Tuesday, June 10, 2008

ചൂണ്ടയിടല്‍

എത്ര നേരമായീ ഇങ്ങനെ ഇരിക്കുന്നു
ആ പൊങ്ങ്‌ ഒന്ന്‌ അനങ്ങുന്നത്‌ കൂടിയില്ലല്ലൊ
കോര്‍ത്തിട്ട ഇര പോരുന്നുണ്ടൊ?
എന്നെ പറ്റിക്കാന്‍ നോക്കണ്ട
ഞാനറിയുന്നുണ്ട്‌ ഇതിനടിയില്‍
‍ഇതിന്റെ ഏകതാനതയെ മുറിച്ചു നീന്തുന്ന
നിന്റെ ചലനങ്ങളെ
വാക്കുകളുടെ വഴുവഴുപ്പുള്ള നിന്റെ പുളച്ചിലുകളെ
ഉറക്കത്തിലും കണ്ണു തുറന്നിരിക്കുന്ന
നിന്റെ സ്വപ്നങ്ങളെ
ചെകിളകള്‍ ശ്വസിക്കുന്ന സത്യങ്ങളെ
ദുഃഖത്തിന്റെ ചെതുമ്പലുകളെ
കവിതേ, നിനക്കു വേണ്ടി
എത്ര നാള്‍ വേണമെങ്കിലും
ഞാനിങ്ങനെയിരിക്കും
നീയെവിടെ പോകാനാണ്‌?
ഒടുക്കം നീയിവിടേക്കു തന്നെ വരും
ഒറ്റ കൊത്തിന്റെയീ കാത്തിരിപ്പിലേക്ക്‌

2 comments:

ഫസല്‍ said...

"ഒടുക്കം നീയിവിടേക്കു തന്നെ വരും
കാത്തിരിപ്പിന്റെ ഈ ഒറ്റ കൊത്തിലേക്ക്‌"

കൊത്തിപ്പോയ്..ഈ പെരുമീനല്ലാതെ വേറെയേതാണത്?
ചൂണ്ടക്കാരനു പിന്നില്‍ ഞങ്ങളും കാത്തിരിക്കുന്നു..പിടക്കുന്ന മീനുകള്‍ക്കായ്..

ഹാരിസ്‌ said...

ശരിയാണ് വരാതിരിക്കാ‍ന്‍ കഴിയില്ല