Monday, May 26, 2008

അചേതനത

ഇരുന്ന്‌ ഇരുന്ന്‌ മടുത്ത കസേര
മേശയോട്‌ പരാതി പറഞ്ഞു
ഒന്നു നില്‍ക്കാന്‍ കഴിഞ്ഞെങ്കില്‍
നിന്ന്‌ നിന്ന്‌ മടുത്ത മേശ
തിരിച്ചു പരാതി പറഞ്ഞു
ഒന്നിരിക്കാന്‍ കഴിഞ്ഞെങ്കില്‍
‍പറഞ്ഞു പറഞ്ഞു മടുത്ത്‌ രണ്ടുപേരും
പരസ്പരം വച്ചു മറാന്‍ കഴിയാത്ത
നിയോഗങ്ങളുടെ അചേതനതയില്‍ നിശബ്ദരായി

Saturday, May 24, 2008

അമ്മ

ഞാന്‍ നിന്നെ പൊതിയുന്ന
കനമില്ലാത്തൊരൊറ്റ തോടിന്‍ ചൂട്‌
നീ എന്റെ അകങ്ങളെ നനച്ച്‌
എന്നില്‍ ഉറങ്ങുന്ന
കൊച്ചു സ്വപ്നങ്ങളുടെ
മഞ്ഞ സൂര്യന്‍
‍എനിക്കറിയാം നാളെ
നീയീ തോട്‌ കൊത്തി പൊട്ടിച്ച്‌
ഈ വിശാലതയിലേക്ക്‌ നടന്നു പോകും.....

