Friday, October 31, 2008

നിശബ്ദം

ഒരു നോട്ടം പോലുമാവാതെ കൊഴിയുന്നവ
ഒരു സ്പര്‍ശം പോലുമാവാതെ തളരുന്നവ
ഒരു വഴി പോലുമാവാതെ മടങ്ങുന്നവ
ഒരു തേങ്ങല്‍ പോലുമാവാതെ മായുന്നവ
ഒരു വരി പോലുമാവാതെ മറയുന്നവ
അങ്ങനെ നമ്മിലെത്രയെത്ര നിശബ്ദതകളാണ്‌
ഒന്നുമാകാതെ ഒരില പോലുമനക്കാതെ
വെറും നിശബ്ദതകള്‍ മാത്രമായ്‌
അവസാനിക്കുന്നത്‌……

Thursday, October 23, 2008

നിങ്ങള്‍

വെള്ളം വീഞ്ഞാക്കിയത്‌ ഞാനല്ല
അത്‌ കുടിച്ചവന്‍ ഞാനായിരുന്നു
വെള്ളത്തിനു മുകളിലൂടെ നടന്നവന്‍ ഞാനല്ല
അതില്‍ മുങ്ങിത്താണവന്‍ ഞാനായിരുന്നു
മുന്നാം നാള്‍ ഉയിര്‍ത്തെണീറ്റത്‌ ഞാനല്ല
മരക്കുരിശിലേറിയത്‌ ഞാനായിരുന്നു
എന്നിട്ടും
വീഞ്ഞു കുടിച്ചവനും മുങ്ങിത്താണവനും
മരക്കുരിശിലേറിയവനുമായ എന്നെ
വോട്ടിനിട്ട്‌ ദൈവമാക്കിയത്‌ നിങ്ങളാണ്‌ നിങ്ങള്‍

Tuesday, October 21, 2008

ഓര്‍മയുടെ വൃത്താകൃതികള്‍

അക്കങ്ങളില്‍ പൂജ്യത്തിന്‌ മാത്രമെ
പറക്കാന്‍ കഴിയൂയെന്ന്‌ ഞാനറിഞ്ഞത്‌
പാപ്പനില്‍ നിന്നാണ്‌
വിറ്റ വീടിന്റെ വടക്കിനിയില്‍ ചാരുകസേരയിലിരുന്ന്‌
കുമാര്‍ ഗന്ധര്‍വയേയും ബാബുക്കയേയും കേള്‍ക്കുന്നതിനിടയ്ക്ക്‌
ഞങ്ങളെ അത്ഭുതപ്പെടത്താന്‍
പാപ്പന്‍ ഊതി വിടാറുള്ള പുക വൃത്തങ്ങളെ
ആദ്യമായ്‌ കണ്ടപ്പോഴാണ്‌
അതു വരെ സ്ലേറ്റില്‍ വരച്ചാല്‍ വരച്ചോടത്തിരിക്കുന്ന
പൂജ്യങ്ങള്‍ക്ക്‌ ചിറകുണ്ടെന്ന്‌ ഞാനറിഞ്ഞത്‌,
നിക്കോട്ടിന്‍ ദുഃഖങ്ങളുടെ നീല ഛായ പുരണ്ട
പൂര്‍ണതയുടെ പുകയതിരുകളും
ഉള്ളില്‍ ശൂന്യതയും നിറഞ്ഞ ആ പൂജ്യങ്ങള്‍
എന്റെ പ്രിയപ്പെട്ട അക്കമായത്‌.
പിന്നീട്‌ കടലാസു ബീടികള്‍ക്കൊ
എന്റെ വിറക്കുന്ന കൈവിരലുകള്‍ക്കൊ
അത്തരം പറക്കുന്ന പൂജ്യങ്ങളെ
സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല
പുകയതിരുകളുടെ ഭ്രമണ പഥങ്ങളിലൂടെ
ഞാന്‍ വെറുതെ ഓടികൊണ്ടിരിക്കുന്നു
അതിനുള്ളിലെ ശൂന്യതയിലിരുന്ന്‌
പാപ്പനിപ്പോഴും കുമാര്‍ ഗന്ധര്‍വയേയും ബാബുക്കയേയും
കേള്‍ക്കുന്നുണ്ടാകും
എന്നെ അത്‌ഭുതപ്പെടുത്താന്‍
വട്ടത്തില്‍ പുക ഊതി വിടുന്നുണ്ടാകും
ജീവിതം ഇത്രയൊക്കെയുള്ളൂവെന്ന്‌
എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടാകും

Friday, October 17, 2008

ഇങ്ങനെ നില്‍ക്കുമ്പോള്‍..........

