Thursday, August 21, 2008

തലതിരിയല്‍

എല്ലാം തല തിരിഞ്ഞു സംഭവിക്കുന്നുവെന്നിരിക്കട്ടെ
അപ്പോള്‍ സൂര്യന്‍ പടിഞ്ഞാറുദിച്ച്‌ കിഴക്കസ്തമിക്കും
അനന്തതയില്‍ നിന്ന്‌ പൂജ്യത്തിലേക്ക്‌ എണ്ണി തുടങ്ങും
മരണത്തില്‍ നിന്ന്‌ ജീവിതത്തിലേക്ക്‌ നയിക്കപ്പെടും
നുണകളെ സ്വീകരിക്കും
എന്നിട്ടും സത്യം പറഞ്ഞു കൊണ്ടിരിക്കും
സ്വപ്നങ്ങള്‍ യാഥര്‍ത്ഥ്യങ്ങളാകും
യാഥാര്‍ത്ഥ്യങ്ങളെ സ്വപ്നം കാണും
ദൈവം ചെകുത്താനാകും
നേടാതിരിക്കാന്‍ കഴിയാത്തതിനെ കുറിച്ച്‌
നാം വേവലാതിപ്പെടും
തോല്‍ക്കാനായി പരസ്പരം മത്സരിക്കും
ദുഃഖത്തിനു പിന്നാലെ ഓടി നടക്കും
ബന്ധങ്ങള്‍ വെറുപ്പിന്റെ അടിസ്ഥാനത്തില്‍
നിര്‍വചിക്കപ്പെടും
സ്നേഹത്തേയും പ്രണയത്തേയും ഇല്ലായ്മ ചെയ്യുന്നതിനെ കുറിച്ച്‌
ചര്‍ച്ചകള്‍ ഉണ്ടാകും
നമ്മള്‍ നഗ്നാരാകും
മിണ്ടാ പ്രാണികള്‍ സംസാരിക്കും
മരങ്ങള്‍ നടക്കും
ഗുരുത്വാകര്‍ഷണം മേലോട്ടാകും
താളമില്ലായ്മ താളമാകും
അങ്ങനെ തലതിരിഞ്ഞൊരു ലോകത്തില്‍
ഒരു കവി സൂര്യന്‍ കിഴക്കുദിച്ച്‌ പടിഞ്ഞാറസ്തമിക്കുന്ന
പൂജ്യത്തില്‍ നിന്ന്‌ അനന്തതിയിലേക്കെണ്ണുന്ന
ജനനത്തില്‍ നിന്ന്‌ മരണത്തിലേക്ക്‌ നയിക്കപ്പെടുന്ന
ഒരു തലതിരിഞ്ഞ ലോകത്തെ കുറിച്ച്‌ ഇങ്ങനെ
തലതിരിഞ്ഞൊരു കവിത എഴുതികൊണ്ടിരിക്കും

13 comments:

സുല്‍ |Sul said...

ഈ നല്ല കാലം എന്നാണിനി വരുന്നത്?

-സുല്‍

തണല്‍ said...

രാവിലെതന്നെ തലതിരിപ്പിച്ച് തല പെരുപ്പിക്കല്ലേ മഹീ..ഇങ്ങനെയൊക്കെ തന്നങ്ങ് പോട്ടെന്നേ..
-എന്തായാലും നന്നായി മഹീ.

Vallikkunnu said...
This comment has been removed by the author.
Vallikkunnu said...

ആകെക്കുടെ കണ്ഫുഷ്യനില്‍ ആയി. ഈ വരികളുടെ ലഹരി ഇറങ്ങണമെങ്കില്‍ ഒരുപാട് മോര് കുടിക്കേണ്ടി വരും.
www.vallikkunnu.blogspot.com

ശ്രീ said...

അസാമാന്യ ചിന്ത തന്നെ.
:)

smitha adharsh said...

അങ്ങനെയാനെന്കില്‍ ഞാനൊക്കെ എന്തായാലും നന്നാവുമായിരിക്കും.അല്ലെ?...തല തിരിഞ്ഞ ചിന്തയെല്ലാം നന്നായിരിക്കുന്നു...

Rare Rose said...

