Monday, December 29, 2008

വീട്‌

തുറക്കും തുറക്കും എന്ന പ്രതീക്ഷയാണ്‌ വാതില്‍
ഫ്രെയിം ചെയ്തു വെച്ച കാഴ്ചയാണ്‌ ജനല്‍
പരസ്പരം അപരിചിതരാക്കുന്ന മുറിവുകളുടെ
നിശബ്ദ ഭാഷയാണ്‌ ഓരോ മുറിയും
ഭൂമിക്കും ജീവിതത്തിനുമിടയില്‍ സ്വാര്‍ത്ഥതയുടെ
സമവാക്യങ്ങള്‍ കൊണ്ട്‌ പടുത്ത
ഗണിത രൂപങ്ങളാണ്‌ പടികള്‍
പല സത്യങ്ങളെ ഒരൊറ്റ നുണയുടെ താഴെ
കൊണ്ടുവരുമൊരു ബോധമാണ്‌ മേല്‍ക്കൂര
അതിനുള്ളില്‍ തളം കെട്ടികിടക്കുന്ന നിശബ്ദതയ്ക്ക്‌ തിന്നാന്‍
വിരസതകളെ വേവിച്ചെടുക്കുമൊരടുക്കള

Monday, December 22, 2008

ഇടയിലൊരു വഴി

2008 ഡിസംബര്‍ മാസം തര്‍ജ്ജനിയില്‍ അച്ചടച്ചുവന്നത്‌
ഞാന്‍ കണ്ടയിടവഴികളൊക്കെ വളഞ്ഞത്‌
ചപ്പില വീണവ്യക്തമായത്‌
നടക്കുമ്പോള്‍ പിറുപിറുക്കന്നത്‌
ചില ഒച്ചയനക്കങ്ങളാല്‍ പേടിപ്പെടുത്തുന്നത്‌
ഇയ്യെങ്കടാ കുട്ട്യേ നിക്കിത്തിരി വെറ്റ വാങ്ങി കൊണ്ട്‌രോയെന്ന്‌
മുള്‍വേലിക്കലും അടുപ്പങ്ങള്‍ പൂക്കുന്നത്‌
കണ്ണി മാങ്ങ തരാന്‍ നാട്ടു മാവുകള്‍ കാത്തുനില്‍ക്കുന്നത്‌
മഴയില്‍ ഒഴുക്കാവുന്നത്‌
ഇരിട്ടിലും നാട്ടുഭാഷയുടെ ചൂട്ടു മിന്നുന്നത്‌
എന്റെ പെണ്ണേ നമുക്കിടയിലുള്ളൊരി വഴിയിലൂടെ
ഇന്നെത്രയോര്‍മകളുടെ വളവുകള്‍ തിരിയണം
ഞാന്‍ നിന്നിലെത്താന്‍
നീയെന്നിലെത്താന്‍

Monday, December 15, 2008

കുഞ്ഞനീസ

ഡാ പൊയക്ക്‌ എന്തൊരൊയ്‌ക്കാ !
ഉം........ഇതിലിറങ്ങ്യാ എന്താണ്ടാവാ ?
നീയൊലിച്ചുപോവും
പിന്നനക്ക്‌ ഉപ്പാനേം ഉമ്മാനേം കാണാന്‍ പറ്റൂലാ
ഒലിച്ചു പോയാ എവിട്യാ എത്താ ?
കടലില്‌
കടലിലെത്ത്യാല്‌ ?
മയ്യത്താവും
നാമിപ്പോള്‍ ഒഴുക്കിലൊ അതൊ കടലിലൊ കുഞ്ഞനീസ ?

Saturday, December 13, 2008

കുഞ്ഞനീസ

വെള്ളത്തണ്ട്‌ തരാത്തതിന്‌
നീയെന്നെ നുള്ളിയിട്ടുണ്ട്‌
കൊത്താംകല്ല്‌ കളിച്ച്‌ തോറ്റതിന്‌
കൊഞ്ഞനം കുത്തിയിട്ടുണ്ട്‌
നിന്നെ കൂട്ടാതെ മേച്ചേരിക്കാരുടെ പറമ്പില്‍
മാങ്ങ പറിക്കാന്‍ പോയതിന്‌
അമ്മയോട്‌ പറഞ്ഞ്‌ നീയെനിക്ക്‌
തല്ല്‌ വാങ്ങി തന്നിട്ടുണ്ട്‌
ഞാന്‍ പിടിച്ച തുമ്പികളെ കൊണ്ടെല്ലാം
നീ കല്ലെടുപ്പിച്ചിട്ടുണ്ട്‌
എങ്കിലും
നീ തന്ന നീറ്റലനുഭവിക്കാന്‍ എന്റെ സ്നേഹം
വീണ്ടും കൊതിച്ചിട്ടുണ്ടെന്നല്ലാതെ
കല്ലെടുക്കപ്പെടാന്‍ എന്റെ സ്വപ്നത്തിന്റെ തുമ്പികള്‍
നിനക്കു ചുറ്റും പറന്നു നടന്നിട്ടുണ്ടെന്നല്ലാതെ
എന്റെ ഇത്തിരി ജയങ്ങള്‍ക്കു നേരെ
നിന്റെ കുസൃതികളെന്നും കൊഞ്ഞനം കുത്തണമെന്ന്‌
ആഗ്രഹിച്ചിട്ടുണ്ടെന്നല്ലാതെ
ആദ്യമെത്താന്‍ നാമെന്നുമോടുമായിരുന്ന
തോട്ടുവക്കത്തെ വഴിയിലൂടെ
മൂക്കൊലിക്കുന്ന കുഞ്ഞിനേയും ഒക്കത്ത്‌ വെച്ച്‌
വെയിലത്ത്‌ വാടിത്തളര്‍ന്ന്‌
ഒരു രണ്ടാം കെട്ടുകാരന്റെ ഭാര്യയായ്‌
നീ പോകുന്നത്‌ കാണാന്‍
ഞാനൊട്ടും ആശിച്ചിട്ടില്ലല്ലൊ എന്റെ കുഞ്ഞനീസ

Friday, November 28, 2008

സ്വപ്നം ഫാസ്റ്റ്‌ പാസഞ്ചര്‍

പത്തരേടെ സ്വപ്നം ഫാസ്റ്റ് പാസഞ്ചറിനാണ്‌ കയറിയത്
കാലു കുത്താനിടല്ല്യാ
എന്നാലും പോകാണ്ടിരിക്കാന്‍ പറ്റ്വോ ?
കാലത്തന്നെ പുട്ടിനുള്ള പൊടി നനക്കുന്നുണ്ടാവും
വാത്സല്യം
വടക്കേ തൊടീന്ന്‌ ഇച്ചിരി മുരിങ്ങെല പൊട്ടിച്ചോടി
കുത്തികാച്ചി വെക്കാമെന്ന്‌ കാലും നീട്ടിയിരിപ്പുണ്ടാവും
പല്ലു കൊഴിഞ്ഞു തുടങ്ങിയൊരു പഴയ കാലം
ആവി പറക്കുന്ന ചായക്കിടയിലും വരാനുള്ള സമയം
കണക്കു കൂട്ടുന്നുണ്ടാവും ഒരുത്കണ്ഠ
ചില വിളികള്‍ക്കായ്‌ വലാട്ടി കിടപ്പുണ്ടാവും
ഉമ്മറത്തൊരു കാവല്‍
കരിയില വീണ മുറ്റത്ത്‌ അടിച്ചോരാനെന്ന ഭാവേന
വഴിക്കണ്ണിട്ട്‌ നില്‍ക്കുന്നുണ്ടാവും ഒരു നിശബ്ദത
കാത്തു നില്‍പ്പുണ്ടാവും
സൌഹൃദ ത്തണല്‍ വൃക്ഷങ്ങള്‍,
പുഴക്കരയിലെ ഏകാന്ത സന്ധ്യകള്‍
ചെന്നിറങ്ങിയപ്പോള്‍ നാട്ടു വഴികള്‍ കുശലം ചോദിച്ചു
സുഗല്ലെ ? എത്രൂസണ്ട്‌ ലീവ്‌ ?
തിരക്കിട്ട്‌ നടന്നു
അച്ചുണ്ണ്യാരുടെ ചായക്കടയില്‍ ഇളകുന്ന ഡെസ്കിന്‍മേല്‍
ചൂടാറാതെയിരിപ്പുണ്ട്‌ ഇന്നത്തെ രാഷ്ട്രീയം
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ
പൊന്നിന്‍ ചിലൊമ്പൊലി കേട്ടുണര്‍ന്നുവെന്ന്‌
ഉറക്കമുണര്‍ന്നിട്ടുണ്ട്‌ റേഡിയൊ
പടി കടന്നപ്പോള്‍ കണ്ടു
മുറ്റത്ത്‌ ഞാന്‍ നട്ട റോസാച്ചെടിയില്‍
വിരിഞ്ഞിരിക്കുന്നു ഒരു കവിത

Wednesday, November 26, 2008

കിണറിലേക്ക്‌...........

ബക്കറ്റെ കയറില്‍ തൂങ്ങി നീയിങ്ങനെ
കിണറിന്റെ ആത്മാവിലേക്ക്‌ സഞ്ചരിച്ച്‌
അതിന്റെ പാറയിടുക്കുകളില്‍ ഊറുന്ന സ്നേഹത്തെ
കോരിയെടുത്തും കോരിയെടുത്തും മതിയായില്ലെ ?
ഓരോ വട്ടവും അതില്‍ മുങ്ങി നിവരുമ്പോള്‍
നീയറിയാറുണ്ടൊ
അതില്‍ ഉരുകി വീണലിഞ്ഞൊരു വേനലിന്റെ ദുഃഖം ?
അതില്‍ കുളിര്‍മയായുണരുന്നൊരു നിലാവിന്റെ സ്വപ്നം ?
പൊട്ടി വീണു കിടപ്പുണ്ടൊ അതിലിപ്പോഴും
ആകാശ വിസ്തൃതികള്‍ ?
നിശബ്ദതയില്‍ നിന്നും പെയ്തിറങ്ങാറുണ്ടൊ
മേഘമല്‍ഹാറുകള്‍ ?
വെളിച്ചം വെളിച്ചമെന്നെത്തി നോക്കുന്നുണ്ടൊ
ഉള്ളിലോര്‍മയുടെ പച്ചപ്പുകള്‍ ?
ആഴങ്ങളിലേക്ക്‌ ഒറ്റക്കിങ്ങനെ പോകുമ്പോള്‍
നിനക്കു പേടി തോന്നുന്നില്ലെ ?
ഓരോ വട്ടം പോകുമ്പോഴും നീയനുഭവിക്കാറുണ്ടൊ
അതിലൊരിക്കല്‍ ചാടി മരിച്ചൊരേകാന്തതയുടെ
തണുത്ത സാന്നിദ്ധ്യം ?