ഇങ്ങനെ നില്‍ക്കുമ്പോള്‍ ഒരു കാക്ക
ഇലക്ട്രിക്‌ ലൈനില്‍ ഷോക്കേറ്റ്‌ മരിക്കുന്നു
ഇങ്ങനെ നില്‍ക്കുമ്പോള്‍ ആരൊക്കയൊ
റേഷന്‍ വാങ്ങുന്നതിനെ കുറിച്ചും
കുട്ടികളെ പഠിപ്പിക്കുന്നതിനെ കുറിച്ചും
വേവലാതിപ്പെട്ടുകൊണ്ടിരിക്കുന്നു
ഇങ്ങനെ നില്‍ക്കുമ്പോള്‍ ആരുടെയൊക്കയൊ കൈകള്‍
ചവറ്റു കൂനയില്‍ ഭക്ഷണം തിരഞ്ഞു കൊണ്ടിരിക്കുന്നു
ഇങ്ങനെ നില്‍ക്കുമ്പോള്‍ ആരൊക്കയൊ
വയറു നിറച്ചുണ്ട്‌ ഏമ്പക്കം വിട്ടുകൊണ്ടിരിക്കുന്നു
ഇങ്ങനെ നില്‍ക്കുമ്പോള്‍
ഡാമുകള്‍ പണികഴിപ്പിക്കപ്പെടുന്നു
കാടുകള്‍ വെട്ടിതെളിക്കപ്പെടുന്നു
ജനങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുന്നു
ഇങ്ങനെ നില്‍ക്കുമ്പോള്‍
ആരുടെയൊക്കയൊ സ്വപ്നങ്ങള്‍ കൊള്ളയടിക്കപ്പെടുന്നു
വീടുകള്‍ തീവെക്കപ്പെടുന്നു
ഇങ്ങനെ നില്‍ക്കുമ്പോള്‍
മകന്‍ അമ്മയുടെ മുന്നില്‍ കൊല ചെയ്യപ്പെടുന്നു
അനിയത്തിമാര്‍ ബലാത്സംഗം ചെയ്യപ്പെടുന്നു
ഇങ്ങനെ നില്‍ക്കുമ്പോള്‍
എവിടെയൊക്കയൊ ബോംബുകള്‍ വര്‍ഷിക്കുന്നു
വിപ്ലവം അടിച്ചമര്‍ത്തുന്നു
ഇങ്ങനെ നില്‍ക്കുമ്പോള്‍
ജീവിക്കാന്‍ ആരൊക്കയൊ ഉടുപുടവയുരിയുന്നു
മധുവിധുവാഘോഷിക്കുവാന്‍ ആരൊക്കയൊ
ചന്ദ്രനിലേക്ക്‌ പോകൂന്നു
ഇങ്ങനെ നില്‍ക്കുമ്പോള്‍
ഓസോണിലെ തുള വലുതായികൊണ്ടിരിക്കുന്നു
ആഗോള താപനം കൂടികൊണ്ടിരിക്കുന്നു
ന്റെമ്മേ ! ഇങ്ങനെ നില്‍ക്കുമ്പോള്‍
എന്തൊക്കയാണ്‌ സംഭവിച്ചു കൊണ്ടിരിക്കുന്നത്‌ ?
എന്നിട്ടും ഇങ്ങനേ……നിന്നുകൊണ്ടിരിക്കുന്നു..............

Tuesday, October 14, 2008

ആങ്ങി ഓങ്ങി വരുമ്പോഴേക്കും

ഇങ്ങനെയാണെന്ന്‌ ഗാന്ധിജി
ഇങ്ങനെയല്ലെന്ന്‌ ജിദ്ദു*
മധ്യ മാര്‍ഗമാണ്‌ വേണ്ടതെന്ന്‌ ബുദ്ധന്‍
കരയണമെന്ന്‌ യേശു
ചിരിക്കണമെന്ന്‌ ലാവോത്സു**
അങ്ങനെയാവണമെന്നച്ഛന്‍
ഇങ്ങനെയാവരുതെന്നമ്മ
ഇതൊന്നുമല്ലെന്ന്‌ ഞാന്‍
പഠിച്ചും ചിന്തിച്ചും ധ്യാനിച്ചും
ഇനിയൊന്ന്‌ ജീവിച്ചു കളയാമെന്ന്‌
ആങ്ങി ഓങ്ങി വരുമ്പോഴേക്കും
ദേ കിട്‌ക്ക്‌ണ്‌ ! തീര്‍ന്നിട്ടുണ്ടാവും
പണ്ടാറടങ്ങാന്‍ !


*ജിദ്ദു കൃഷ്ണമൂര്‍ത്തി-മുക്തി നേടാന്‍ ഒരു വഴി പറഞ്ഞു തരാന്‍ കഴിയില്ലയെന്നും ബുദ്ധത്വം എന്നത്‌ ഇങ്ങനെയല്ലെന്ന്‌ ഇതൊന്നുമല്ലെന്ന്‌ പറയാന്‍ മാത്രമെ കഴിയൂ എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്‌
**ലാവോത്സു-എപ്പോഴും ചിരിച്ചു കൊണ്ടിരുന്ന ഒരു ബുദ്ധന്‍

