Tuesday, July 29, 2008

സമ്മാനം

ഞങ്ങളുടെ കമ്പാര്‍ട്ട്മെന്റിലേക്ക്‌

അവള്‍ വന്നത്‌

ഒരു മുറിച്ചൂലുമായ്‌

നിലത്തു കിടക്കുന്നതൊക്കെ

അടിച്ചു വാരികൊണ്ട്‌

നിരങ്ങി നിരങ്ങിയാണ്‌

അടിച്ചു കഴിഞ്ഞപ്പോഴൊക്കെ

അവളുടെ പ്രായത്തിന്‌ പാകമാകാത്ത

ഒരു നിര്‍വികാരത

യാത്രക്കരുടെ നേരെ കൈ നീട്ടി കൊണ്ടിരുന്നു

കിട്ടിയ ചില്ലറ തുട്ടുകളോട്‌

അവള്‍ ഒരിക്കലും അനുഭവിക്കാത്ത

ചില വാക്കുകളാല്‍ എന്തൊക്കയൊ

പറഞ്ഞു കൊണ്ടിരുന്നു

പോക്കറ്റില്‍ തപ്പിയപ്പോള്‍ തടഞ്ഞത്‌

ആഗ്രയില്‍ നിന്നും ഞാന്‍ കൂടെ കരുതിയ

ആ മാര്‍ബിള്‍ മാലയായിരുന്നു

ആവശ്യമില്ലെന്ന്‌ തോന്നിയതിനാലാവാം

ഞാനതവള്‍ക്ക്‌ കൊടുത്തത്‌

പിന്നെയവളെ കണ്ടത്‌

രസം മാഞ്ഞ കണ്ണാടിയില്‍ നോക്കി

മുഖം കഴുകുമ്പോഴാണ്‌

അപ്പുറത്തെ കമ്പാര്‍ട്ട്മെന്റിന്റെ

വാതിലും ചാരി നിന്നു കൊണ്ട്‌

എന്നെ നോക്കുന്നു

കഴുത്തില്‍ ഞാന്‍ കൊടുത്ത മാലയുണ്ട്‌

എന്തൊ പറയാന്‍ വെമ്പുന്നുണ്ട്‌

പിന്നെ ഒന്നും പറയാതെ അവള്‍ കടന്നു പോയപ്പോഴാണ്‌

ഞാനറിയുന്നത്‌

ഞങ്ങള്‍ക്കിടയില്‍ താജ്‌മഹലിനേക്കാള്‍

മനോഹരമായതെന്തൊ നിശബ്ദമായി ഉയരുന്നത്‌

Saturday, July 19, 2008

വെളുത്ത ശ്യൂന്യത

ഇന്നാണ്‌ ഞാനത്‌ കണ്ടത്‌

കലണ്ടറിലെ പഴയ തിയതികളൊക്കെ

മാഞ്ഞുപോയിരിക്കുന്നു

പകരം കറുത്ത ചതുരക്കള്ളികളില്‍ നിന്നും

ഒരു വെളുത്ത ശ്യൂന്യത മാത്രം എന്നെ തുറിച്ചു നോക്കുന്നു

ഇതെന്ത്‌ മറിമായം എന്ന്‌ ഞാന്‍

മൂക്കത്ത്‌ വിരല്‍ വെച്ചു പോയ്‌ !

ഇത്ര നാളും ആ കറുത്ത ചതുരക്കള്ളികളില്‍

‍ഒതുങ്ങി നിന്ന്‌ മടുത്ത്‌ അവ ഇറങ്ങിപ്പോയൊ?

എന്തായാലും അപ്പോള്‍ മുതല്ക്കാണ്‌

കഴിഞ്ഞ കാല സംഭവങ്ങള്‍ക്ക്‌

ഒരു ക്രമം എനിക്ക്‌ നഷ്ടപ്പെട്ടത്‌

ഇന്നലെ നടന്നതും രണ്ടു മൂന്നു ദിവസം മുമ്പേ നടന്നതും

ഏതാദ്യം ഏതവസാനം എന്നൊരു കുഴമറി സംഭവിച്ചത്‌

ഇപ്പോള്‍ എന്റെ ഓര്‍മകളുടെ ഇടങ്ങളില്‍ വരെ

അത്‌ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്‌

തിരിഞ്ഞു നോക്കാന്‍ കൂടി പേടിയാണ്‌

അതെന്റെ പിന്നാലെ തന്നെയുണ്ട്‌

എന്റെ ഓരോ തിരിഞ്ഞു നോട്ടങ്ങളേയും മായ്ച്ച്‌

കുറച്ചു നേരത്തെ ഞാന്‍ കുടിച്ച

കട്ടന്‍ ചായ തന്ന ആശ്വാസത്തിന്റെ നിമിഷങ്ങളെ മായ്ച്ച്‌

എന്റെ ഓരോ ഇരുപ്പുകളേയും നില്‍പ്പുകളേയും മായ്ച്ച്‌

അതെന്റെ പിന്നാലെ തന്നെയുണ്ട്‌

ആ വെളുത്ത ശ്യൂന്യത

എന്റെ ഓരോ ചുവടുകളിലും

ഓരോ ശ്വാസങ്ങളിലും

എന്നെ പിന്തുടര്‍ന്ന്‌……….

