്‌......
ഞങ്ങളുടെ സംസാരം നീളുന്നു
ഇപ്പോള്‍ ക്യാമറ അരികില്‍ നിന്ന്‌ ഞങ്ങളെ നോക്കുന്നു
ഞങ്ങള്‍ക്കിടയിലെ മേശമേലുള്ള ആഷ്ട്രേയില്‍
ഞാന്‍ വലിച്ച സിഗരറ്റ്‌ പുകയുന്നു
ക്യാമറ ഞങ്ങള്‍ക്കിടയിലൂടെ
ചുമരിലുള്ള സ്റ്റുഫ്‌ ചെയ്തു വെച്ച
ഒരു പക്ഷിയിലേക്ക്‌ സൂമിന്‍ ചെയ്യുന്നു
അതിന്‌ ജീവനുള്ള പോലെ തോന്നുന്നു
അതൊരു തോന്നല്‍ മാത്രമാണ്‌
അതിന്റെ കണ്ണുകള്‍ നിശബ്ദങ്ങളാണ്‌
പശ്ചാത്തലത്തില്‍ ഞങ്ങളുടെ സംസാരം തുടരുന്നു
ക്യാമറ ഞങ്ങളിലേക്ക്‌ തിരിച്ചു വരുന്നു
ഇപ്പോള്‍ ഞങ്ങള്‍ പുറത്തു പോവാന്‍ ഒരുങ്ങുകയാണ്‌
ക്യാമറ ഞങ്ങളെ വാതിലു വരെ പിന്തുടരുന്നു
പിന്നെ ഒരു പാന്‍ ഷോട്ടിലൂടെ വീണ്ടും ആഷ്ട്രെയിലേക്ക്‌
സിഗരറ്റ്‌ പുകഞ്ഞുതീര്‍ന്നിരിക്കുന്നു
പിന്നില്‍ ഞങ്ങളുടെ കാലടികള്‍
അകന്നു പോകുന്നതിന്റെ ശബ്ദം
മുറി ഇപ്പോള്‍ തീര്‍ത്തും നിശബ്ദമാണ്‌
മങ്ങിയ വെളിച്ചത്തില്‍ അത്‌
കൂടുതല്‍ ഏകാന്തവും ശൂന്യവുമായനുഭവപ്പെടുന്നു
ക്യാമറ മെല്ലെ വാതിലിലൂടെ പിന്‍വലിയുന്നു
പശ്ചാത്തലത്തില്‍ കേള്‍ക്കുന്നത്‌ ചിറകടികളാണ്‌...............

Monday, November 10, 2008

എന്റേതല്ലാത്ത ഇടങ്ങള്‍

ഞാന്‍ ധരിച്ചിട്ടുള്ള ഈ ഷര്‍ട്ട്‌
സ്വല്‍പ്പം നരച്ചതാണെങ്കിലും ഈ പാന്റ്‌
എന്റേതല്ല
അതിനുള്ളിലെ ശരീരം, അതിന്റെ ഇടറുന്ന മിടിപ്പുകള്‍
എന്റേതാണ്‌
ഒരു കാലി ചായ വാങ്ങാന്‍ പോലും
പൈസ ഉണ്ടാവാറില്ലെങ്കിലും
ഞാന്‍ ഉപയോഗിക്കുന്ന പേഴ്സ്‌ എന്റേതല്ല
എങ്കിലും അതിലൊരിക്കല്‍ പൈസ വന്നു നിറയുമെന്ന സ്വപ്നം
എന്റേതാണ്‌
ഞാനെഴുതുന്ന ഈ പേന എന്റേതല്ല
എങ്കിലും അതിലൂടെ വാര്‍ന്നു വീഴുന്ന വാക്കുകള്‍,
അവ അവശേഷിപ്പിക്കുന്ന വേദന എന്റേതാണ്‌
ഞാന്‍ ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന
ഈ വീട്‌ എന്റേതല്ല
പക്ഷെ അതിനുള്ളിലെ നിശ്വാസങ്ങള്‍, മുറു മുറിപ്പുകള്‍
എന്റേതാണ്‌
ഞാന്‍ നടക്കുന്ന ഈ പാത എന്റേതല്ല
അതിലൂടെയുള്ള നീണ്ട യാത്രകള്‍ എന്റേതാണ്‌
ഞാന്‍ കാണുന്ന കാഴ്ചകള്‍ എന്റേതല്ല
അവ നല്‍കുന്ന ഉത്കണ്ഠകള്‍ എന്റേതാണ്‌
പതനങ്ങളൊന്നും എന്റേതല്ല
അതിന്റെ നിസ്സഹയതകള്‍ എന്റേതാണ്‌
പലായനങ്ങളൊന്നും എന്റേതല്ല
അതിന്റെ അരക്ഷിതത്വങ്ങള്‍ എന്റേതാണ്‌
വേര്‍പാടുകളൊന്നും എന്റേതല്ല
അവയേല്‍പ്പിക്കുന്ന മുറിവുകള്‍ എന്റേതാണ്‌
മരണങ്ങളൊന്നും എന്റേതല്ല
അവ അവശേഷിപ്പിക്കുന്ന ശൂന്യത എന്റേതാണ്‌
സമയം തെറ്റി പിറന്നതിനാലാവാം
എന്റേതല്ലാത്ത ഇടങ്ങളില്‍ എന്നുമിങ്ങനെ……..