Monday, November 24, 2008

അതിജീവനം

മനസിന്റെ അളയില്‍
ചുരുണ്ടു കൂടി കിടപ്പുണ്ടൊരോര്‍മ
എന്റെ ഏകാന്തതയിലേക്ക്‌ തണുപ്പു തേടി
ഇടക്കിടെ ഇഴെഞ്ഞെത്തും
ദുഃഖത്തിന്റെ ഇരട്ടപ്പല്ലുകൊണ്ടുള്ള
അതിന്റെ കൊത്താല്‍
ഞാന്‍ കരിനീലിച്ചു പോവാറുണ്ടെങ്കിലും
നിന്റെയുള്ളില്‍ വളരുന്നൊരു ചെടിയുടെ
പച്ചില നീരാല്‍
സ്വപ്നങ്ങളിലേക്ക്‌ ഞാനിങ്ങനെ
അതിജീവിച്ചുകൊണ്ടേയിരിക്കുന്നു

Tuesday, November 18, 2008

ഇലകളുടെ മരണം

കൂട്ടക്കരച്ചിലില്ലാതെ
അനുശോചനങ്ങളില്ലാതെ
ഒരു യാത്രാമൊഴി പോലും പറയാതെ
മഞ്ഞയുടെ നിസംഗതയില്‍ നിശബ്ദമായി
കാറ്റിന്റെ ഒരു കൊച്ചു സ്പര്‍ശത്തില്‍ അടര്‍ന്ന്‌
വായുവില്‍ ഒഴുകി പരന്ന്‌
ആരുമറിയാതിവിടെത്രയൊ മരണത്തിന്‍
കനമില്ലാ വീഴ്ചകള്‍

Saturday, November 15, 2008

സ്നേഹത്തെ കുറിച്ച്‌ ചില ഷോട്ടുകള്‍

അതെ ഞങ്ങള്‍ സ്നേഹത്തെ കുറിച്ച്‌
സംസാരിക്കുകയാണ്‌
ഞാന്‍ പറയുമ്പോള്‍ ക്യാമറ
അവളില്‍ നിന്ന്‌ എന്നിലേക്ക്‌ നോക്കുന്നു
ഞാന്‍ ഒരു സിഗരറ്റിന്‌ തീ കോളുത്തുന്നു
സ്നേഹത്തെ കുറിച്ച്‌ അവള്‍ക്ക്‌
അവളുടേതായ കാഴ്ച്ചപ്പാടുകള്‍ ഉണ്ട്‌
അവളെന്റെ വാദങ്ങളെ ഖണ്ഡിക്കാന്‍ ശ്രമിക്കുന്നു
ക്യാമറ എന്നില്‍ നിന്ന്‌ അവളിലേക്ക്‌......
ഞങ്ങളുടെ സംസാരം നീളുന്നു
ഇപ്പോള്‍ ക്യാമറ അരികില്‍ നിന്ന്‌ ഞങ്ങളെ നോക്കുന്നു
ഞങ്ങള്‍ക്കിടയിലെ മേശമേലുള്ള ആഷ്ട്രേയില്‍
ഞാന്‍ വലിച്ച സിഗരറ്റ്‌ പുകയുന്നു
ക്യാമറ ഞങ്ങള്‍ക്കിടയിലൂടെ
ചുമരിലുള്ള സ്റ്റുഫ്‌ ചെയ്തു വെച്ച
ഒരു പക്ഷിയിലേക്ക്‌ സൂമിന്‍ ചെയ്യുന്നു
അതിന്‌ ജീവനുള്ള പോലെ തോന്നുന്നു
അതൊരു തോന്നല്‍ മാത്രമാണ്‌
അതിന്റെ കണ്ണുകള്‍ നിശബ്ദങ്ങളാണ്‌
പശ്ചാത്തലത്തില്‍ ഞങ്ങളുടെ സംസാരം തുടരുന്നു
ക്യാമറ ഞങ്ങളിലേക്ക്‌ തിരിച്ചു വരുന്നു
ഇപ്പോള്‍ ഞങ്ങള്‍ പുറത്തു പോവാന്‍ ഒരുങ്ങുകയാണ്‌
ക്യാമറ ഞങ്ങളെ വാതിലു വരെ പിന്തുടരുന്നു
പിന്നെ ഒരു പാന്‍ ഷോട്ടിലൂടെ വീണ്ടും ആഷ്ട്രെയിലേക്ക്‌
സിഗരറ്റ്‌ പുകഞ്ഞുതീര്‍ന്നിരിക്കുന്നു
പിന്നില്‍ ഞങ്ങളുടെ കാലടികള്‍
അകന്നു പോകുന്നതിന്റെ ശബ്ദം
മുറി ഇപ്പോള്‍ തീര്‍ത്തും നിശബ്ദമാണ്‌
മങ്ങിയ വെളിച്ചത്തില്‍ അത്‌
കൂടുതല്‍ ഏകാന്തവും ശൂന്യവുമായനുഭവപ്പെടുന്നു
ക്യാമറ മെല്ലെ വാതിലിലൂടെ പിന്‍വലിയുന്നു
പശ്ചാത്തലത്തില്‍ കേള്‍ക്കുന്നത്‌ ചിറകടികളാണ്‌...............

Monday, November 10, 2008

എന്റേതല്ലാത്ത ഇടങ്ങള്‍

ഞാന്‍ ധരിച്ചിട്ടുള്ള ഈ ഷര്‍ട്ട്‌
സ്വല്‍പ്പം നരച്ചതാണെങ്കിലും ഈ പാന്റ്‌
എന്റേതല്ല
അതിനുള്ളിലെ ശരീരം, അതിന്റെ ഇടറുന്ന മിടിപ്പുകള്‍
എന്റേതാണ്‌
ഒരു കാലി ചായ വാങ്ങാന്‍ പോലും
പൈസ ഉണ്ടാവാറില്ലെങ്കിലും
ഞാന്‍ ഉപയോഗിക്കുന്ന പേഴ്സ്‌ എന്റേതല്ല
എങ്കിലും അതിലൊരിക്കല്‍ പൈസ വന്നു നിറയുമെന്ന സ്വപ്നം
എന്റേതാണ്‌
ഞാനെഴുതുന്ന ഈ പേന എന്റേതല്ല
എങ്കിലും അതിലൂടെ വാര്‍ന്നു വീഴുന്ന വാക്കുകള്‍,
അവ അവശേഷിപ്പിക്കുന്ന വേദന എന്റേതാണ്‌
ഞാന്‍ ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന
ഈ വീട്‌ എന്റേതല്ല
പക്ഷെ അതിനുള്ളിലെ നിശ്വാസങ്ങള്‍, മുറു മുറിപ്പുകള്‍
എന്റേതാണ്‌
ഞാന്‍ നടക്കുന്ന ഈ പാത എന്റേതല്ല
അതിലൂടെയുള്ള നീണ്ട യാത്രകള്‍ എന്റേതാണ്‌
ഞാന്‍ കാണുന്ന കാഴ്ചകള്‍ എന്റേതല്ല
അവ നല്‍കുന്ന ഉത്കണ്ഠകള്‍ എന്റേതാണ്‌
പതനങ്ങളൊന്നും എന്റേതല്ല
അതിന്റെ നിസ്സഹയതകള്‍ എന്റേതാണ്‌
പലായനങ്ങളൊന്നും എന്റേതല്ല
അതിന്റെ അരക്ഷിതത്വങ്ങള്‍ എന്റേതാണ്‌
വേര്‍പാടുകളൊന്നും എന്റേതല്ല
അവയേല്‍പ്പിക്കുന്ന മുറിവുകള്‍ എന്റേതാണ്‌
മരണങ്ങളൊന്നും എന്റേതല്ല
അവ അവശേഷിപ്പിക്കുന്ന ശൂന്യത എന്റേതാണ്‌
സമയം തെറ്റി പിറന്നതിനാലാവാം
എന്റേതല്ലാത്ത ഇടങ്ങളില്‍ എന്നുമിങ്ങനെ……..

Friday, November 7, 2008

മുനകള്‍

കാത്തിരിപ്പിന്റെ ഏറ്റവും തീവ്രമായ ഭാവം
ഉള്ളതൊരിക്കലും സ്ത്രീയുടെ കണ്ണിലല്ല
ലോകത്തൊന്നടങ്കമുള്ള മുനകളിലാണതുള്ളത്‌
കേള്‍ക്കുന്നില്ലെ,
കാത്തിരിപ്പിന്റെ കൂര്‍ത്ത ഒരു ബിന്ദുവാല്‍
അവ നിശബ്ദതയോട്‌ സംസാരിച്ച്‌ കൊണ്ടിരിക്കുന്നത്‌ -
നമ്മെ കുറിച്ച്‌ മാത്രമാണ്‌

Wednesday, November 5, 2008

പെയ്ത്‌ തോരാതെ…..

മഴ പെയ്യാന്‍ മാനം ഉരുണ്ടു കൂടിയാലും
കുടയെടുക്കാറില്ല
പിന്നില്‍ മഴ വരുന്നതിന്റെ ആരവം
അടുത്ത്‌ കേട്ടാലും എങ്ങും ഓടിക്കേറാറില്ല
നനഞ്ഞൊലിച്ച്‌ നിരത്തിലൂടെ നടക്കുമ്പോള്‍
ചൂളിപ്പിടിച്ചു നില്‍ക്കുന്ന പീടിക തിണ്ണകള്‍
തുറിച്ചു നോക്കും
കാജാ ബീടി വലിച്ചു നില്‍ക്കുന്ന തണുപ്പുകളേയും
അച്ചുണ്ണ്യാരുടെ ആവി പറക്കുന്ന ചായയേയും
കണ്ടില്ലെന്ന്‌ നടിക്കും
എനിക്കറിയാം അകലേന്ന്‌ ഓടിയോടി വരുന്നത്‌
എന്നെ കാണാനാണ്‌
കഴിഞ്ഞ പ്രാവശ്യം വന്നപ്പോലെ തന്നെയായിരിക്കും
പിന്നില്‍ വന്ന്‌ കണ്ണ്‌ പൊത്തുന്ന ശീലവും
മാറിയിട്ടുണ്ടാവില്ല
തോളത്ത്‌ കൈയ്യിട്ട്‌
പഴയ പോലെ ചളിവെള്ളം ചവിട്ടി തെറിപ്പിച്ച്‌
അങ്ങനെ നടക്കുമ്പോള്‍
മേലെ വീട്ടിലെ വിശേഷങ്ങള്‍
എത്ര പറഞ്ഞാലും തീരില്ല
കെട്ടിപിടിച്ച്‌, ഓര്‍മകളാല്‍ നനച്ച്‌
യാത്ര പറഞ്ഞു പോകുമ്പോള്‍
കാതിലുണ്ടാവും പെയ്ത്‌ തോരാതെ
ഇനിയും വരാമെന്ന്‌ പറഞ്ഞത്‌...........