ഹൊ...ഈ തലതിരിഞ്ഞ ചിന്തകള്‍ക്കു മുന്നില്‍ എന്താപ്പോ പറയ്യാ...ഭയങ്കരം തന്നെ ട്ടാ..എന്തായാലും അങ്ങനെ തല തിരിഞ്ഞ കാലത്ത് ഇപ്പോളിത്തിരി തല തിരിവുള്ള ഞാന്‍ നേരെയാവും.....:)

ചന്ദ്രകാന്തം said...

ആഹാ..രസകരമായ ചിന്ത.
മഹീ...ന്നാലും ചെറിയൊരു സംശ്യം..
"ഒരു കവി സൂര്യന്‍ കിഴക്കുദിച്ച്‌ പടിഞ്ഞാറസ്തമിക്കുന്ന
പൂജ്യത്തില്‍ നിന്ന്‌ അനന്തതിയിലേക്കെണ്ണുന്ന
ജനനത്തില്‍ നിന്ന്‌ മരണത്തിലേക്ക്‌ നയിക്കപ്പെടുന്ന
ഒരു തലതിരിഞ്ഞ ലോകത്തെ കുറിച്ച്‌ ഇങ്ങനെ
കവിത എഴുതികൊണ്ടിരിക്കും.."

അതോ....എഴുതിവച്ച അക്ഷരങ്ങളെ...പെറുക്കിയെടുക്കുമോ...
(എന്റെ തലയുടെ കോണ്‍ഫിഗറേഷന്‍ ഇപ്പോഴേ മാറീന്നാണ്‌ തോന്ന്‌ണത്‌.)
:)

ലാപുട said...

കവിത ‘തലകീഴായ സ്വപ്നമാകുന്നത് ’ഇങ്ങനെയുമാണ്..
നന്നായി..

Pramod.KM said...

തലകീഴായ ചിന്തകള്‍!കവിക്കു മാത്രം അനായാസം പറ്റുന്നത്:)നന്നായിട്ടുണ്ട്.
മൊബൈല്‍ഫോണിനുശേഷം ലാന്റ്ഫോണ്‍ കണ്ടുപിടിക്കപ്പെട്ട ലോകത്ത് ഒരിക്കല്‍
ടെലിഫോണ്‍ എറിഞ്ഞുടച്ച ഒരാള്‍ക്ക്
നോബല്‍ സമ്മാനം ലഭിച്ചേക്കുമെന്ന് ഗോപീകൃഷ്ണന്‍.:)

ശിവ said...

അപ്പോള്‍ ഇവിടുത്തെ അപ്പൂപ്പന്മാരെല്ലാം കുഞ്ഞു കുട്ടികളാകും...നല്ല ചിന്തകളും വരികളും...

നരിക്കുന്നൻ said...

അപ്പോൾ തലതിരിഞ്ഞ ഈ കവിത വീണ്ടും തല തിരിയും. മരങ്ങൾ നടക്കും! നമ്മൾ നിശ്ചലമാകുമോ>>?

ഇങ്ങനെയൊക്കെ തലതിരിഞ്ഞ് ചിന്തിക്കാൻ മാത്ര ഇപ്പോൾ ഇവിടെ എന്തുണ്ടായി.

സൂപ്പർ.

Mahi said...

സുല്‍, തണല്‍ നന്ദി.വള്ളിക്കുന്നെ ഇത്രക്ക്‌ ഡോസുണ്ടൊ?സ്മിതേച്ചി, റൊസെ കാര്യങ്ങള്‍ അങ്ങനെയാണല്ലെ?ചന്ദ്രകാന്തം എഴുതുക എന്നതിന്റെ വിപരീതം എഴുതാതിരിക്കലല്ലെ?ചിലതിന്‌ കഥയില്‍ ചോദ്യമില്ല എന്റെ പരിമിതി.പ്രമോദ്‌, ലാപുട ബ്ലൊഗില്‍ സ്വന്തം മൌലികത വ്യക്തമായ്‌ നിര്‍വചിച്ച നിങ്ങളെ പോലുള്ളവര്‍ ഇവിടെ വരുകയും എന്നെ പോലൊരു സാധാരണ കവിയെ അഭിനന്ദിക്കുകയും ചെയ്തതില്‍ സന്തോഷമുണ്ട്‌.ശിവ, നരിക്കുന്നന്‍ എല്ലാവര്‍ക്കും നന്ദി