Friday, November 7, 2008

മുനകള്‍

കാത്തിരിപ്പിന്റെ ഏറ്റവും തീവ്രമായ ഭാവം
ഉള്ളതൊരിക്കലും സ്ത്രീയുടെ കണ്ണിലല്ല
ലോകത്തൊന്നടങ്കമുള്ള മുനകളിലാണതുള്ളത്‌
കേള്‍ക്കുന്നില്ലെ,
കാത്തിരിപ്പിന്റെ കൂര്‍ത്ത ഒരു ബിന്ദുവാല്‍
അവ നിശബ്ദതയോട്‌ സംസാരിച്ച്‌ കൊണ്ടിരിക്കുന്നത്‌ -
നമ്മെ കുറിച്ച്‌ മാത്രമാണ്‌

Wednesday, November 5, 2008

പെയ്ത്‌ തോരാതെ…..

മഴ പെയ്യാന്‍ മാനം ഉരുണ്ടു കൂടിയാലും
കുടയെടുക്കാറില്ല
പിന്നില്‍ മഴ വരുന്നതിന്റെ ആരവം
അടുത്ത്‌ കേട്ടാലും എങ്ങും ഓടിക്കേറാറില്ല
നനഞ്ഞൊലിച്ച്‌ നിരത്തിലൂടെ നടക്കുമ്പോള്‍
ചൂളിപ്പിടിച്ചു നില്‍ക്കുന്ന പീടിക തിണ്ണകള്‍
തുറിച്ചു നോക്കും
കാജാ ബീടി വലിച്ചു നില്‍ക്കുന്ന തണുപ്പുകളേയും
അച്ചുണ്ണ്യാരുടെ ആവി പറക്കുന്ന ചായയേയും
കണ്ടില്ലെന്ന്‌ നടിക്കും
എനിക്കറിയാം അകലേന്ന്‌ ഓടിയോടി വരുന്നത്‌
എന്നെ കാണാനാണ്‌
കഴിഞ്ഞ പ്രാവശ്യം വന്നപ്പോലെ തന്നെയായിരിക്കും
പിന്നില്‍ വന്ന്‌ കണ്ണ്‌ പൊത്തുന്ന ശീലവും
മാറിയിട്ടുണ്ടാവില്ല
തോളത്ത്‌ കൈയ്യിട്ട്‌
പഴയ പോലെ ചളിവെള്ളം ചവിട്ടി തെറിപ്പിച്ച്‌
അങ്ങനെ നടക്കുമ്പോള്‍
മേലെ വീട്ടിലെ വിശേഷങ്ങള്‍
എത്ര പറഞ്ഞാലും തീരില്ല
കെട്ടിപിടിച്ച്‌, ഓര്‍മകളാല്‍ നനച്ച്‌
യാത്ര പറഞ്ഞു പോകുമ്പോള്‍
കാതിലുണ്ടാവും പെയ്ത്‌ തോരാതെ
ഇനിയും വരാമെന്ന്‌ പറഞ്ഞത്‌...........

Monday, November 3, 2008

കളവ്‌

ഞാന്‍ വരുമ്പോള്‍ വാതിലെല്ലാം തുറന്നു കിടക്കുകയാണ്‌
എടുത്തു വച്ച മുഷിച്ചിലുകളെല്ലാം തകര്‍ന്നു കിടപ്പുണ്ട്‌
ശീലങ്ങളെയെല്ലാം വലിച്ചു വാരിയിട്ടിരിക്കുന്നു
ഓര്‍മയുടെ ലോക്കറെല്ലാം കുത്തിതുറന്ന്‌
വിലപിടിച്ചതെല്ലാം എടുത്തു കൊണ്ടുപോയിരിക്കുന്നു
നാളേക്ക്‌ കരുതിവെച്ചിരുന്ന സ്വപ്നങ്ങളില്‍
ഒന്നു പോലും കാണാനില്ല
ഒരു തെളിവു പോലും ബാക്കിവെച്ചിട്ടില്ല
പോലീസൊക്കെ കൈമലര്‍ത്തി
ജീവിതത്തെ കൃത്യമായ്‌ അറിയുന്നൊരാള്‍
വളരെ ആസൂത്രിതമായ്‌ ചെയ്തതാണത്‌
മഹാപാപിയെന്ന്‌ കൊടും കയ്യും കുത്തിയിരിപ്പാണ്‌ ഞാന്‍
അല്ലാതെന്ത്‌ ചെയ്യാന്‍ ? ആരോട്‌ പറയാന്‍ ?