Monday, November 3, 2008

കളവ്‌

ഞാന്‍ വരുമ്പോള്‍ വാതിലെല്ലാം തുറന്നു കിടക്കുകയാണ്‌
എടുത്തു വച്ച മുഷിച്ചിലുകളെല്ലാം തകര്‍ന്നു കിടപ്പുണ്ട്‌
ശീലങ്ങളെയെല്ലാം വലിച്ചു വാരിയിട്ടിരിക്കുന്നു
ഓര്‍മയുടെ ലോക്കറെല്ലാം കുത്തിതുറന്ന്‌
വിലപിടിച്ചതെല്ലാം എടുത്തു കൊണ്ടുപോയിരിക്കുന്നു
നാളേക്ക്‌ കരുതിവെച്ചിരുന്ന സ്വപ്നങ്ങളില്‍
ഒന്നു പോലും കാണാനില്ല
ഒരു തെളിവു പോലും ബാക്കിവെച്ചിട്ടില്ല
പോലീസൊക്കെ കൈമലര്‍ത്തി
ജീവിതത്തെ കൃത്യമായ്‌ അറിയുന്നൊരാള്‍
വളരെ ആസൂത്രിതമായ്‌ ചെയ്തതാണത്‌
മഹാപാപിയെന്ന്‌ കൊടും കയ്യും കുത്തിയിരിപ്പാണ്‌ ഞാന്‍
അല്ലാതെന്ത്‌ ചെയ്യാന്‍ ? ആരോട്‌ പറയാന്‍ ?

Friday, October 31, 2008

നിശബ്ദം

ഒരു നോട്ടം പോലുമാവാതെ കൊഴിയുന്നവ
ഒരു സ്പര്‍ശം പോലുമാവാതെ തളരുന്നവ
ഒരു വഴി പോലുമാവാതെ മടങ്ങുന്നവ
ഒരു തേങ്ങല്‍ പോലുമാവാതെ മായുന്നവ
ഒരു വരി പോലുമാവാതെ മറയുന്നവ
അങ്ങനെ നമ്മിലെത്രയെത്ര നിശബ്ദതകളാണ്‌
ഒന്നുമാകാതെ ഒരില പോലുമനക്കാതെ
വെറും നിശബ്ദതകള്‍ മാത്രമായ്‌
അവസാനിക്കുന്നത്‌……

Thursday, October 23, 2008

നിങ്ങള്‍

വെള്ളം വീഞ്ഞാക്കിയത്‌ ഞാനല്ല
അത്‌ കുടിച്ചവന്‍ ഞാനായിരുന്നു
വെള്ളത്തിനു മുകളിലൂടെ നടന്നവന്‍ ഞാനല്ല
അതില്‍ മുങ്ങിത്താണവന്‍ ഞാനായിരുന്നു
മുന്നാം നാള്‍ ഉയിര്‍ത്തെണീറ്റത്‌ ഞാനല്ല
മരക്കുരിശിലേറിയത്‌ ഞാനായിരുന്നു
എന്നിട്ടും
വീഞ്ഞു കുടിച്ചവനും മുങ്ങിത്താണവനും
മരക്കുരിശിലേറിയവനുമായ എന്നെ
വോട്ടിനിട്ട്‌ ദൈവമാക്കിയത്‌ നിങ്ങളാണ്‌ നിങ്ങള്‍

Tuesday, October 21, 2008

ഓര്‍മയുടെ വൃത്താകൃതികള്‍

അക്കങ്ങളില്‍ പൂജ്യത്തിന്‌ മാത്രമെ
പറക്കാന്‍ കഴിയൂയെന്ന്‌ ഞാനറിഞ്ഞത്‌
പാപ്പനില്‍ നിന്നാണ്‌
വിറ്റ വീടിന്റെ വടക്കിനിയില്‍ ചാരുകസേരയിലിരുന്ന്‌
കുമാര്‍ ഗന്ധര്‍വയേയും ബാബുക്കയേയും കേള്‍ക്കുന്നതിനിടയ്ക്ക്‌
ഞങ്ങളെ അത്ഭുതപ്പെടത്താന്‍
പാപ്പന്‍ ഊതി വിടാറുള്ള പുക വൃത്തങ്ങളെ
ആദ്യമായ്‌ കണ്ടപ്പോഴാണ്‌
അതു വരെ സ്ലേറ്റില്‍ വരച്ചാല്‍ വരച്ചോടത്തിരിക്കുന്ന
പൂജ്യങ്ങള്‍ക്ക്‌ ചിറകുണ്ടെന്ന്‌ ഞാനറിഞ്ഞത്‌,
നിക്കോട്ടിന്‍ ദുഃഖങ്ങളുടെ നീല ഛായ പുരണ്ട
പൂര്‍ണതയുടെ പുകയതിരുകളും
ഉള്ളില്‍ ശൂന്യതയും നിറഞ്ഞ ആ പൂജ്യങ്ങള്‍
എന്റെ പ്രിയപ്പെട്ട അക്കമായത്‌.
പിന്നീട്‌ കടലാസു ബീടികള്‍ക്കൊ
എന്റെ വിറക്കുന്ന കൈവിരലുകള്‍ക്കൊ
അത്തരം പറക്കുന്ന പൂജ്യങ്ങളെ
സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല
പുകയതിരുകളുടെ ഭ്രമണ പഥങ്ങളിലൂടെ
ഞാന്‍ വെറുതെ ഓടികൊണ്ടിരിക്കുന്നു
അതിനുള്ളിലെ ശൂന്യതയിലിരുന്ന്‌
പാപ്പനിപ്പോഴും കുമാര്‍ ഗന്ധര്‍വയേയും ബാബുക്കയേയും
കേള്‍ക്കുന്നുണ്ടാകും
എന്നെ അത്‌ഭുതപ്പെടുത്താന്‍
വട്ടത്തില്‍ പുക ഊതി വിടുന്നുണ്ടാകും
ജീവിതം ഇത്രയൊക്കെയുള്ളൂവെന്ന്‌
എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടാകും

Friday, October 17, 2008

ഇങ്ങനെ നില്‍ക്കുമ്പോള്‍..........

ഇങ്ങനെ നില്‍ക്കുമ്പോള്‍ ഒരു കാക്ക
ഇലക്ട്രിക്‌ ലൈനില്‍ ഷോക്കേറ്റ്‌ മരിക്കുന്നു
ഇങ്ങനെ നില്‍ക്കുമ്പോള്‍ ആരൊക്കയൊ
റേഷന്‍ വാങ്ങുന്നതിനെ കുറിച്ചും
കുട്ടികളെ പഠിപ്പിക്കുന്നതിനെ കുറിച്ചും
വേവലാതിപ്പെട്ടുകൊണ്ടിരിക്കുന്നു
ഇങ്ങനെ നില്‍ക്കുമ്പോള്‍ ആരുടെയൊക്കയൊ കൈകള്‍
ചവറ്റു കൂനയില്‍ ഭക്ഷണം തിരഞ്ഞു കൊണ്ടിരിക്കുന്നു
ഇങ്ങനെ നില്‍ക്കുമ്പോള്‍ ആരൊക്കയൊ
വയറു നിറച്ചുണ്ട്‌ ഏമ്പക്കം വിട്ടുകൊണ്ടിരിക്കുന്നു
ഇങ്ങനെ നില്‍ക്കുമ്പോള്‍
ഡാമുകള്‍ പണികഴിപ്പിക്കപ്പെടുന്നു
കാടുകള്‍ വെട്ടിതെളിക്കപ്പെടുന്നു
ജനങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുന്നു
ഇങ്ങനെ നില്‍ക്കുമ്പോള്‍
ആരുടെയൊക്കയൊ സ്വപ്നങ്ങള്‍ കൊള്ളയടിക്കപ്പെടുന്നു
വീടുകള്‍ തീവെക്കപ്പെടുന്നു
ഇങ്ങനെ നില്‍ക്കുമ്പോള്‍
മകന്‍ അമ്മയുടെ മുന്നില്‍ കൊല ചെയ്യപ്പെടുന്നു
അനിയത്തിമാര്‍ ബലാത്സംഗം ചെയ്യപ്പെടുന്നു
ഇങ്ങനെ നില്‍ക്കുമ്പോള്‍
എവിടെയൊക്കയൊ ബോംബുകള്‍ വര്‍ഷിക്കുന്നു
വിപ്ലവം അടിച്ചമര്‍ത്തുന്നു
ഇങ്ങനെ നില്‍ക്കുമ്പോള്‍
ജീവിക്കാന്‍ ആരൊക്കയൊ ഉടുപുടവയുരിയുന്നു
മധുവിധുവാഘോഷിക്കുവാന്‍ ആരൊക്കയൊ
ചന്ദ്രനിലേക്ക്‌ പോകൂന്നു
ഇങ്ങനെ നില്‍ക്കുമ്പോള്‍
ഓസോണിലെ തുള വലുതായികൊണ്ടിരിക്കുന്നു
ആഗോള താപനം കൂടികൊണ്ടിരിക്കുന്നു
ന്റെമ്മേ ! ഇങ്ങനെ നില്‍ക്കുമ്പോള്‍
എന്തൊക്കയാണ്‌ സംഭവിച്ചു കൊണ്ടിരിക്കുന്നത്‌ ?
എന്നിട്ടും ഇങ്ങനേ……നിന്നുകൊണ്ടിരിക്കുന്നു..............

Tuesday, October 14, 2008

ആങ്ങി ഓങ്ങി വരുമ്പോഴേക്കും

ഇങ്ങനെയാണെന്ന്‌ ഗാന്ധിജി
ഇങ്ങനെയല്ലെന്ന്‌ ജിദ്ദു*
മധ്യ മാര്‍ഗമാണ്‌ വേണ്ടതെന്ന്‌ ബുദ്ധന്‍
കരയണമെന്ന്‌ യേശു
ചിരിക്കണമെന്ന്‌ ലാവോത്സു**
അങ്ങനെയാവണമെന്നച്ഛന്‍
ഇങ്ങനെയാവരുതെന്നമ്മ
ഇതൊന്നുമല്ലെന്ന്‌ ഞാന്‍
പഠിച്ചും ചിന്തിച്ചും ധ്യാനിച്ചും
ഇനിയൊന്ന്‌ ജീവിച്ചു കളയാമെന്ന്‌
ആങ്ങി ഓങ്ങി വരുമ്പോഴേക്കും
ദേ കിട്‌ക്ക്‌ണ്‌ ! തീര്‍ന്നിട്ടുണ്ടാവും
പണ്ടാറടങ്ങാന്‍ !