Tuesday, October 7, 2008

പിടി തരാതെ വഴുതുന്ന ഒരു വാക്ക്‌

അടിവസ്ത്രത്തിനുള്ളില്‍ പരതുന്ന ഒരു കൈ
അഞ്ച്‌ പല്ലുകളുള്ള ഒരു പാമ്പാണ്‌
അതിന്റെ ഓരോ കൊത്തിലും
മുറുകുന്ന ലഹരിയില്‍ ആകെ നനയുന്നു
പാപത്തിന്റെ മധുരമാര്‍ന്ന കനികളായ ചുംബനങ്ങള്‍
അധരങ്ങളില്‍ കായ്ക്കുന്നു
ഉള്ളില്‍ പാലയുടെ ഗന്ധമാര്‍ന്ന ഒരു കാറ്റ്‌
ചുഴറ്റി വീശുന്നു
സ്വപ്ന മൂര്‍ച്ഛയില്‍ അയാളുടെ പടകപ്പലിന്‌
സഞ്ചരിക്കാന്‍
തുടകളുടെ വന്‍കരകളെ അകറ്റുമ്പോള്‍
അവള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു
അയാളോട്‌ പറയാന്‍ ഉദ്ദേശിച്ച്‌
എന്നും പിടിതരാതെ വഴുതി പോകാറുള്ള ഒരു വാക്കിനെ

Friday, October 3, 2008

ഉയരം പേടി

ചെറുപ്പത്തില്‍ ഒരു മരത്തില്‍ കയറിയപ്പോഴാണ്‌
ഭയം ആദ്യമായെന്റെ ചില്ല പിടിച്ചു കുലുക്കിയത്‌
അങ്ങനെയാണ്‌ വിറയനെന്ന പേര്‍ വീണത്‌
മുകളിലത്തെ നിലയില്‍ കൂട്ടുകാരോടൊപ്പം
മതിലിന്റെ ഓരം ചാരി നിന്നപ്പോഴൊക്കെ
അടിയിലേക്ക്‌ വീണു പോകുമെന്ന്‌
മനസ്‌ തെന്നി കൊണ്ടിരുന്നിരുന്നു
പത്താം ക്ലാസില്‍ മെഡല്‍ വങ്ങാന്‍ ആദ്യമായ്‌
സ്റ്റേജില്‍ കയറിയപ്പോള്‍
മനസ്‌ പകച്ചു കൊണ്ടിരുന്നു
താഴ്ച്ചയുടെ ഒരായിരം കണ്ണുകള്‍ തുറിച്ചു നോക്കുന്നുവെന്ന്‌
ടൂറിനു പോയയന്ന്‌ ആദ്യമായ്‌ കപ്പലിന്റെ മുകളില്‍
കയറിയപ്പോള്‍
ഭയം എല്ലാ നങ്കൂരങ്ങളും പൊട്ടിച്ച്‌ സഞ്ചരിക്കാന്‍ തുടങ്ങി
അടിയില്‍ ശ്വസം മുട്ടിക്കുന്ന ഒരാഴമുണ്ടെന്ന്‌
ആദ്യമായ്‌ കിട്ടിയ വാധ്യാര്‌ പണിയില്‍
കുട്ടികളുടെ പിറുപിറുക്കലുകള്‍ക്കു മുകളില്‍
മേശക്കരികലായി നിന്നപ്പോള്‍
വാക്കുകള്‍ ഇടറി കൊണ്ടിരുന്നു
പിന്നില്‍ മൌനത്തിന്റെ ഒരു താഴ്ചയുണ്ടെന്ന്‌
പോകുന്നിടത്തെല്ലാം ചില ഉയരങ്ങളിങ്ങനെ
പേടിയോടെ എന്നില്‍ നിന്നും താഴേക്ക്‌ നോക്കാന്‍
തുടങ്ങിയപ്പോഴാണ്‌
ഉയരങ്ങളില്‍ നിന്നും ഞാന്‍ ഒഴിഞ്ഞു നടക്കാന്‍ തുടങ്ങിയത്
മേഘങ്ങളും നക്ഷത്രങ്ങളും നിറഞ്ഞ
ഒരാകാശം എനിക്ക്‌ നഷ്ടപ്പെട്ടത്‌
എന്റെ ഭാഷയില്‍ സമതലങ്ങള്‍ രൂപപ്പെട്ടത്‌
ഉയരങ്ങളിലുള്ളവരെ കാണുമ്പോഴൊക്കെ
ഞാന്‍ അത്ഭുതപ്പെടും
അവര്‍ എങ്ങനെയാണവിടെ വീഴാതെ പിടിച്ചു
നില്‍ക്കുന്നതെന്ന്‌
ഇങ്ങനെ നില്‍ക്കുമ്പോള്‍ പോലും മനസ്‌
വഴുക്കുന്നുണ്ട്‌
അടിയിലൊരു ഗര്‍ത്തമുണ്ടെന്ന്‌
ഉള്ളിലേക്കിനിയുമെത്ര താഴണമാവോ
ഉയര്‍ച്ചിയില്ലാത്തൊരിടത്തെത്താന്‍