Friday, May 23, 2008

വാക്കുകളുടെ കുമിളകള്‍

എന്റെ ഓരോ വാക്കിലും ഒരു നിശബ്ദത

ഓരോ വാക്കും ഒരു കുമിള

ഞാന്‍ വാക്കുകളുടെ കുമിളകളെ ഊതി പറപ്പിച്ച്‌

അതില്‍ അത്ഭുതം കൂറുന്ന ഒരു കുട്ടി

അവ കാറ്റില്‍ എനിക്കു ചുറ്റും നിശബ്ദം നീങ്ങുന്നു

നിമിഷത്തിന്റെ ഓരോ വിരാമങ്ങളില്‍ നിന്നും

പുതിയവ ജന്‌മം തേടി പറക്കുന്നു

എനിക്കു ചുറ്റും വീണു പരന്ന ഏകാന്തതയ്ക്ക്‌ മുകളില്‍

സ്നേഹത്തിന്റെ ലാഘവത്വമിയന്ന

ഒരു ലോകത്തെ കണ്ടെത്തുന്നു

ഉടലിന്റെ നേര്‍മയില്‍ വെളിച്ചത്തിന്റെ

മഴവില്‍ സ്പര്‍ശങ്ങളെ അനുഭവിക്കുന്നു

വഴികളെ മറന്ന്‌, ഒന്നുമേ തേടാനറിയാതെ

കാലത്തിന്റെ ഒരു കൊച്ചിടത്തിലേക്ക്‌ ഒതുങ്ങുന്നു

പിന്നെ എപ്പോഴോ ആരോടും പറയാതെ

സ്വന്തം നിശബ്ദതയിലേക്ക്‌ ഉടഞ്ഞു തകരുന്നു

Thursday, May 22, 2008

പുറത്തിറങ്ങല്‍

അകത്തിരുട്ടാണ്‌ പുറത്തിറങ്ങാമെന്ന്‌ വച്ചു

അല്ലെങ്കില്‍ തന്നെ എത്ര നേരമാണെന്നു വച്ചാ

ഇതിനകത്തടച്ചിരിക്കുക

പോരാത്തതിന്‌ എത്ര തല്ലി പുറത്താക്കിയാലും

കൂനി കൂടിയിരിപ്പാണ്‌ മൂലക്ക്‌ വേദന

എത്ര ഒഴിഞ്ഞു നടന്നാലും പെട്ടു പോകും

ചിന്തകളുടെ മാറാലയില്‍

ചുമരിളുമ്പുകളില്‍ അരിച്ച്‌ നടപ്പുണ്ട്‌ ഓര്‍മകള്‍

ചോരയൂറ്റും

അകം നിറയെ എടുത്തു വച്ച സ്വകാര്യങ്ങളുടെ

മുഷിഞ്ഞ ഗന്ധമാണ്‌

പുറത്തിറങ്ങി നടന്നപ്പോള്‍

മുറിയുന്ന പകച്ച നോട്ടങ്ങളാണ്‌

പുറംകാഴ്ചകള്‍ക്ക്‌

ആല്‍ത്തറയില്‍ അര്‍ഥമില്ലാത്ത

ചിരി പടരുന്നുണ്ട്‌

അങ്ങാടിയില്‍ വാക്കുകള്‍ക്ക്‌

മീന്‍ ചൂരടിക്കുന്നു

അതിര്‍ത്തികള്‍ മുള്ളാല്‍ മുറിയുന്നുണ്ട്‌

കൂട്ടുകളില്‍ ചേക്ക കിട്ടാതെ

തളര്‍ന്ന്‌ തിരികെ ചെന്നപ്പോള്‍

‍വെറുതെയൊന്ന്‌ നോക്കുക മാത്രം ചെയ്തു

പഴയ മൌനം

Monday, May 19, 2008

മറവി

മുള്ളൂര്‍ക്കരയില്‍ നിന്നാണ്‌ അയാള്‍ കയറിയത്‌
മണ്ണിലേക്ക്‌ വളഞ്ഞു തുടങ്ങിയ മുതുകിനെ
വടി താങ്ങി നിര്‍ത്തിയിരുന്നു
കണ്ണുകളില്‍ പഴയ കാഴ്ചകള്‍
‍പീള കെട്ടിയിരുന്നു
അയയിലിട്ട അലക്കി ചുളിഞ്ഞ തുണി പോലെ
തൊലി തൂങ്ങി കിടന്നിരുന്നു
എന്നരികത്താണ്‌ വന്നിരുന്നത്‌
‌കുറച്ചു കഴിഞ്ഞപ്പോള്‍ സമയം എത്രയാണെന്നും
എവിടേക്കാണെന്നും അന്വേഷിച്ചു
തിരിച്ചു ചോദിച്ചപ്പോള്‍
മുളകുന്നത്തുക്കാവില്‍ മോളുടെ വീട്ടിലെക്കാണെന്ന്‌ നിശബ്ദമായി
ഇപ്പോള്‍ ആര്‍ക്കും സമയമില്ലെന്ന്‌ ചുമച്ചു
കാല്മടമ്പിലെ വേദന ഇച്ചിരി കൂടതിലാണെന്ന്‌
വെറുതെ ഓര്‍മിച്ചു
പിന്നെ മോളുടെ കുട്ടി ഒരു കുറുമ്പന്‍ കാത്തിരിക്കുമെന്ന്‌
കണ്ണിറുക്കി കാട്ടി
കഥ പറയാതെ ഉറങ്ങാറില്ലെന്ന്‌
പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു
സഞ്ചിയില്‍ ആ കൊതിയനുള്ള
അച്ചപ്പവും കുഴലപ്പവുമൊക്കെയാണെന്ന്‌ തെളിഞ്ഞു
പിന്നെയെപ്പഴോ മൌനം പൂണ്ടു
കുറച്ചു കഴിഞ്ഞു നോക്കിയപ്പോള്‍ ഉറക്കമാണ്‌
മുളകുന്നത്തുകാവിലെത്താറയപ്പോള്‍ വിളിച്ചു
ഉണര്‍ന്നില്ല
മറവി കൊണ്ടാകാം അയാള്‍ അതിനു മുന്‍പെവിടെയൊ
ഇറങ്ങിപോയിരുന്നു

Friday, May 16, 2008

നന്ദി

ഒരു മഞ്ചാടി കുരുവിന്‌
കുറ്റിപ്പെന്‍സിലിന്‌
വെള്ളത്തണ്ടിന്‌
ഇണങ്ങിയതിന്‌
പിണങ്ങിയതിന്‌
കാത്തിരിപ്പിനാല്‍ എന്റെ ദൂരങ്ങളെ അളന്നതിന്‌
ഒടുവിലൊരു തുള്ളി കണ്ണീരായ്‌ മടങ്ങിയതിന്‌
ഇപ്പൊഴും ഒരോര്‍മ്മയായ്‌ വിങ്ങുന്നതിന്‌

Tuesday, May 13, 2008

ഒറ്റ വാക്ക്‌ മാത്രമുള്ള പാട്ട്‌

അത്‌ ഒറ്റ വാക്ക്‌ മാത്രമുള്ള പാട്ടാണ്‌
ചില്ലു പോലെ കൂര്‍ത്ത
അരം പോലെ ഒരമുള്ള
രാത്രിയുടെ മാംസത്തില്‍ ആഴ്ന്നിറങ്ങുന്ന
ഇരുതല മൂര്‍ച്ചയുള്ള വാളു പോലെ
ഒറ്റ വാക്ക്‌ മാത്രമുള്ള പാട്ട്‌
ഒറ്റയാന്റെ തിളച്ചു മറയുന്ന കോപം പോലെ
ഒറ്റ ഞരമ്പ്‌ പൊട്ടിയൊഴുകുന്ന ചോര പോലെ
ഏറ്റമേകാന്തവും ശുന്യവുമായരൊറ്റ നിലവിളി പോലെ
ഒറ്റ വേഗവും ഒരേ നേര്‍ രേഖയുമുള്ള
ഒറ്റ വാക്ക്‌ മാത്രമുള്ള പാട്ട്‌
എന്നും നാമമെത്തിച്ചു കഴിഞ്ഞാല്‍, ഇരുട്ടില്‍
വടക്കെപ്പുറത്തെ തിണ്ണയില്‍
ഒറ്റക്കു വന്നിരിക്കുന്നതിതിനു വേണ്ടി മാത്രമാണ്‌
ലോകത്ത്‌ ചീവിടിനു മാത്രം പാടാന്‍ കഴിവുള്ള
ഈ ഒറ്റ വാക്കുള്ള പാട്ടിനു വേണ്ടി മാത്രം