*ജിദ്ദു കൃഷ്ണമൂര്‍ത്തി-മുക്തി നേടാന്‍ ഒരു വഴി പറഞ്ഞു തരാന്‍ കഴിയില്ലയെന്നും ബുദ്ധത്വം എന്നത്‌ ഇങ്ങനെയല്ലെന്ന്‌ ഇതൊന്നുമല്ലെന്ന്‌ പറയാന്‍ മാത്രമെ കഴിയൂ എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്‌
**ലാവോത്സു-എപ്പോഴും ചിരിച്ചു കൊണ്ടിരുന്ന ഒരു ബുദ്ധന്‍

Tuesday, October 7, 2008

പിടി തരാതെ വഴുതുന്ന ഒരു വാക്ക്‌

അടിവസ്ത്രത്തിനുള്ളില്‍ പരതുന്ന ഒരു കൈ
അഞ്ച്‌ പല്ലുകളുള്ള ഒരു പാമ്പാണ്‌
അതിന്റെ ഓരോ കൊത്തിലും
മുറുകുന്ന ലഹരിയില്‍ ആകെ നനയുന്നു
പാപത്തിന്റെ മധുരമാര്‍ന്ന കനികളായ ചുംബനങ്ങള്‍
അധരങ്ങളില്‍ കായ്ക്കുന്നു
ഉള്ളില്‍ പാലയുടെ ഗന്ധമാര്‍ന്ന ഒരു കാറ്റ്‌
ചുഴറ്റി വീശുന്നു
സ്വപ്ന മൂര്‍ച്ഛയില്‍ അയാളുടെ പടകപ്പലിന്‌
സഞ്ചരിക്കാന്‍
തുടകളുടെ വന്‍കരകളെ അകറ്റുമ്പോള്‍
അവള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു
അയാളോട്‌ പറയാന്‍ ഉദ്ദേശിച്ച്‌
എന്നും പിടിതരാതെ വഴുതി പോകാറുള്ള ഒരു വാക്കിനെ

Friday, October 3, 2008

ഉയരം പേടി

ചെറുപ്പത്തില്‍ ഒരു മരത്തില്‍ കയറിയപ്പോഴാണ്‌
ഭയം ആദ്യമായെന്റെ ചില്ല പിടിച്ചു കുലുക്കിയത്‌
അങ്ങനെയാണ്‌ വിറയനെന്ന പേര്‍ വീണത്‌
മുകളിലത്തെ നിലയില്‍ കൂട്ടുകാരോടൊപ്പം
മതിലിന്റെ ഓരം ചാരി നിന്നപ്പോഴൊക്കെ
അടിയിലേക്ക്‌ വീണു പോകുമെന്ന്‌
മനസ്‌ തെന്നി കൊണ്ടിരുന്നിരുന്നു
പത്താം ക്ലാസില്‍ മെഡല്‍ വങ്ങാന്‍ ആദ്യമായ്‌
സ്റ്റേജില്‍ കയറിയപ്പോള്‍
മനസ്‌ പകച്ചു കൊണ്ടിരുന്നു
താഴ്ച്ചയുടെ ഒരായിരം കണ്ണുകള്‍ തുറിച്ചു നോക്കുന്നുവെന്ന്‌
ടൂറിനു പോയയന്ന്‌ ആദ്യമായ്‌ കപ്പലിന്റെ മുകളില്‍
കയറിയപ്പോള്‍
ഭയം എല്ലാ നങ്കൂരങ്ങളും പൊട്ടിച്ച്‌ സഞ്ചരിക്കാന്‍ തുടങ്ങി
അടിയില്‍ ശ്വസം മുട്ടിക്കുന്ന ഒരാഴമുണ്ടെന്ന്‌
ആദ്യമായ്‌ കിട്ടിയ വാധ്യാര്‌ പണിയില്‍
കുട്ടികളുടെ പിറുപിറുക്കലുകള്‍ക്കു മുകളില്‍
മേശക്കരികലായി നിന്നപ്പോള്‍
വാക്കുകള്‍ ഇടറി കൊണ്ടിരുന്നു
പിന്നില്‍ മൌനത്തിന്റെ ഒരു താഴ്ചയുണ്ടെന്ന്‌
പോകുന്നിടത്തെല്ലാം ചില ഉയരങ്ങളിങ്ങനെ
പേടിയോടെ എന്നില്‍ നിന്നും താഴേക്ക്‌ നോക്കാന്‍
തുടങ്ങിയപ്പോഴാണ്‌
ഉയരങ്ങളില്‍ നിന്നും ഞാന്‍ ഒഴിഞ്ഞു നടക്കാന്‍ തുടങ്ങിയത്
മേഘങ്ങളും നക്ഷത്രങ്ങളും നിറഞ്ഞ
ഒരാകാശം എനിക്ക്‌ നഷ്ടപ്പെട്ടത്‌
എന്റെ ഭാഷയില്‍ സമതലങ്ങള്‍ രൂപപ്പെട്ടത്‌
ഉയരങ്ങളിലുള്ളവരെ കാണുമ്പോഴൊക്കെ
ഞാന്‍ അത്ഭുതപ്പെടും
അവര്‍ എങ്ങനെയാണവിടെ വീഴാതെ പിടിച്ചു
നില്‍ക്കുന്നതെന്ന്‌
ഇങ്ങനെ നില്‍ക്കുമ്പോള്‍ പോലും മനസ്‌
വഴുക്കുന്നുണ്ട്‌
അടിയിലൊരു ഗര്‍ത്തമുണ്ടെന്ന്‌
ഉള്ളിലേക്കിനിയുമെത്ര താഴണമാവോ
ഉയര്‍ച്ചിയില്ലാത്തൊരിടത്തെത്താന്‍

Monday, September 29, 2008

ഒന്നേ രണ്ടേ മൂന്നേ………

ഒന്നേ രണ്ടേ മൂന്നേ………
ഒന്ന്‌ രണ്ടിന്റെ ആരാണെന്ന്‌
രണ്ട്‌ മൂന്നിന്റെ ആരാണെന്ന്‌
മൂന്ന്‌ ഒന്നിന്റെ ആരാണെന്ന്‌
ഒന്ന്‌ രണ്ട്‌ മൂന്ന്‌ എന്നീ ക്രമത്തില്‍
ചോദ്യങ്ങള്‍ ചോദിച്ചാല്‍
ഒന്നും രണ്ടും കൂടിയാണ്‌
മൂന്നുണ്ടായതെന്നും
മൂന്നില്‍ നിന്നും രണ്ടിറങ്ങി നടന്നാല്‍
ഒന്നായെന്നും
ഒന്നിനെ മൂന്നില്‍ നിന്നുമെടുത്തു മാറ്റിയാല്‍
രണ്ടായെന്നുമൊക്കെ
ഒന്ന്‌ രണ്ട്‌ മൂന്ന്‌ എന്നീ ക്രമത്തില്‍
ഉത്തരം പറഞ്ഞാലും
തീരാത്ത സംശയങ്ങളാല്‍
ബന്ധങ്ങളെ വീണ്ടും കൂട്ടിയും കിഴിച്ചും
അവസാനം നമ്മളെത്തിച്ചേരുക
ആരും ആരുടേതുമല്ലെന്ന ഒരു പൂജ്യത്തിലേക്കാണ്‌
എങ്കിലും എണ്ണാന്‍ തുടങ്ങുമ്പോള്‍
നാമീ പൂജ്യത്തെ മറക്കുന്നു
പഴയ പോലെ വീണ്ടും നാം എണ്ണി തുടങ്ങുന്നു
ഒന്നേ രണ്ടേ മൂന്നേ………

Tuesday, September 23, 2008

അല്‍ഷിമേഴ്സ്‌ രോഗി

ആകാശം ഒരു അല്‍ഷിമേഴ്സ്‌ രോഗി
ഭൂതകാലത്തില്‍ നിന്നും വെളിച്ചപ്പെടുന്ന
ഓര്‍മകളുടെ ഒരു മിന്നലിനെ
ഇരുട്ടിന്റെ ചുമരില്‍ അയാള്‍
വെറുതെ എഴുതി വെക്കാന്‍ ശ്രമിക്കുന്നു
മഴയില്‍ അത്‌ നനഞ്ഞൊലിച്ചു പോകുന്നത്‌
അയാള്‍ അറിയുന്നേയില്ല

Thursday, September 11, 2008

അരിമുറുക്ക്‌

ഊണു കഴിക്കാനിരിക്കുമ്പോഴാണ്‌
അവന്‍ വന്നത്‌
അരിമുറുക്കു വേണൊയെന്ന്‌ ചോദിച്ചപ്പോള്‍
അമ്മ വേണ്ട എന്നു പറഞ്ഞിട്ടും
അവന്‍ അതിന്റെ ഗുണവും
വിലകുറവും പറഞ്ഞു തുടങ്ങി
നിര്‍ത്തുന്നില്ലയെന്നു കണ്ട്‌
അമ്മ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോഴും
അവന്‍ എന്തൊക്കയൊ പറയുന്നുണ്ടായിരുന്നു
ഒരെണ്ണമെങ്കിലും വാങ്ങൂയെന്നൊ
മുതലാളി തല്ലുമെന്നൊ
അവന്റെ വാക്കുകള്‍ എന്റെ കിണ്ണത്തില്‍ ചിതറി വീണ്‌
വായയെ പൊള്ളിച്ചു
ചോറ്‌ പാതി വെച്ച്‌ ഇറങ്ങുമ്പോഴേക്കും
അവന്‍ പോയിരുന്നു
ഇടവഴിയിലൊന്നും അവനെ കണ്ടില്ല
തിരഞ്ഞു ചെന്നിടത്തൊന്നും
അവന്‍ ഉണ്ടായിരുന്നില്ല
ഞാനവനെ കാണാതെ പോയ വഴികളിലൂടെയിപ്പോള്‍
ഒരു ഇല്ലായ്മ
അവന്‍ അനുഭവിക്കാന്‍ പോകുന്ന പീഡനങ്ങളെ കുറിച്ച്‌
നിലവിളിച്ചുകൊണ്ടിരിക്കുന്നു

Thursday, September 4, 2008

ചില തോന്നലുകള്‍

വഴിയില്‍ വരുന്നവരേയും പോകുന്നവരെയുമെല്ലാം
തടഞ്ഞു നിര്‍ത്തി വിശേഷങ്ങള്‍ ചോദിക്കുന്നുണ്ട്‌
വലിയ വലിയ കാര്യങ്ങള്‍ പറയുന്നുണ്ട്‌
മൈക്കിന്റെ കഴുത്ത്‌ ഞെരിക്കാന്‍ കിട്ടുന്ന
ഒരവസരവും വിടാറില്ല
നാട്ടുകാര്‍ക്കു വേണ്ട സഹായങ്ങളൊക്കെ
ചെയ്യുന്നുണ്ട്‌
സുഹൃത്തുക്കള്‍ക്കൊക്കെ ആഴ്ച്ചയിലൊരിക്കല്‍
ഫോണ്‍ ചെയ്യുന്നുണ്ട്‌
വൈകുന്നേരങ്ങളില്‍ കാമുകിയുമൊത്ത്‌ പാര്‍ക്കില്‍ പോകുന്നുണ്ട്‌
അവള്‍ക്കു വേണ്ട ഉമ്മകളൊക്കെ കൊടുക്കുന്നുണ്ട്‌
വല്ലപ്പോഴും കള്ളുകുടിക്കുകയും
സിനിമ കാണുകയും ചെയ്യുന്നുണ്ട്‌
ഇടക്കിടെ ഫോട്ടൊ പത്രത്തില്‍
അച്ചടിച്ചു വരുന്നുണ്ട്‌
തിന്നുകയും തൂറുകയും ഉറങ്ങുകയും ചെയ്യുന്നുണ്ട്‌
എന്നിട്ടും ഇത്രയൊക്കെ ചെയ്തിട്ടും
എന്തൊ ജീവിച്ചിരിക്ക്‌ണില്ലാന്നൊരു തോന്നല്‍ !

