Tuesday, July 29, 2008

സമ്മാനം

ഞങ്ങളുടെ കമ്പാര്‍ട്ട്മെന്റിലേക്ക്‌

അവള്‍ വന്നത്‌

ഒരു മുറിച്ചൂലുമായ്‌

നിലത്തു കിടക്കുന്നതൊക്കെ

അടിച്ചു വാരികൊണ്ട്‌

നിരങ്ങി നിരങ്ങിയാണ്‌

അടിച്ചു കഴിഞ്ഞപ്പോഴൊക്കെ

അവളുടെ പ്രായത്തിന്‌ പാകമാകാത്ത

ഒരു നിര്‍വികാരത

യാത്രക്കരുടെ നേരെ കൈ നീട്ടി കൊണ്ടിരുന്നു

കിട്ടിയ ചില്ലറ തുട്ടുകളോട്‌

അവള്‍ ഒരിക്കലും അനുഭവിക്കാത്ത

ചില വാക്കുകളാല്‍ എന്തൊക്കയൊ

പറഞ്ഞു കൊണ്ടിരുന്നു

പോക്കറ്റില്‍ തപ്പിയപ്പോള്‍ തടഞ്ഞത്‌

ആഗ്രയില്‍ നിന്നും ഞാന്‍ കൂടെ കരുതിയ

ആ മാര്‍ബിള്‍ മാലയായിരുന്നു

ആവശ്യമില്ലെന്ന്‌ തോന്നിയതിനാലാവാം

ഞാനതവള്‍ക്ക്‌ കൊടുത്തത്‌

പിന്നെയവളെ കണ്ടത്‌

രസം മാഞ്ഞ കണ്ണാടിയില്‍ നോക്കി

മുഖം കഴുകുമ്പോഴാണ്‌

അപ്പുറത്തെ കമ്പാര്‍ട്ട്മെന്റിന്റെ

വാതിലും ചാരി നിന്നു കൊണ്ട്‌

എന്നെ നോക്കുന്നു

കഴുത്തില്‍ ഞാന്‍ കൊടുത്ത മാലയുണ്ട്‌

എന്തൊ പറയാന്‍ വെമ്പുന്നുണ്ട്‌

പിന്നെ ഒന്നും പറയാതെ അവള്‍ കടന്നു പോയപ്പോഴാണ്‌

ഞാനറിയുന്നത്‌

ഞങ്ങള്‍ക്കിടയില്‍ താജ്‌മഹലിനേക്കാള്‍

മനോഹരമായതെന്തൊ നിശബ്ദമായി ഉയരുന്നത്‌

12 comments:

നരിക്കുന്നൻ said...

ആ മാലക്ക് ഒരു താലിയുടെ മണമുണ്ടായിരുന്നു. മനസ്സിൽ താജ്മഹൽ കെട്ടി അവളെ വിളിച്ച് കൊണ്ട് വന്നോ?

ശ്രീ said...

പതിവു പോലെ നന്നായി, മഹീ
:)

shery said...

പ്രിയ മഹീ
സുഹൃത്തെ,
ബ്ലോഗ്ഗ് വായിച്ചു ..നന്നായി.കൂടുതൽ അഭിപ്രായങൾ പിന്നെ നൽകാം .ഇപ്പൊ മറ്റൊരു കാര്യം പറയാ‍ാനാ കെട്ടോ ഈ കമന്റ്.. ഞാൻ ബ്ലോഗ്‌ ലോകത്തു പുതിയ ആളാണ്‌..പേര്‌ ഷെറി. ഒരു ചെറിയ വെബ്ബ്‌ പ്രോഗ്രാമറാണ്‌.
യൂണീക്കോഡും മംഗ്ലീഷും എന്ന പേരിൽ ഒരു ബ്ലോഗ്‌ എഴുതിയിട്ടുണ്ട്‌ ..പക്ഷെ ഇതുവരെ എവിടെയും ലിസ്റ്റ് ആയി വരാഞതു മൂലം ഇങിനെ ഒരു വഴി സ്വീകരിക്കുകയാണ്..സമയം ഉണ്ടെങ്കിൽ ആ
ബ്ലോഗ്ഗ്‌ ഒന്നു വായിക്കാമോ?? അപേക്ഷയാണേ..
അഡ്രസ്സ് ഇതാണ് "http://sherysworld.blogspot.com"ഇവിടെ ഞെക്കിയാൽ അവിടെ എത്തഉം എന്നു പ്രതീക്ഷിക്കുന്നു..(ലിസ്റ്റ് ചെയ്യ്തു വരുമോ എന്നര്രിയാത്തതുകൊണ്ട് മാത്രമാ കെട്ടോ ഈ വഴി സ്വീകരിച്ചതു ..ബ്ലോഗ് ഗുണമുള്ളതാണെങ്കിൽ താങ്കളുടെ സുഹൃത്തുക്കളോടും പറയണേ....)

രണ്‍ജിത് ചെമ്മാട്. said...

നന്നായിരിക്കുന്നു.
എഴുത്തിന്റെ പച്ചപ്പ്,
വഴുക്കലില്ലാത്ത ചിന്തകള്‍...

ദേവതീര്‍ത്ഥ said...

ട്രൈയിന്‍ യാത്രയില്‍ നിത്യവും കാണുന്ന ദൃശ്യങ്ങള്‍
ഹൃദയത്തില്‍ തൊടുന്ന രീതിയില്‍ എഴുതിയിരിക്കുന്നു
ഇനിയും വരാം

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Rare Rose said...

ട്രെയിന്‍ യാത്രക്കിടയില്‍ എന്നും കാണാറുള്ളതാണു ഇത്തരം മുഖങ്ങള്‍ ....പക്ഷെ വരികള്‍ ആ മുഖത്തെ ഹൃദയത്തെ തൊടും വിധം മിഴിവോടെ വരച്ചു കാണിച്ചിരിക്കുന്നു...നന്നായീ ട്ടോ...:)

പാമരന്‍ said...

ഇഷ്ടമായി മാഷെ. പ്രണയത്തിന്‍റെ ഖബറു കൂടിയാണ്‌ താജ്മഹല്‍..

ശിവ said...

എന്തു നല്ല ഭാവനയും വരികളും...ഒരു നിശ്ശബ്ദ പ്രണയം...

Sharu.... said...

മനോഹരം പ്രണയത്തിന്റെ ഈ താജ്‌മഹല്‍

Mahi said...

എല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു

സ്നേഹതീരം said...

ഞാനിവിടെ വരാന്‍ ഒരുപാട് വൈകിപ്പോയല്ലോ ! പോസ്റ്റ് വളരെ നന്നായിരിക്കുന്നു. മുന്‍പ് എഴുതിയ പോസ്റ്റുകളെല്ലാം ഞാന്‍ വായിക്കാം. ഇത്രയും നന്നായി എഴുതുന്നയാളിന്റെ മറ്റു പോസ്റ്റുകളും വളരെ നന്നായിരിക്കുമെന്ന് മനസ്സു പറയുന്നു. ലളിതമായ വാക്കുകളിലൂടെ, എത്ര ഭംഗിയായി മനസ്സിനെ വരച്ചുകാണിച്ചിരിക്കുന്നു ! അഭിനന്ദനങ്ങള്‍..