Tuesday, July 15, 2008

നടത്തം


നടക്കുമ്പോള്‍ ഞാന്‍ പിന്നിലാണെന്ന്‌

മുന്നിലുള്ളവന്‍ വിചാരിക്കുന്നു

ഞാന്‍ മുന്നിലാണെന്ന്‌ പിന്നിലുള്ളവനും

നടന്ന്‌ നടന്ന്‌ മുന്നിലാവുകയൊ

പിന്നിലാവുകയൊ അല്ലാതെ

ഞാന്‍ എവിടെയും എത്തുന്നില്ല

ഇപ്പോള്‍ അതല്ല പ്രശ്നം

മുന്നിലുള്ളവന്‌ ഞാന്‍ പിന്നിലാണെന്നു പറയാനും

പിന്നിലുള്ളവനു ഞാന്‍ മുന്നിലാണെന്നു പറയാനും

അളവുകോലായ്‌ അവനവനെ തന്നെയെടുക്കാം

എനിക്കു ഞാന്‍ എവിടെയാണെന്നറിയുവാന്‍

‍ആരെയെടുക്കും?

മുന്നിലുള്ളവനേയൊ ? പിന്നിലുള്ളവനേയൊ ?

Monday, July 7, 2008

കടവാതില്‍


നിങ്ങള്‍ കണ്ടിട്ടുണ്ടാവും

അടഞ്ഞ മൌനങ്ങള്‍ കുടിയിരിക്കുന്ന

ഏകാന്തമായ ഇടങ്ങളില്‍ നിന്ന്‌

പെട്ടന്ന്‌ ചിറകടിച്ചുയരുന്ന

ഈ ഇരുണ്ട വാചാലതയെ

രാത്രിയിലെ തല പൊങ്ങൂ

ഇരുട്ടിലൂടെ തുഴഞ്ഞു നടക്കുമ്പോള്‍

‍അവ അറിയാറുണ്ട്‌

ഇരുട്ടില്‍ ആര്‍ക്കും ശരീരമില്ലെന്ന്‌

എല്ലാവരും കേവലം ആത്മാക്കളാണെന്ന്‌

ഒരു പക്ഷെ അവ കടന്നു പോകുന്ന മാധ്യമത്തിന്റെ

പ്രത്യേകത കൊണ്ടായിരിക്കാം

സ്വന്തം ശബ്ദങ്ങളിലല്ല

പ്രതിധ്വനികളിലാണ്‌ അവ വിശ്വസിക്കുന്നത്‌

ജീവിതം പോലും മരണത്തിന്റെ ഒരു പ്രതിധ്വനിയാണെന്ന്‌

അവ അനുഭവിക്കുന്നുണ്ട്‌

അതുകൊണ്ടായിരിക്കാം വെളിച്ചത്തിന്റെ ചില്ലകളില്‍

‍അവയെന്നും തല തിരിഞ്ഞ്‌ തൂങ്ങി കിടക്കുന്നത്‌

Friday, July 4, 2008

കാത്തിരിപ്പ്‌

ഈ ജനലിങ്ങനെ അന്തം വിട്ട്‌
നോക്കിയിരിക്കുന്നത്‌ ആരെയാണ്‌ ?
അതിനോടെന്നും കൈവീശി കാണിക്കാറുള്ള
തെങ്ങോല തലപ്പുകളെ
വടക്കെ പറമ്പില്‍ ഉണ്ണികളെയെപ്പോഴും
ഒക്കത്തു വച്ചു നില്ക്കുന്ന വരിക്ക പ്ലാവിനെ
അകലെയുള്ള കുന്നിന്‍ ചെരുവിലേക്ക്‌
എന്നും നടക്കാന്‍ പോവാറുള്ള ഒറ്റയടിപ്പാതയെ
രാമേട്ടന്‍ മണിയടിച്ചാല്‍ ഉണരുന്ന
കുഞ്ഞി കൌതുകങ്ങളുള്ള ആ സ്കൂളിനെ
അല്ല ഇവയെയൊന്നുമല്ല
ഇടയ്ക്ക്‌ കക്ഷത്ത്‌ എല്ലാവര്‍ക്കുമുള്ള
കത്തുകളുമായി വരാറുള്ള കാറ്റു പോലും
അതിനോടൊന്ന്‌ മിണ്ടുന്നത്‌ ഞാന്‍ കണ്ടിട്ടില്ല
പിന്നെ ഈ നട്ടുച്ചയ്ക്കും തളരാതെ
ഒന്ന്‌ ഇമ കൂടി അടക്കാതെ
ഇത്‌ ആരെയാണിങ്ങനെ നോക്കിയിരിക്കുന്നത്‌
വൈകുന്നേരം പകല്‍ പണി മാറ്റി പോവാന്‍ തുടങ്ങിയാലും
രാത്രി ഞാന്‍ വായിക്കുന്ന പുസ്തകത്തില്‍
‍ഉറക്കത്തിന്റെ അവ്യക്ത ഭാഷകള്‍‍
എന്തൊക്കയൊ തിരുത്തിയെഴുതാന്‍ തുടങ്ങിയാലും
കാത്തിരിപ്പിന്റെ മുനയാര്‍ന്നൊരു നിശബ്ദതയിലേക്ക്‌ തറഞ്ഞ്‌
അതങ്ങനെ തന്നെയിരിക്കുന്നുണ്ടാവും
ആ കാത്തിരിപ്പാണ്‌ എല്ലാമെല്ലാമെന്ന പോലെ
അതു കൂടിയില്ലെങ്കില്‍ മരിച്ചു പോവുമെന്ന പോലെ