Saturday, August 30, 2008

ബൈനോക്കുലര്‍

ഹൃദയത്തില്‍ നിന്ന്‌ കണ്ണെടുക്കുമ്പോള്‍
ചില കാഴ്ചകള്‍ അകന്നു പോകുന്നു
ചില മുഖങ്ങള്‍, സ്നേഹങ്ങള്‍
സന്തോഷങ്ങള്‍, ദുഃഖങ്ങള്‍
അകന്നുപോകുന്നു
ചില ദിവസങ്ങള്‍, വരികള്‍ അകന്നുപോകുന്നു
ഞാന്‍ തന്നെ എന്നില്‍ നിന്ന്‌
അകന്നകന്നുപോകുന്നു
എല്ലാം അകലെയായിരിക്കുമ്പോഴും
തൊട്ടടുത്താണെന്ന്‌ തോന്നിപ്പിക്കുന്ന
ഒരു ബൈനോക്കുലറാണെന്റെ ഹൃദയം

Thursday, August 21, 2008

തലതിരിയല്‍

എല്ലാം തല തിരിഞ്ഞു സംഭവിക്കുന്നുവെന്നിരിക്കട്ടെ
അപ്പോള്‍ സൂര്യന്‍ പടിഞ്ഞാറുദിച്ച്‌ കിഴക്കസ്തമിക്കും
അനന്തതയില്‍ നിന്ന്‌ പൂജ്യത്തിലേക്ക്‌ എണ്ണി തുടങ്ങും
മരണത്തില്‍ നിന്ന്‌ ജീവിതത്തിലേക്ക്‌ നയിക്കപ്പെടും
നുണകളെ സ്വീകരിക്കും
എന്നിട്ടും സത്യം പറഞ്ഞു കൊണ്ടിരിക്കും
സ്വപ്നങ്ങള്‍ യാഥര്‍ത്ഥ്യങ്ങളാകും
യാഥാര്‍ത്ഥ്യങ്ങളെ സ്വപ്നം കാണും
ദൈവം ചെകുത്താനാകും
നേടാതിരിക്കാന്‍ കഴിയാത്തതിനെ കുറിച്ച്‌
നാം വേവലാതിപ്പെടും
തോല്‍ക്കാനായി പരസ്പരം മത്സരിക്കും
ദുഃഖത്തിനു പിന്നാലെ ഓടി നടക്കും
ബന്ധങ്ങള്‍ വെറുപ്പിന്റെ അടിസ്ഥാനത്തില്‍
നിര്‍വചിക്കപ്പെടും
സ്നേഹത്തേയും പ്രണയത്തേയും ഇല്ലായ്മ ചെയ്യുന്നതിനെ കുറിച്ച്‌
ചര്‍ച്ചകള്‍ ഉണ്ടാകും
നമ്മള്‍ നഗ്നാരാകും
മിണ്ടാ പ്രാണികള്‍ സംസാരിക്കും
മരങ്ങള്‍ നടക്കും
ഗുരുത്വാകര്‍ഷണം മേലോട്ടാകും
താളമില്ലായ്മ താളമാകും
അങ്ങനെ തലതിരിഞ്ഞൊരു ലോകത്തില്‍
ഒരു കവി സൂര്യന്‍ കിഴക്കുദിച്ച്‌ പടിഞ്ഞാറസ്തമിക്കുന്ന
പൂജ്യത്തില്‍ നിന്ന്‌ അനന്തതിയിലേക്കെണ്ണുന്ന
ജനനത്തില്‍ നിന്ന്‌ മരണത്തിലേക്ക്‌ നയിക്കപ്പെടുന്ന
ഒരു തലതിരിഞ്ഞ ലോകത്തെ കുറിച്ച്‌ ഇങ്ങനെ
തലതിരിഞ്ഞൊരു കവിത എഴുതികൊണ്ടിരിക്കും

Wednesday, August 13, 2008

പഴയ സാധനങ്ങള്‍ വില്ക്കാനുണ്ടൊ?

പഴയ ഇരുമ്പു സാധനങ്ങളെ, കുപ്പികളെ, നോട്ടു പുസ്തകങ്ങളെ
പ്ലാസ്റ്റിക്കുകളെ വില്ക്കാനുണ്ടൊ……………?
എന്നിങ്ങനെ ഈണത്തില്‍ ചൊല്ലിയാണ്‌ അയാള്‍ വരാറ്‌
വന്നു കഴിഞ്ഞാല്‍ അമ്മ പിന്നാമ്പുറത്ത്‌ കൂട്ടി വെച്ച
കുപ്പികളും തകരപാത്രങ്ങളും
ഞങ്ങളുടെ പഴയ നോട്ടു പുസ്തകങ്ങളും
അയാള്‍ക്കു കൊടുക്കും
തൂക്കി നോക്കി കള്ള കണക്കു പറയുമ്പോള്‍
ചീത്ത പറയും
പേശി പേശി കാശു വാങ്ങും
ചില്ലറ ഞങ്ങള്‍ക്കു നാരങ്ങ മിഠായിക്കുള്ളതാണ്‌
വലുതായെ പിന്നെ അയാളെ കണ്ടിട്ടില്ല
കണ്ടാല്‍ കൊടുക്കാനായ്‌ ഞാന്‍ കരുതി വെച്ചിട്ടുണ്ട്‌
മുഷിഞ്ഞ സ്വകാര്യങ്ങളും
ഞെളുങ്ങിയ ശീലങ്ങളും
തുരുമ്പിച്ച ഓര്‍മകളും
നിറഞ്ഞ ഈ പഴയ തകരപ്പെട്ടി
എടുക്കുമൊ ആവൊ?, എന്തു വില തരുമൊ ആവൊ?

Tuesday, August 5, 2008

ട്രാഫിക് ജാം

മാര്‍ക്കറ്റിനടുത്തുള്ള റോഡില്‍ ചക്ക മടല്‍
കിടക്കുന്നത്‌ കണ്ട്‌
ഒരു പശു തിന്നാന്‍ ഇറങ്ങിയപ്പോഴാണ്‌
നിര നിരയായ്‌ നീങ്ങിയിരുന്ന വാഹനങ്ങളെല്ലാം
നിലവിളിച്ചു കൊണ്ട്‌ നിന്നത്‌
ഓഫീസിലേക്ക്‌, ഇന്റെര്‍വ്യൂവിന്‌, ആശുപുത്രിക്ക്‌, കല്യാണത്തിന്‌
പാര്‍ക്കിലേക്ക്‌, പോകുന്നവരോക്കെ വേവലാതി പൂണ്ടത്‌
കാറിന്റെ ചില്ലുകള്‍ താഴ്ത്തി തടിച്ചു ചീര്‍ത്ത
മുഖമുള്ള ഒരു വയസ്സന്‍
തൂവാല കൊണ്ട്‌ വിയര്‍പ്പ്‌ തുടച്ചത്‌
മുറിഞ്ഞ ജീന്‍സും ടീ ഷര്‍ട്ടുമിട്ട ഒരുവള്‍
ചൂടു സഹിക്ക വയ്യാഞ്ഞിട്ടെന്നവണ്ണം
മാറ്‌ ഊതിയാറ്റി കൊണ്ടിരുന്നത്‌
ആരുടേയൊ മൊബൈലില്‍ നിന്നും ജീനെ ക മസ..
ഒഴുകി വന്നത്‌
എഫ്‌ എം റേഡിയോവില്‍ ട്രാഫിക്കിനെ പ്പറ്റി ഒരുവള്‍
ശ്വാസം വിടാതെ സംസാരിച്ചത്‌
ഗെയ്മിലെ അടുത്ത കട്ട വീഴുന്നത്‌ നോക്കി
ഒരാള്‍ ഉല്‍ക്കണ്ഠയോടെ വിരലമര്‍ത്തി കൊണ്ടിരുന്നത്‌
അവസാനം എന്താതൊരു ബഹളം
എന്നെത്തി നോക്കിയ ഒരു ഗ്രാമീണനാണ്‌
ബ്‌ടെ, ബ്‌ടെ പയ്യെ എന്ന്‌ പറഞ്ഞ്‌ ചെന്നത്‌
അപ്പോഴേക്കും ചക്ക മടല്‍ തീര്‍ന്നിരുന്നു
തന്റെ നേര്‍ക്ക്‌ വരുന്ന ഗ്രാമീണനെ നോക്കി
പശു മ്പേ…….ന്ന്‌ ഏമ്പക്കമിട്ട്‌ മെല്ലെ നടന്നകന്നു

Friday, August 1, 2008

ആ വീട്ടില്‍.......

അവിടെ ഇപ്പോഴും പ്രഭാതത്തിന്റെ മൃദുലമായ കൈകള്‍
മൂടി പുതച്ചുറങ്ങുന്ന ഓര്‍മകളെ തട്ടിയുണര്‍ത്താറുണ്ട്‌
പിന്‍വശത്ത്‌ ഉണക്കിലകള്‍ കൂട്ടികത്തിച്ച അടുപ്പിനരികെയിരുന്ന്‌
ഒരു തണുപ്പ്‌ ചൂടുപിടിക്കാറുണ്ട്‌
കരി പിടിച്ച അടുക്കളയില്‍ ഒരു ഇല്ലായ്മ എന്തൊ പരതാറുണ്ട്‌
ശീലങ്ങള്‍ തട്ടുകയും മുട്ടുകയും ചെയ്യാറുണ്ട്‌
ഒരു മുഷിവ്‌ എന്തൊക്കയൊ മുറുമുറുക്കാറുണ്ട്‌
ഉച്ചയൂണു കഴിഞ്ഞ്‌ ഒരു മൌനം നാലും കൂട്ടി മുറുക്കി
മുറ്റത്തെ ചുവപ്പിക്കാറുണ്ട്‌
തെക്കിനിയില്‍ ഒരു ഭ്രാന്ത്‌ ഉത്തരം നോക്കി കിടക്കാറുണ്ട്‌
ചിലപ്പോള്‍ ഒരു പാട്ട്‌ മൂളാറുണ്ട്‌
വൈകുന്നേരം ഒരാകാംഷ നാരങ്ങ മിഠായിക്ക്‌
കാത്തിരിക്കാറുണ്ട്‌
എത്ര താരാട്ട്‌ പാടിയുറക്കിയാലും
പാതിരയ്ക്ക്‌ ദുഃസ്വപ്നം കണ്ടുണര്‍ന്ന്‌ ഒരു കരച്ചില്‍
ഇപ്പോഴും ആരെയൊക്കയൊ തേടാറുണ്ട്‌
അവിടെ……ആ വീട്ടില്‍...............

Tuesday, July 29, 2008

സമ്മാനം

ഞങ്ങളുടെ കമ്പാര്‍ട്ട്മെന്റിലേക്ക്‌

അവള്‍ വന്നത്‌

ഒരു മുറിച്ചൂലുമായ്‌

നിലത്തു കിടക്കുന്നതൊക്കെ

അടിച്ചു വാരികൊണ്ട്‌

നിരങ്ങി നിരങ്ങിയാണ്‌

അടിച്ചു കഴിഞ്ഞപ്പോഴൊക്കെ

അവളുടെ പ്രായത്തിന്‌ പാകമാകാത്ത

ഒരു നിര്‍വികാരത

യാത്രക്കരുടെ നേരെ കൈ നീട്ടി കൊണ്ടിരുന്നു

കിട്ടിയ ചില്ലറ തുട്ടുകളോട്‌

അവള്‍ ഒരിക്കലും അനുഭവിക്കാത്ത

ചില വാക്കുകളാല്‍ എന്തൊക്കയൊ

പറഞ്ഞു കൊണ്ടിരുന്നു

പോക്കറ്റില്‍ തപ്പിയപ്പോള്‍ തടഞ്ഞത്‌

ആഗ്രയില്‍ നിന്നും ഞാന്‍ കൂടെ കരുതിയ

ആ മാര്‍ബിള്‍ മാലയായിരുന്നു

ആവശ്യമില്ലെന്ന്‌ തോന്നിയതിനാലാവാം

ഞാനതവള്‍ക്ക്‌ കൊടുത്തത്‌

പിന്നെയവളെ കണ്ടത്‌

രസം മാഞ്ഞ കണ്ണാടിയില്‍ നോക്കി

മുഖം കഴുകുമ്പോഴാണ്‌

അപ്പുറത്തെ കമ്പാര്‍ട്ട്മെന്റിന്റെ

വാതിലും ചാരി നിന്നു കൊണ്ട്‌

എന്നെ നോക്കുന്നു

കഴുത്തില്‍ ഞാന്‍ കൊടുത്ത മാലയുണ്ട്‌

എന്തൊ പറയാന്‍ വെമ്പുന്നുണ്ട്‌

പിന്നെ ഒന്നും പറയാതെ അവള്‍ കടന്നു പോയപ്പോഴാണ്‌

ഞാനറിയുന്നത്‌

ഞങ്ങള്‍ക്കിടയില്‍ താജ്‌മഹലിനേക്കാള്‍

മനോഹരമായതെന്തൊ നിശബ്ദമായി ഉയരുന്നത്‌

Saturday, July 19, 2008

വെളുത്ത ശ്യൂന്യത

ഇന്നാണ്‌ ഞാനത്‌ കണ്ടത്‌

കലണ്ടറിലെ പഴയ തിയതികളൊക്കെ

മാഞ്ഞുപോയിരിക്കുന്നു

പകരം കറുത്ത ചതുരക്കള്ളികളില്‍ നിന്നും

ഒരു വെളുത്ത ശ്യൂന്യത മാത്രം എന്നെ തുറിച്ചു നോക്കുന്നു

ഇതെന്ത്‌ മറിമായം എന്ന്‌ ഞാന്‍

മൂക്കത്ത്‌ വിരല്‍ വെച്ചു പോയ്‌ !

ഇത്ര നാളും ആ കറുത്ത ചതുരക്കള്ളികളില്‍

‍ഒതുങ്ങി നിന്ന്‌ മടുത്ത്‌ അവ ഇറങ്ങിപ്പോയൊ?

എന്തായാലും അപ്പോള്‍ മുതല്ക്കാണ്‌

കഴിഞ്ഞ കാല സംഭവങ്ങള്‍ക്ക്‌

ഒരു ക്രമം എനിക്ക്‌ നഷ്ടപ്പെട്ടത്‌

ഇന്നലെ നടന്നതും രണ്ടു മൂന്നു ദിവസം മുമ്പേ നടന്നതും

ഏതാദ്യം ഏതവസാനം എന്നൊരു കുഴമറി സംഭവിച്ചത്‌

ഇപ്പോള്‍ എന്റെ ഓര്‍മകളുടെ ഇടങ്ങളില്‍ വരെ

അത്‌ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്‌

തിരിഞ്ഞു നോക്കാന്‍ കൂടി പേടിയാണ്‌

അതെന്റെ പിന്നാലെ തന്നെയുണ്ട്‌

എന്റെ ഓരോ തിരിഞ്ഞു നോട്ടങ്ങളേയും മായ്ച്ച്‌

കുറച്ചു നേരത്തെ ഞാന്‍ കുടിച്ച

കട്ടന്‍ ചായ തന്ന ആശ്വാസത്തിന്റെ നിമിഷങ്ങളെ മായ്ച്ച്‌

എന്റെ ഓരോ ഇരുപ്പുകളേയും നില്‍പ്പുകളേയും മായ്ച്ച്‌

അതെന്റെ പിന്നാലെ തന്നെയുണ്ട്‌

ആ വെളുത്ത ശ്യൂന്യത

എന്റെ ഓരോ ചുവടുകളിലും

ഓരോ ശ്വാസങ്ങളിലും

എന്നെ പിന്തുടര്‍ന്ന്‌……….

Tuesday, July 15, 2008

നടത്തം


നടക്കുമ്പോള്‍ ഞാന്‍ പിന്നിലാണെന്ന്‌

മുന്നിലുള്ളവന്‍ വിചാരിക്കുന്നു

ഞാന്‍ മുന്നിലാണെന്ന്‌ പിന്നിലുള്ളവനും

നടന്ന്‌ നടന്ന്‌ മുന്നിലാവുകയൊ

പിന്നിലാവുകയൊ അല്ലാതെ

ഞാന്‍ എവിടെയും എത്തുന്നില്ല

ഇപ്പോള്‍ അതല്ല പ്രശ്നം

മുന്നിലുള്ളവന്‌ ഞാന്‍ പിന്നിലാണെന്നു പറയാനും

പിന്നിലുള്ളവനു ഞാന്‍ മുന്നിലാണെന്നു പറയാനും

അളവുകോലായ്‌ അവനവനെ തന്നെയെടുക്കാം

എനിക്കു ഞാന്‍ എവിടെയാണെന്നറിയുവാന്‍

‍ആരെയെടുക്കും?

മുന്നിലുള്ളവനേയൊ ? പിന്നിലുള്ളവനേയൊ ?

Monday, July 7, 2008

കടവാതില്‍


നിങ്ങള്‍ കണ്ടിട്ടുണ്ടാവും

അടഞ്ഞ മൌനങ്ങള്‍ കുടിയിരിക്കുന്ന

ഏകാന്തമായ ഇടങ്ങളില്‍ നിന്ന്‌

പെട്ടന്ന്‌ ചിറകടിച്ചുയരുന്ന

ഈ ഇരുണ്ട വാചാലതയെ

രാത്രിയിലെ തല പൊങ്ങൂ

ഇരുട്ടിലൂടെ തുഴഞ്ഞു നടക്കുമ്പോള്‍

‍അവ അറിയാറുണ്ട്‌

ഇരുട്ടില്‍ ആര്‍ക്കും ശരീരമില്ലെന്ന്‌

എല്ലാവരും കേവലം ആത്മാക്കളാണെന്ന്‌

ഒരു പക്ഷെ അവ കടന്നു പോകുന്ന മാധ്യമത്തിന്റെ

പ്രത്യേകത കൊണ്ടായിരിക്കാം

സ്വന്തം ശബ്ദങ്ങളിലല്ല

പ്രതിധ്വനികളിലാണ്‌ അവ വിശ്വസിക്കുന്നത്‌

ജീവിതം പോലും മരണത്തിന്റെ ഒരു പ്രതിധ്വനിയാണെന്ന്‌

അവ അനുഭവിക്കുന്നുണ്ട്‌

അതുകൊണ്ടായിരിക്കാം വെളിച്ചത്തിന്റെ ചില്ലകളില്‍

‍അവയെന്നും തല തിരിഞ്ഞ്‌ തൂങ്ങി കിടക്കുന്നത്‌

Friday, July 4, 2008

കാത്തിരിപ്പ്‌

ഈ ജനലിങ്ങനെ അന്തം വിട്ട്‌
നോക്കിയിരിക്കുന്നത്‌ ആരെയാണ്‌ ?
അതിനോടെന്നും കൈവീശി കാണിക്കാറുള്ള
തെങ്ങോല തലപ്പുകളെ
വടക്കെ പറമ്പില്‍ ഉണ്ണികളെയെപ്പോഴും
ഒക്കത്തു വച്ചു നില്ക്കുന്ന വരിക്ക പ്ലാവിനെ
അകലെയുള്ള കുന്നിന്‍ ചെരുവിലേക്ക്‌
എന്നും നടക്കാന്‍ പോവാറുള്ള ഒറ്റയടിപ്പാതയെ
രാമേട്ടന്‍ മണിയടിച്ചാല്‍ ഉണരുന്ന
കുഞ്ഞി കൌതുകങ്ങളുള്ള ആ സ്കൂളിനെ
അല്ല ഇവയെയൊന്നുമല്ല
ഇടയ്ക്ക്‌ കക്ഷത്ത്‌ എല്ലാവര്‍ക്കുമുള്ള
കത്തുകളുമായി വരാറുള്ള കാറ്റു പോലും
അതിനോടൊന്ന്‌ മിണ്ടുന്നത്‌ ഞാന്‍ കണ്ടിട്ടില്ല
പിന്നെ ഈ നട്ടുച്ചയ്ക്കും തളരാതെ
ഒന്ന്‌ ഇമ കൂടി അടക്കാതെ
ഇത്‌ ആരെയാണിങ്ങനെ നോക്കിയിരിക്കുന്നത്‌
വൈകുന്നേരം പകല്‍ പണി മാറ്റി പോവാന്‍ തുടങ്ങിയാലും
രാത്രി ഞാന്‍ വായിക്കുന്ന പുസ്തകത്തില്‍
‍ഉറക്കത്തിന്റെ അവ്യക്ത ഭാഷകള്‍‍
എന്തൊക്കയൊ തിരുത്തിയെഴുതാന്‍ തുടങ്ങിയാലും
കാത്തിരിപ്പിന്റെ മുനയാര്‍ന്നൊരു നിശബ്ദതയിലേക്ക്‌ തറഞ്ഞ്‌
അതങ്ങനെ തന്നെയിരിക്കുന്നുണ്ടാവും
ആ കാത്തിരിപ്പാണ്‌ എല്ലാമെല്ലാമെന്ന പോലെ
അതു കൂടിയില്ലെങ്കില്‍ മരിച്ചു പോവുമെന്ന പോലെ

Friday, June 20, 2008

അലങ്കാരച്ചെടികള്‍മണ്ണില്‍ അലഞ്ഞു നടക്കാന്‍ അനുവാദമില്ല

ചട്ടിയില്‍ ചിട്ടയോടെ വളരണം

ഒരു പൂമ്പാറ്റയും ഞങ്ങളോട്‌ അടുക്കാറില്ല

കളി പറഞ്ഞ്‌ ചിരിക്കാറില്ല

വീട്ടുകാരന്റെ പൊങ്ങച്ചങ്ങളെ വീര്‍പ്പിക്കാന്‍

വരുന്നവരോടും പോകുന്നവരോടും

മണമില്ലാത്ത ചിരി ചിരിക്കണം

എത്ര മോഹിച്ചാലും ഞങ്ങളുടെ

വളര്‍ച്ചകളൊക്കെ തോട്ടക്കാരന്റെ

കത്രിക തുമ്പു വരെയാണ്‌

ഉടലാകെ മുറിഞ്ഞ്‌

ജീവിക്കാന്‍ ഒരോ കോപ്രായവും കാട്ടി നില്ക്കുന്ന

ഞങ്ങളെ കണ്ടാല്‍

‍പറമ്പിലെ പുല്ലും ചിരിക്കും

Wednesday, June 18, 2008

അപകടം


എത്ര അരു ചേര്‍ന്നു നടന്നാലും

എത്ര ഇടം വലം നോക്കി മുറിച്ചു കടന്നാലും

വഴിയില്‍ നട്ടിയിട്ടുള്ള

പച്ചയും ചോപ്പുമായി മാറി മാറി

കത്തുന്ന കണ്ണുകളെ എത്ര നോക്കി പഠിച്ചാലും

കാര്യമൊന്നുമില്ല

ഒരിക്കല്‍ ഇതിലൂടെ ഇരെച്ചെത്തി വരുന്ന

എന്തോ ഒന്ന്‌

നമ്മളെ ഇടിച്ചു വീഴ്ത്തുക തന്നെ ചെയ്യും

Monday, June 16, 2008

ചട്ടിയും കലവും

എത്ര കര്‍ക്കിടകങ്ങള്‍ ഒരുമിച്ചനുഭവിച്ചു


എത്ര പഞ്ഞത്തരങ്ങള്‍ പങ്കിട്ടെടുത്തു


എത്ര വട്ടം നിരാശയുടെ കരിപിടിച്ചു


ഓലമേഞ്ഞ സ്വപ്നങ്ങള്‍ ചോര്‍ന്നൊലിച്ച


കണ്ണുനീരെത്ര കോരി നിറച്ചു


ആളുന്ന വിശപ്പിന്റെ അടുപ്പില്‍ എത്ര പുകഞ്ഞു


നമ്മളിലെ ദുഃഖത്തിന്റെ കരിക്കാടിയില്‍


‍കാളുന്ന വയറുകള്‍ ഒരിറ്റ്‌ വറ്റിന്‌ എത്ര തിരഞ്ഞിരിക്കുന്നു


എന്നിട്ടും നമ്മുടെ ഓര്‍മകളെല്ലാം ഉടച്ചു കളഞ്ഞല്ലടൊ?


മണ്ണിന്റെ ഈ നിശബ്ദതയില്‍ കിടക്കുമ്പോഴും


എന്തൊ വല്ലാത്തൊരു മോഹം


പണ്ടത്തെ മാതിരി തട്ടീം മുട്ട്യൊക്കങ്ങനെ ഇരിക്കാന്‍

Thursday, June 12, 2008

എലി

കൌതകമിങ്ങനെ കണ്‍ മിഴിച്ചു നോക്കുന്നത്‌
കുസൃതികളിങ്ങനെ ചുണ്ടു കൂര്‍പ്പിക്കുന്നത്‌
വിശപ്പിങ്ങനെ കരണ്ടു കരണ്ട്‌ തിന്നുന്നത്‌
ഒരു പൊറുതി കേടിങ്ങനെ പാഞ്ഞു നടക്കുന്നത്‌
ഒടുക്കം മരണം
ജീവിതത്തെയിങ്ങനെ വാലിന്മേല്‍ തൂക്കി
ചുഴറ്റിയൊരേറു കൊടുക്കുന്നത്‌
ഞാന്‍ നിന്നില്‍ മാത്രമേ കണ്ടിട്ടുള്ളൂ
എന്റെ എലിയേ...........

പരസ്യം പതിക്കരുത്‌


പരസ്യം പതിക്കരുത്‌

ഞാന്‍ നിന്റേതാണെന്നും

നീയെന്റേതാണെന്നും

ഞാനെവിടെപ്പോയാലും

നീയൊപ്പമുണ്ടാകുമെന്നും

ഒരിക്കലും പിരിയില്ലെന്നും

ഒടുക്കം ഒന്നാകുമെന്നും

എല്ലാം അവസാനിക്കുമ്പോള്‍

‍പായലു പിടിച്ച ഒരു

നിശബ്ദത മാത്രം പറയട്ടെ

നാം സ്നേഹിച്ചിരുന്നുവെന്ന്‌

Wednesday, June 11, 2008

പേന കടലാസിനോട്‌

പ്രിയമുള്ളവളെ,
ഞാന്‍ കോരിക്കുടിച്ച
ദുഃഖത്തിന്റെ രാത്രികളെ മുഴുവന്‍
നിന്റെ വെളുപ്പില്‍ കറുത്ത അക്ഷരങ്ങളാക്കുന്നു
എന്നിട്ടും എല്ലാ ജന്മങളിലും
നീയെനിക്കു വേണ്ടി മാത്രം കാത്തു കിടക്കുന്നു

Tuesday, June 10, 2008

ചൂണ്ടയിടല്‍

എത്ര നേരമായീ ഇങ്ങനെ ഇരിക്കുന്നു
ആ പൊങ്ങ്‌ ഒന്ന്‌ അനങ്ങുന്നത്‌ കൂടിയില്ലല്ലൊ
കോര്‍ത്തിട്ട ഇര പോരുന്നുണ്ടൊ?
എന്നെ പറ്റിക്കാന്‍ നോക്കണ്ട
ഞാനറിയുന്നുണ്ട്‌ ഇതിനടിയില്‍
‍ഇതിന്റെ ഏകതാനതയെ മുറിച്ചു നീന്തുന്ന
നിന്റെ ചലനങ്ങളെ
വാക്കുകളുടെ വഴുവഴുപ്പുള്ള നിന്റെ പുളച്ചിലുകളെ
ഉറക്കത്തിലും കണ്ണു തുറന്നിരിക്കുന്ന
നിന്റെ സ്വപ്നങ്ങളെ
ചെകിളകള്‍ ശ്വസിക്കുന്ന സത്യങ്ങളെ
ദുഃഖത്തിന്റെ ചെതുമ്പലുകളെ
കവിതേ, നിനക്കു വേണ്ടി
എത്ര നാള്‍ വേണമെങ്കിലും
ഞാനിങ്ങനെയിരിക്കും
നീയെവിടെ പോകാനാണ്‌?
ഒടുക്കം നീയിവിടേക്കു തന്നെ വരും
ഒറ്റ കൊത്തിന്റെയീ കാത്തിരിപ്പിലേക്ക്‌

Friday, June 6, 2008

റോഡുകള്‍


എത്ര കേറി നിരങ്ങിയാലും

എത്ര ചവിട്ടി മെതിച്ചാലും

എത്ര കാറി തുപ്പിയാലും

അവയ്ക്ക്‌ മനസിലാവില്ല

എത്ര ചവറു തിന്നാലും

എത്ര കരിപ്പുക ശ്വസിച്ചാലും

അവ ഒരു വിപ്ളവവും നയിക്കില്ല

അവയ്ക്ക്‌ മുകളിലൂടെ കടന്നു പോകുന്ന

പ്രതിഷേധ ജാഥകള്‍ക്കും

അവകാശവാദങള്‍ക്കും

കീഴെ ഇങ്ങനെ അന്തം വിട്ട്‌

കിടക്കുകയല്ലാതെ...................

Wednesday, June 4, 2008

മിണ്ടാമിണ്ടിക്കായ

ശ്‌......മിണ്ടാതെ.....
ശബ്ദങ്ങളതിനു കയ്പ്പാണ്‌
മെല്ലെ വേണം
വേറാരോടും പറയരുത്‌
വേലി പോലും അറിയരുത്‌
മുള്ളുകള്‍ക്കിടയിലെ
ചുവന്ന ലജ്ജയാണത്
നിശബ്ദതയ്ക്ക് അതെപ്പോഴും
എടുത്തു വച്ചിട്ടുണ്ട്‌
വല്ലാത്തൊരു മധുരം

Monday, June 2, 2008

ജനവാതിലുകള്‍

പണ്ട്‌ നമ്മള്‍ ഒരുമിച്ചായിരിന്നു
നമുക്കൊരേ കാഴ്ചയായിരുന്നു
ഒരൊറ്റ സ്നേഹത്തിലേക്ക്‌ കൊളുത്തപ്പെട്ട്‌
നമ്മൊളൊരിക്കലും പിരിയില്ലെന്ന്‌ വിശ്വസിച്ചു
പക്ഷെ നമ്മള്‍ അറിഞ്ഞിരുന്നില്ല
മറ്റാരുടെയൊക്കയൊ കാഴ്ചകളെ
നമ്മള്‍ മറച്ചിരുന്നുവെന്ന്‌
ഇപ്പോള്‍ രണ്ടറ്റങ്ങളിലേക്കായി
അകറ്റപ്പെട്ടിരിക്കുന്നു
നമുക്കിടയിലെ ദൂരങ്ങളിലൂടെ
മറ്റാരുടെയൊക്കയോ കാഴ്ചകള്‍..................

Monday, May 26, 2008

അചേതനത

ഇരുന്ന്‌ ഇരുന്ന്‌ മടുത്ത കസേര
മേശയോട്‌ പരാതി പറഞ്ഞു
ഒന്നു നില്‍ക്കാന്‍ കഴിഞ്ഞെങ്കില്‍
നിന്ന്‌ നിന്ന്‌ മടുത്ത മേശ
തിരിച്ചു പരാതി പറഞ്ഞു
ഒന്നിരിക്കാന്‍ കഴിഞ്ഞെങ്കില്‍
‍പറഞ്ഞു പറഞ്ഞു മടുത്ത്‌ രണ്ടുപേരും
പരസ്പരം വച്ചു മറാന്‍ കഴിയാത്ത
നിയോഗങ്ങളുടെ അചേതനതയില്‍ നിശബ്ദരായി

Saturday, May 24, 2008

അമ്മ

ഞാന്‍ നിന്നെ പൊതിയുന്ന
കനമില്ലാത്തൊരൊറ്റ തോടിന്‍ ചൂട്‌
നീ എന്റെ അകങ്ങളെ നനച്ച്‌
എന്നില്‍ ഉറങ്ങുന്ന
കൊച്ചു സ്വപ്നങ്ങളുടെ
മഞ്ഞ സൂര്യന്‍
‍എനിക്കറിയാം നാളെ
നീയീ തോട്‌ കൊത്തി പൊട്ടിച്ച്‌
ഈ വിശാലതയിലേക്ക്‌ നടന്നു പോകും.....

Friday, May 23, 2008

വാക്കുകളുടെ കുമിളകള്‍

എന്റെ ഓരോ വാക്കിലും ഒരു നിശബ്ദത

ഓരോ വാക്കും ഒരു കുമിള

ഞാന്‍ വാക്കുകളുടെ കുമിളകളെ ഊതി പറപ്പിച്ച്‌

അതില്‍ അത്ഭുതം കൂറുന്ന ഒരു കുട്ടി

അവ കാറ്റില്‍ എനിക്കു ചുറ്റും നിശബ്ദം നീങ്ങുന്നു

നിമിഷത്തിന്റെ ഓരോ വിരാമങ്ങളില്‍ നിന്നും

പുതിയവ ജന്‌മം തേടി പറക്കുന്നു

എനിക്കു ചുറ്റും വീണു പരന്ന ഏകാന്തതയ്ക്ക്‌ മുകളില്‍

സ്നേഹത്തിന്റെ ലാഘവത്വമിയന്ന

ഒരു ലോകത്തെ കണ്ടെത്തുന്നു

ഉടലിന്റെ നേര്‍മയില്‍ വെളിച്ചത്തിന്റെ

മഴവില്‍ സ്പര്‍ശങ്ങളെ അനുഭവിക്കുന്നു

വഴികളെ മറന്ന്‌, ഒന്നുമേ തേടാനറിയാതെ

കാലത്തിന്റെ ഒരു കൊച്ചിടത്തിലേക്ക്‌ ഒതുങ്ങുന്നു

പിന്നെ എപ്പോഴോ ആരോടും പറയാതെ

സ്വന്തം നിശബ്ദതയിലേക്ക്‌ ഉടഞ്ഞു തകരുന്നു

Thursday, May 22, 2008

പുറത്തിറങ്ങല്‍

അകത്തിരുട്ടാണ്‌ പുറത്തിറങ്ങാമെന്ന്‌ വച്ചു

അല്ലെങ്കില്‍ തന്നെ എത്ര നേരമാണെന്നു വച്ചാ

ഇതിനകത്തടച്ചിരിക്കുക

പോരാത്തതിന്‌ എത്ര തല്ലി പുറത്താക്കിയാലും

കൂനി കൂടിയിരിപ്പാണ്‌ മൂലക്ക്‌ വേദന

എത്ര ഒഴിഞ്ഞു നടന്നാലും പെട്ടു പോകും

ചിന്തകളുടെ മാറാലയില്‍

ചുമരിളുമ്പുകളില്‍ അരിച്ച്‌ നടപ്പുണ്ട്‌ ഓര്‍മകള്‍

ചോരയൂറ്റും

അകം നിറയെ എടുത്തു വച്ച സ്വകാര്യങ്ങളുടെ

മുഷിഞ്ഞ ഗന്ധമാണ്‌

പുറത്തിറങ്ങി നടന്നപ്പോള്‍

മുറിയുന്ന പകച്ച നോട്ടങ്ങളാണ്‌

പുറംകാഴ്ചകള്‍ക്ക്‌

ആല്‍ത്തറയില്‍ അര്‍ഥമില്ലാത്ത

ചിരി പടരുന്നുണ്ട്‌

അങ്ങാടിയില്‍ വാക്കുകള്‍ക്ക്‌

മീന്‍ ചൂരടിക്കുന്നു

അതിര്‍ത്തികള്‍ മുള്ളാല്‍ മുറിയുന്നുണ്ട്‌

കൂട്ടുകളില്‍ ചേക്ക കിട്ടാതെ

തളര്‍ന്ന്‌ തിരികെ ചെന്നപ്പോള്‍

‍വെറുതെയൊന്ന്‌ നോക്കുക മാത്രം ചെയ്തു

പഴയ മൌനം

Monday, May 19, 2008

മറവി

മുള്ളൂര്‍ക്കരയില്‍ നിന്നാണ്‌ അയാള്‍ കയറിയത്‌
മണ്ണിലേക്ക്‌ വളഞ്ഞു തുടങ്ങിയ മുതുകിനെ
വടി താങ്ങി നിര്‍ത്തിയിരുന്നു
കണ്ണുകളില്‍ പഴയ കാഴ്ചകള്‍
‍പീള കെട്ടിയിരുന്നു
അയയിലിട്ട അലക്കി ചുളിഞ്ഞ തുണി പോലെ
തൊലി തൂങ്ങി കിടന്നിരുന്നു
എന്നരികത്താണ്‌ വന്നിരുന്നത്‌
‌കുറച്ചു കഴിഞ്ഞപ്പോള്‍ സമയം എത്രയാണെന്നും
എവിടേക്കാണെന്നും അന്വേഷിച്ചു
തിരിച്ചു ചോദിച്ചപ്പോള്‍
മുളകുന്നത്തുക്കാവില്‍ മോളുടെ വീട്ടിലെക്കാണെന്ന്‌ നിശബ്ദമായി
ഇപ്പോള്‍ ആര്‍ക്കും സമയമില്ലെന്ന്‌ ചുമച്ചു
കാല്മടമ്പിലെ വേദന ഇച്ചിരി കൂടതിലാണെന്ന്‌
വെറുതെ ഓര്‍മിച്ചു
പിന്നെ മോളുടെ കുട്ടി ഒരു കുറുമ്പന്‍ കാത്തിരിക്കുമെന്ന്‌
കണ്ണിറുക്കി കാട്ടി
കഥ പറയാതെ ഉറങ്ങാറില്ലെന്ന്‌
പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു
സഞ്ചിയില്‍ ആ കൊതിയനുള്ള
അച്ചപ്പവും കുഴലപ്പവുമൊക്കെയാണെന്ന്‌ തെളിഞ്ഞു
പിന്നെയെപ്പഴോ മൌനം പൂണ്ടു
കുറച്ചു കഴിഞ്ഞു നോക്കിയപ്പോള്‍ ഉറക്കമാണ്‌
മുളകുന്നത്തുകാവിലെത്താറയപ്പോള്‍ വിളിച്ചു
ഉണര്‍ന്നില്ല
മറവി കൊണ്ടാകാം അയാള്‍ അതിനു മുന്‍പെവിടെയൊ
ഇറങ്ങിപോയിരുന്നു

Friday, May 16, 2008

നന്ദി

ഒരു മഞ്ചാടി കുരുവിന്‌
കുറ്റിപ്പെന്‍സിലിന്‌
വെള്ളത്തണ്ടിന്‌
ഇണങ്ങിയതിന്‌
പിണങ്ങിയതിന്‌
കാത്തിരിപ്പിനാല്‍ എന്റെ ദൂരങ്ങളെ അളന്നതിന്‌
ഒടുവിലൊരു തുള്ളി കണ്ണീരായ്‌ മടങ്ങിയതിന്‌
ഇപ്പൊഴും ഒരോര്‍മ്മയായ്‌ വിങ്ങുന്നതിന്‌

Tuesday, May 13, 2008

ഒറ്റ വാക്ക്‌ മാത്രമുള്ള പാട്ട്‌

അത്‌ ഒറ്റ വാക്ക്‌ മാത്രമുള്ള പാട്ടാണ്‌
ചില്ലു പോലെ കൂര്‍ത്ത
അരം പോലെ ഒരമുള്ള
രാത്രിയുടെ മാംസത്തില്‍ ആഴ്ന്നിറങ്ങുന്ന
ഇരുതല മൂര്‍ച്ചയുള്ള വാളു പോലെ
ഒറ്റ വാക്ക്‌ മാത്രമുള്ള പാട്ട്‌
ഒറ്റയാന്റെ തിളച്ചു മറയുന്ന കോപം പോലെ
ഒറ്റ ഞരമ്പ്‌ പൊട്ടിയൊഴുകുന്ന ചോര പോലെ
ഏറ്റമേകാന്തവും ശുന്യവുമായരൊറ്റ നിലവിളി പോലെ
ഒറ്റ വേഗവും ഒരേ നേര്‍ രേഖയുമുള്ള
ഒറ്റ വാക്ക്‌ മാത്രമുള്ള പാട്ട്‌
എന്നും നാമമെത്തിച്ചു കഴിഞ്ഞാല്‍, ഇരുട്ടില്‍
വടക്കെപ്പുറത്തെ തിണ്ണയില്‍
ഒറ്റക്കു വന്നിരിക്കുന്നതിതിനു വേണ്ടി മാത്രമാണ്‌
ലോകത്ത്‌ ചീവിടിനു മാത്രം പാടാന്‍ കഴിവുള്ള
ഈ ഒറ്റ വാക്കുള്ള പാട്ടിനു വേണ്ടി മാത്രം